ആകെയുള്ള സ്ഥലം വിറ്റ് മകളുടെ വിവാഹത്തിന് വാങ്ങിയ സ്വർണം മോഷണം പോയി
text_fieldsമുട്ടിൽ: ആകെയുണ്ടായിരുന്ന പത്തുസെന്റ് സ്ഥലംവിറ്റ് മകളുടെ വിവാഹത്തിനായി വാങ്ങിവെച്ച സ്വർണാഭരണങ്ങൾ മോഷണം പോയി. കൽപറ്റ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മുട്ടിൽ മാണ്ടാടിലെ വലിയ പീടിയേക്കൽ പാത്തുമ്മയുടെ വീട്ടിലാണ് മോഷണം നടന്നത്. പത്തു പവനോളം സ്വര്‍ണാഭരണങ്ങളാണ് കവർന്നത്.
ഈ മാസം 25ന് നടക്കുന്ന മകൾ സാജിതയുടെ വിവാഹത്തിനായി വീട്ടിൽ സൂക്ഷിച്ച സ്വര്‍ണാഭരണങ്ങളാണ് നഷ്ടമായത്. കുടുംബത്തിനുണ്ടായിരുന്ന 10 സെൻറ് വരുന്ന ഭൂമി വിൽപന നടത്തിയാണ് വിവാഹത്തിന് പത്തു പവനോളം സ്വർണം വാങ്ങിയത്.
വ്യാഴാഴ്ച അർധരാത്രിക്കുശേഷം വാതിലിൽ ശബ്ദം കേട്ട് വീട്ടുകാർ ഉണരുകയായിരുന്നു. കിടപ്പുമുറിയിലെ അലമാര തുറന്നു കിടന്നിരുന്നു. പരിശോധിച്ചപ്പോഴാണ് മോഷണം വിവരം അറിയുന്നത്. കൽപറ്റ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല.
സംഭവ സമയത്ത് പാത്തുമ്മയും മകൾ സാജിതയും മൂത്ത മകളുടെ മകളും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. വീട്ടിലെ അടുക്കളയുടെ ഭാഗത്തുള്ള ഓട് മാറ്റിയാണ് വീടിനുള്ളിൽ കയറിയതെന്നാണ് പ്രാഥമിക നിഗമനം. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തി. സമീപത്തെ സി.സി.ടി.വി ക്യാമറകൾ പരിശോധിക്കുന്നുണ്ട്. പ്രതിയെ പിടികൂടാൻ അന്വേഷണം ഊർജിതമാക്കിയതായി കൽപറ്റ പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.