ഗോമതിയുടെ രാജി: ആശയ വിനിമയത്തിന് പോലും ശ്രമിക്കാതെ ഏകപക്ഷീയ ആക്ഷേപങ്ങൾ ഉന്നയിക്കുന്നു -വിമൻ ജസ്റ്റിസ്
text_fieldsതിരുവനന്തപുരം: വ്യക്തിഗതമായി പ്രവർത്തിച്ച് വന്നിരുന്ന ജി. ഗോമതിക്ക് സംഘടനയുടെ കൂട്ടായ പ്രവർത്തന രീതിയോട് യോജിച്ച് പോകാൻ കഴിയാതെ വരുന്നതിലുള്ള ആശയക്കുഴപ്പങ്ങളുടെ ഉത്തരവാദിത്വം വിമൻ ജസ്റ്റിസിലേക്ക് ചേർക്കുവാനാണ് ശ്രമിക്കുന്നെതന്ന് സംസ്ഥാന കമ്മിറ്റി. ഇത് തികച്ചും നിർഭാഗ്യകരമാണ്. ആശയ വിനിമയത്തിന് പോലും ശ്രമിക്കാതെ ഏകപക്ഷീയമായി ആക്ഷേപങ്ങൾ ഉന്നയിക്കുകയാണ് അവരെന്നും വിമൻ ജസ്റ്റിസ് സംസ്ഥാന കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു.
പ്രസ്താവനയുടെ പൂർണരൂപം:
വിമൻ ജസ്റ്റിസ് സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന ജി. ഗോമതി വെൽഫെയർ പാർട്ടി പ്രാഥമികാംഗത്വം രാജിവെച്ചതുമായി ബന്ധപ്പെട്ട് നൽകിയ വിശദീകരണത്തിൽ വിമൻ ജസ്റ്റിസ് മൂവ്മെന്‍റിനെ സംഘടനാപരമായി ഇകഴ്ത്തുന്നതും തെറ്റിദ്ധാരണ പരത്തുന്നതുമായ ചില പരാമർശങ്ങൾ നടത്തുകയുണ്ടായി. ഇത്തരം പരസ്യ പ്രതികരണങ്ങൾ നടത്തും മുമ്പ് സംഘടനാ നേതൃത്വത്തിനോ സഹപ്രവർത്തകർക്കോ ഏതെങ്കിലും തരത്തിലുള്ള അറിയിപ്പോ കത്തോ അവർ നൽകിയിട്ടില്ല. ഒരു ആശയ വിനിമയത്തിന് പോലും ശ്രമിക്കാതെ ഏകപക്ഷീയമായി ആക്ഷേപങ്ങൾ ഉന്നയിക്കാനാണ് അവർ ശ്രമിച്ചത്.
കേരളം ശ്രദ്ധിച്ച വനിതാ മുന്നേറ്റമായിരുന്ന പെമ്പിള ഒരുമയുടെ നേതാക്കളിൽ ഒരാളായ ഗോമതിയുടെ വിമൻ ജസ്റ്റിസിലേക്കുള്ള പ്രവേശനത്തെ സംഘടന വളരെ സന്തോഷത്തോടെയാണ് കണ്ടത്. അതിന്‍റെ ഭാഗമായാണ് സംസ്ഥാന കമ്മിറ്റി അംഗമായി അവരെ നോമിനേറ്റ് ചെയ്തതും സംഘടനാ പുനഃസംഘടനയിൽ അതേ പദവിയിലേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതും.
സംഘടനാ ഭാരവാഹികൾക്കും സമിതി അംഗങ്ങൾക്കും വ്യത്യസ്ഥ ചുമതലകൾ വീതിച്ച് നൽകി കൂട്ടായ പ്രവർത്തനത്തിലൂടെ മുന്നോട്ട് പോകുന്ന പ്രവർത്തന രീതിയാണ് വിമൻ ജസ്റ്റിസ് സ്വീകരിക്കുന്നത്. സംസ്ഥാന സമിതി അംഗങ്ങൾ അവരുൾപ്പെടുന്ന ജില്ലകളിലെ സ്ത്രീ പ്രശ്നങ്ങളിൽ ഇടപെടുകയും സംഘടനയുടെ പങ്കാളിത്തത്തോടെ അത്തരം കാര്യങ്ങളിൽ പരിഹാരം ഉണ്ടാക്കുകയുമാണ് ചെയ്യുന്നത്.
ഇതേ രീതിയുടെ ഭാഗമായി ഇടുക്കി ജില്ലയിലെ സംഘടനാ ഇടപെടലിന്‍റെ ചുമതല ശ്രീമതി ഗോമതിക്ക് നൽകുകയും ചെയ്തു. അതോടൊപ്പം ഒരു സമര നായികയെന്ന നിലക്ക് കേരളത്തിൽ എവിടെയും സമരങ്ങളിൽ പങ്കെടുക്കാനും അത്തരം സന്ദർഭങ്ങളിൽ വിമൻ ജസ്റ്റിസിന്‍റെ മേൽ വിലാസത്തിനപ്പുറം നിലകൊള്ളാനും അവരെ അനുവദിക്കുകയാണ് സംഘടന ചെയ്തത്. ഇക്കാര്യം ഏറ്റവും ഒടുവിൽ സംഘടനാ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽനിന്ന് അവർ പിന്മാറിയ സന്ദർഭത്തിൽ അവരോട് സംസാരിച്ച സംഘടനാ നേതൃത്വം വീണ്ടും വ്യക്തമാക്കിയതുമാണ്.
