നന്മയുടെയും തിന്മയുടെയും കലർപ്പ്
text_fieldsജാതിമത വ്യത്യാസമില്ലാതെ ഇന്ത്യയിൽ ജനിച്ചുവളർന്ന ഏതൊരാൾക്കും അഭിമാനപൂർവം വായിക്കാനും വ്യാഖ്യാനിക്കാനും പ്രചരിപ്പിക്കാനും ഉള്ള ഇതിഹാസ ഗ്രന്ഥമാണ് രാമായണം. സാധാരണ മനുഷ്യരുടെ ഹൃദയത്തെ ആഴത്തിൽ സ്പർശിക്കുന്ന ഒരു മൂലകഥ അതിനുണ്ട്. രാമൻ എന്ന രാജാവ്-ഭർത്താവ്, സീത എന്ന രാജ്ഞി-ഭാര്യ, അവർക്കിടയിൽ കടന്നുവരുന്ന രാവണനെന്ന വില്ലൻ. സ്വീകാരം, തിരസ്കാരം. ഭാര്യയെ വനത്തിൽ വലിച്ചെറിയുക, അതും ഗർഭിണിയായ ഭാര്യയെ വനത്തിൽ വലിച്ചെറിയുമ്പോൾ ഏതൊരാളുടെ മനസ്സിലും അഗാധമായ വികാരപാരവശ്യം ഉണ്ടാകാം. അതിെൻറ നീതിന്യായങ്ങളെ ചോദ്യംചെയ്യാത്ത കാലഘട്ടത്തിൽനിന്ന് ചോദ്യംചെയ്യുന്ന കാലഘട്ടത്തിലേക്കുള്ള സഞ്ചാരംകൂടിയാണ് രാമായണം.
നന്മയുടെയും തിന്മയുടെയും കലർപ്പ് രാമായണത്തിലുണ്ട്. തുടക്കം മുതലേ ബ്രാഹ്മണരാൽ വാർത്തെടുക്കപ്പെട്ട ഒരു രാജാവാണ് രാമൻ. ചാതുർവർണ്യത്തിലും സ്ത്രീപുരുഷ ബന്ധത്തിലും വർഗബന്ധത്തിലും ബ്രാഹ്മണ പുരുഷാധികാര രീതിയാണ് രാമനെ ഭരിച്ചിരുന്നത്. സീതയെ ത്യജിക്കുന്നതിെൻറയും ശംഭൂകനെ വധിക്കുന്നതിെൻറയും ബാലിയെ ഒളിയമ്പെയ്ത് കൊല്ലുന്നതിെൻറയും ഒക്കെ പിന്നിൽ പ്രവർത്തിക്കുന്നത് ബ്രാഹ്മണേച്ഛതന്നെയാണ്. ഒരു വ്യക്തിയെന്ന നിലയിൽ ഇതുമൂലം രാമനുണ്ടായ ആത്മസംഘർഷങ്ങളൊന്നും പരിശോധിക്കപ്പെടുന്നില്ല. കഥാവസാനം സരയൂവിലേക്കുള്ള ഏകാന്തയാത്രയിൽ അതിെൻറ നിഴലുകൾ വീണുകിടക്കുന്നുണ്ട്.
ശംഭൂകൻ, ബാലി, സീത ഇവരുടെ നേർക്കുണ്ടായ രാമെൻറ നീതീകരിക്കാൻ പറ്റാത്ത നടപടികൾ എല്ലാക്കാലത്തേയും സമൂഹം വിമർശിക്കുകയും ചോദ്യം ചെയ്യുകയും ആശ്വാസം കണ്ടെത്തുകയും ചെയ്യുന്നുണ്ട്. സമാശ്വാസം കണ്ടെത്തുന്നവർ ഈശ്വരെൻറ അവതാരമായ രാമെൻറ ലീലാവിലാസങ്ങളായിട്ടാണ് അതിനെ വിലയിരുത്തുന്നത്. അതിന് കഴിയാത്തവർ മാനുഷിക ദൗർബല്യങ്ങളോടു കൂടിയ രാമെൻറ പാകപ്പിഴകളായി അതിനെ വിലയിരുത്തുന്നു.
കേരളത്തിൽ മാപ്പിള രാമായണം, ആദിവാസി രാമായണം തുടങ്ങി വളരെ വ്യത്യസ്തങ്ങളായ രാമായണ കൃതികൾ നമുക്ക് കാണാൻ സാധിക്കും. അധ്യാത്മരാമായണം സാധാരണക്കാർക്ക് നിത്യപാരായണത്തിന് ഉദ്ദേശിക്കപ്പെട്ടിട്ടുള്ള ഭക്തികാലഘട്ടത്തിെൻറ ഉൽപന്നമാണ് എങ്കിൽ ആദിവാസി രാമായണവും മാപ്പിള രാമായണവും ആ കാലഘട്ടങ്ങളിൽ ജീവിച്ചിരുന്ന വ്യത്യസ്തങ്ങളായ ജാതി-മത വിഭാഗങ്ങളുടെ ചിന്തകളെ പ്രതിഫലിപ്പിക്കുന്നു. അന്നത്തെ കാലഘട്ടത്തിൽ മാപ്പിളരാമായണം പോലൊരു കൃതി വായിക്കുകയും ആസ്വദിക്കപ്പെടുകയും നിലനിൽക്കുകയും ചെയ്തു എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. ഇന്നായിരുന്നു എങ്കിൽ ആ കൃതി സമൂഹത്തിൽ എത്ര വലിയ കലാപത്തിനാണ് വഴിയൊരുക്കുക എന്ന് അദ്ഭുതത്തോടെ ഓർക്കേണ്ടിവരും. സീതയുടെ പക്ഷത്തുനിന്ന് വായിച്ചാലും ശൂർപ്പണഖയുടെ ഭാഗത്തുനിന്ന് വായിച്ചാലും രണ്ട് രാമായണങ്ങളാണുണ്ടാവുക. ഇതുതന്നെയാണ് രാമായണത്തിെൻറ വലിയ കാതൽ.
മലയാളിയുടെ മനസ്സ് കവർന്നത് അധ്യാത്മ രാമായണം എന്ന കൃതിയാണ്. വാല്മീകി രാമായണം ഉപജീവിച്ചുകൊണ്ട് ഭക്തിപ്രസ്ഥാനത്തിെൻറ ഭാഗമായി എഴുത്തച്ഛൻ എഴുതിയ ആധ്യാത്മ രാമായണം അതിസുന്ദരമായ ഒരു കാവ്യമാണ്. അതിെൻറ നിത്യപാരായണം മനഃസംസ്കരണത്തിനും ഭാഷാശുദ്ധിക്കും വികാരങ്ങളെ ഭദ്രമാക്കുന്നതിനും സഹായിക്കുന്നതാണ്. ഭക്തിമാർഗം വേണ്ടവർക്ക് ആ രീതിയിൽ വായിക്കാം. കാവ്യാനുഭൂതി ആസ്വദിക്കേണ്ടവർക്ക് ആ രീതിയിൽ വായിക്കാം. ഏത് രീതിയിലായാലും ശൂദ്രനായ എഴുത്തച്ഛൻ എഴുതിയ ആധ്യാത്മരാമായണം മലയാളി നെഞ്ചേറ്റിയിട്ടുള്ള പ്രിയപ്പെട്ട സാഹിത്യകൃതിയാണ്. ഭക്തികൃതി എന്നതിനപ്പുറത്ത് അതിെൻറ സാഹിത്യമൂല്യം വളരെ ഉയർന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.