തിരുവനന്തപുരം രാജീവ്ഗാന്ധി സെൻറർ ഫോർ ബയോടെക്നോളജിയിലെ പുതിയ കാമ്പസിന് ഗോൾവാൾക്കറുടെ പേര്
text_fieldsതിരുവനന്തപുരം: രാജീവ്ഗാന്ധി സെൻറർ ഫോർ ബയോടെക്നോളജിയിലെ പുതിയ കാമ്പസിന് ആർ.എസ്.എസ് സൈദ്ധാന്തികൻ ഗോൾവാൾക്കറുടെ പേരിട്ടതിനെതിരെ വ്യാപക പ്രതിഷേധം. കഴിഞ്ഞദിവസം സെൻററുമായി ബന്ധപ്പെട്ട് നടന്ന വെബിനാറിൽ കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഹർഷ വർദ്ധനാണ് നാമകരണം പ്രഖ്യാപിച്ചത്. ശ്രീ ഗുരുജി മാധവ സദാശിവ ഗോൾവാൾക്കർ നാഷനൽ സെൻറർ ഫോർ കോംപ്ലക്സ് ഡിസീസ് കാൻസർ ആൻഡ് വൈറൽ ഇൻഫെക്ഷൻ എന്നാകും പേര്.
യാതൊരുവിധ മുന്നറിയിപ്പുമില്ലാതെയാണ് ഇതിൻെറ പേര് മന്ത്രി പ്രഖ്യാപിച്ചത്. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പേരിലുള്ള സ്ഥാപനത്തിൻെറ ഭാഗമായുള്ള കാമ്പസിന് ആർ.എസ്.എസ് നേതാവിൻെറ പേരിടുന്നത് വിമർശനത്തിനിടയാക്കിയിട്ടുണ്ട്. രാജ്യത്തെ ബയോടെക്നോളജി മേഖലയിലെ ഗവേഷണങ്ങളുടെ പ്രധാന കേന്ദ്രം കൂടിയാണിത്.
ആർ.എസ്.എസ് നേതാവിൻെറ പേര് നൽകിയത് അംഗീകരിക്കാനാവില്ലെന്ന് ശബരിനാഥ് എം.എൽ.എ പറഞ്ഞു. ബയോടെക്നോളജി മേഖലയിലെ ശാസ്ത്രജ്ഞരുടെ പേരാണ് നൽകേണ്ടിയിരുന്നത്. ബി.ജെ.പിയും ആർ.എസ്.എസും മറ്റു സംസ്ഥാനങ്ങളിൽ ചെയ്യുന്നത് കേരളത്തിലും നടപ്പാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
തിരുവനന്തപുരം ജഗതിയിലാണ് രാജീവ്ഗാന്ധി സെൻറർ ഫോർ ബയോടെക്നോളജി സ്ഥിതിചെയ്യുന്നത്. 1990ൽ സെൻറർ ഫോർ ഡെവലപ്മെൻറ് ഓഫ് എജുക്കേഷൻ, സയൻസ് ആൻഡ് ടെക്നോളജി എന്ന പേരിൽ ചാരിറ്റബിൾ സൊസൈറ്റിയായാണ് ഇതിൻെറ പ്രവർത്തനം ആരംഭിച്ചത്.
1991ൽ സംസ്ഥാന സർക്കാറിൻെറ ഗ്രാൻറ് ഇൻ എയ്ഡ് സ്ഥാപനമായി രാജീവ്ഗാന്ധി സെൻറർ ഫോർ ഡെവലപ്മെൻറ് ഓഫ് എജുക്കേഷൻ, സയൻസ് ആൻഡ് ടെക്നോളജി എന്ന് പുനർനാമകരണം ചെയ്തു. 1994 ഏപ്രിൽ 18ന് സംസ്ഥാന സർക്കാർ സമഗ്ര ബയോടെക്നോളജി സെൻററായി പുനഃസംഘടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.