'വിശ്വാസം' യു.ഡി.എഫിനെ രക്ഷിച്ചില്ല
text_fieldsകൊല്ലം: പലതരം 'വിശ്വാസ'ങ്ങളിലായിരുന്ന യു.ഡി.എഫിനെ അവയൊന്നും രക്ഷിച്ചില്ലെന്നു മാത്രമല്ല, അതെല്ലാം എതിരാളികൾക്ക് തുണയായതിെൻറ നേർക്കാഴ്ചയാണ് തെക്കൻ കേരളത്തിലെ നാല് ജില്ലകളിലെ തെരഞ്ഞെടുപ്പ് ഫലം നൽകുന്നത്. പ്രത്യക്ഷത്തിൽ എൽ.ഡി.എഫ് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ നിലവിലെ ആധിപത്യം തുടരുകയും പത്തനംതിട്ടയിൽ പുതിയതായി നേട്ടമുണ്ടാക്കുകയുമാണ് ചെയ്തത്.
എന്നാൽ, ശബരിമലയടക്കമുള്ള 'വിശ്വാസ' പ്രശ്നങ്ങൾ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലടക്കം ഏറെ ബാധിച്ച ഇൗ ജില്ലകളിൽ അവയൊന്നും തദ്ദേശതെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ഗുണം ചെയ്തില്ല. അതുപോലെ, ജോസ് കെ.മാണിയെ അവിശ്വസിച്ച് പി.ജെ. ജോസഫിനെ വിശ്വസിച്ചതാണ് പത്തനംതിട്ടയിൽ ജില്ല പഞ്ചായത്തടക്കം നഷ്ടപ്പെടാൻ ഇടയാക്കിയതും.
കോവിഡ് കാല പ്രവർത്തനവും കിറ്റ് വിതരണവും ക്ഷേമപെൻഷൻ വർധനയുമൊക്കെ നിസ്സാരമായി കണ്ടതും സർക്കാറിനെതിരെ ഉയർന്ന വിവാദങ്ങളിൽ അവ വിസ്മരിക്കപ്പെടുമെന്ന ചിന്തയും അസ്ഥാനത്തായി. ഇവയൊക്കെ എൽ.ഡി.എഫിന് സഹായകമായെങ്കിൽ ശബരിമലയുമായി ബന്ധപ്പെട്ട് യു.ഡി.എഫ് വിതച്ച വിശ്വാസം ബി.ജെ.പി കൊയ്തതിെൻറ പരിണതിയാണ് പത്തനംതിട്ട ജില്ലയിലെ പന്തളം നഗരസഭയിൽ ബി.ജെ.പിക്ക് ഒറ്റക്ക് ഭൂരിപക്ഷം നേടാനായതും ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരിൽ എൽ.ഡി.എഫ് ഒരു സീറ്റിൽ ഒതുങ്ങി ബി.ജെ.പി രണ്ടാം സ്ഥാനത്തെത്തിയതും.
മാവേലിക്കരയിൽ ബി.ജെ.പി ഒപ്പത്തിനൊപ്പം എത്തുകയും ചെയ്തു. തിരുവനന്തപുരത്ത് ബി.ജെ.പി ജയിക്കാതിരിക്കാൻ ജയസാധ്യതയുള്ള സ്ഥാനാർഥിക്ക് മുന്നണി നോക്കാതെ വോട്ടുചെയ്യാൻ ന്യൂനപക്ഷ സമുദായാംഗങ്ങൾ തയാറായതും വി.കെ. പ്രശാന്തിെൻറ നേതൃത്വത്തിൽ കോർപറേഷനിൽ ഉണ്ടാക്കിയെടുത്ത സ്വീകാര്യതയും എൽ.ഡി.എഫിെൻറ വിജയത്തിന് ഗുണകരമായി. കൊല്ലത്ത് ഗ്രാമപഞ്ചായത്തിൽ എൽ.ഡി.എഫിന് തിരിച്ചടി േനരിെട്ടങ്കിലും മറ്റിടങ്ങളിൽ ഇടതുവോട്ടുകൾ ചോരാതെ പിടിച്ചുനിർത്താൻ അവർക്കായി.
പിന്നാക്ക സമുദായങ്ങളെ സ്ഥാനാർഥി നിർണയത്തിൽ യു.ഡി.എഫ് അവഗണിച്ചെന്ന പ്രചാരണം സി.പി.എം വിരുദ്ധരായ സമുദായാംഗങ്ങളെ ബി.ജെ.പിക്ക് വോട്ടുചെയ്യാൻ പ്രേരിപ്പിച്ചെന്നും വെൽെഫയർ പാർട്ടിയെ മുൻനിർത്തി എൽ.ഡി.എഫ് ഉയർത്തിയ വിവാദങ്ങൾ കുറേയെങ്കിലും നിഷ്പക്ഷ ഹിന്ദു, ക്രൈസ്തവ വോട്ടുകൾ ഇടതുപക്ഷത്തിന് അനുകൂലമാക്കിയെന്നും വിലയിരുത്തലുണ്ട്. അതേസമയം, യു.ഡി.എഫിെൻറ, പ്രത്യേകിച്ച് കോൺഗ്രസിെൻറ സംഘടനാ സംവിധാനം പ്രസ്താവനകൾക്കും വാർത്ത സമ്മേളനങ്ങൾക്കുമപ്പുറം എത്രമാത്രം പ്രവർത്തിച്ചെന്ന ചോദ്യവും ഉയരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.