പുതിയ പ്രവർത്തന കാലത്ത് സ്വീകരിക്കേണ്ട നയങ്ങളും പ്രവർത്തന പരിപാടികളും രൂപപ്പെടുത്തുന്നതിലാണ് ഇപ്പോൾ സംസ്ഥാന സമിതി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. അതേസമയം അനുപമയുടെയും ദീപയുടെയും പോരാട്ടങ്ങളിലും അതുപോലെയുളള അനവധി ഇടപെടലുകളിലുമായി സംസ്ഥാനത്ത് സംഘടന സജീവമായി രംഗത്തുണ്ട്. ഇത്തരം സമരങ്ങളെല്ലാം അതാത് സ്ഥലങ്ങളിലെ പ്രവർത്തകരും നേതാക്കളുമാണ് നയിക്കുന്നത്.
വ്യക്തിഗതമായി പ്രവർത്തിച്ച് വന്നിരുന്ന ശ്രീമതി ഗോമതിക്ക് സംഘടനയുടെ കൂട്ടായ പ്രവർത്തന രീതിയോട് യോജിച്ച് പോകാൻ കഴിയാതെ വരുന്നതിലുള്ള ആശയക്കുഴപ്പങ്ങളുടെ ഉത്തരവാദിത്വം വിമൻ ജസ്റ്റിസിലേക്ക് ചേർക്കുവാനാണ് ഇപ്പോൾ അവർ ശ്രമിക്കുന്നത്. ഇത് തികച്ചും നിർഭാഗ്യകരമാണ്.
സംഘടനാ സ്ഥാനങ്ങൾക്കും പദവികൾക്കും പ്രശസ്തിക്കും അപ്പുറം സ്ത്രീ സമൂഹത്തിന്‍റെ നീതി എന്ന ആശയത്തിലാണ് വിമൻ ജസ്റ്റിസ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. സംഘടനാ പദവികളും ഉത്തരവാദിത്വങ്ങളും അതാത് സന്ദർഭങ്ങളിൽ ഏതുതരം പ്രവർത്തനങ്ങളിൽ പങ്ക് വഹിക്കണമെന്നതും കൂട്ടായി എടുക്കുന്ന തീരുമാനമാനങ്ങളിലൂടെയാണ് നിശ്ചയിക്കപ്പെടുന്നത്.
ഇത്തരം സംഘടനാ രീതികളോട് യോജിച്ചുപോകാൻ കഴിയാത്ത പരിമിതി വ്യക്തമാക്കി സംഘടനാ പ്രവർത്തനത്തിൽനിന്ന് പിൻമാറുന്നതിന് പകരം വിമൻ ജസ്റ്റിസിന് നേരെ അനാവശ്യ ആരോപണങ്ങൾ ഉന്നയിക്കുകയാണ് ഗോമതി ചെയ്യുന്നത്. ഇതിലൂടെ കഴിഞ്ഞ മൂന്ന് വർഷമായി കേരളത്തിലെ സ്ത്രീ സമൂഹത്തിന്‍റെ അവകാശ പോരാട്ടങ്ങളിൽ നിറസാന്നിദ്ധ്യമായി മാറിയ വിമൻ ജസ്റ്റിസിന് നേരെ സംശയാസ്പദ സാഹചര്യം സൃഷ്ടിക്കാനാണ് അവർ ശ്രമിക്കുന്നത്.
ഉണ്ടാകാത്ത കാര്യങ്ങൾ സ്വയം അനുമാനിച്ച് അപമാനിക്കപ്പെട്ടു എന്ന് സ്ഥാപിക്കാനും അതിലൂടെ സംഘടനാ നേതൃത്വത്തിനെ ആക്ഷേപിക്കാനും നടത്തുന്ന ഇത്തരം ശ്രമങ്ങളുടെ അവാസ്തവവും വിമൻ ജസ്റ്റിസിനും അതിന്‍റെ നേതാക്കൾക്കുമെതിരെ വൈര നിര്യാതന സമീപനം പുലർത്തുന്നവരുടെ ദുഷ്ട ശ്രമങ്ങളെയും കേരളീയ സമൂഹം തിരിച്ചറിയണം. സ്ത്രീ നീതിക്ക് വേണ്ടിയുള്ള വിമൻ ജസ്റ്റിസിന്‍റെ പരിശ്രമങ്ങൾക്ക് എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ തുടർന്നും ഉണ്ടാകണം.
ഉഷാകുമാരി
ജനറൽ സെക്രട്ടറി
വിമൻ ജസ്റ്റിസ് മൂവ്മെന്‍റ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.