വീണുകിട്ടിയ 40 പവനും ഒരു ലക്ഷം രൂപയും തിരിച്ച് നൽകി മാതൃകയായി ബംഗാളി യുവാവ്
text_fieldsചങ്ങരംകുളം: ഇതര സംസ്ഥാന തൊഴിലാളികളെ ക്രിമിനലുകളും ലഹരിവാഹകരായും മാത്രം കാണുന്ന പൊതുബോധത്തെ തകര്‍ത്തെറിയുന്ന സംഭവമാണ് കഴിഞ്ഞദിവസം പൊന്നാനിയില്‍ നടന്നത്. എല്ലാ പ്രാരാബ്ധങ്ങള്‍ക്കിടയിലും നന്മ മാത്രം കൈമുതലാക്കിയ കൊല്‍ക്കത്തക്കാരനായ മുനീറുല്‍ ഇസ്ലാം എന്ന യുവാവാണ് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയിലെ താരമായത്. മുനീറുൽ ഇസ്ലാമിെൻറ നല്ല മനസ്സില്‍ ഉടമക്ക് തിരികെ കിട്ടിയത് നഷ്ടപ്പെട്ട 40 പവന് സ്വർണാഭരണവും ഒരു ലക്ഷം രൂപയും എ.ടി.എം കാര്‍ഡുകളുമാണ്.
അയിലക്കാട് ആളം ദ്വീപിലെ വീട്ടില്‍ നിര്‍മാണത്തൊഴിലിന് വന്നതായിരുന്നു മുനീറുല്‍ ഇസ്ലാം. ആളം പാലത്തിനടുത്തുനിന്ന് കിട്ടിയ ബാഗ് തുറന്ന് നോക്കിയപ്പോള്‍ കെട്ടുതാലിയും മാലയും വളയും മറ്റ് ആഭരണങ്ങളുമുള്‍പ്പെടെ 40 പവന് സ്വർണവും ഒരു ലക്ഷം രൂപയും. പിന്നെ വിവിധ ബാങ്കുകളുടെ കാര്‍ഡുകളും. അര്‍ഹിക്കാത്തത് ലഭിച്ചതിെൻറ ഞെട്ടല്‍ മാറാത്ത മുനീറുല്‍ ഇസ്ലാം ഉടന്‍ തെൻറ തൊഴിലുടമയായ കാഞ്ഞിരമുക്ക് സ്വദേശിയായ രാജനെ സാധനങ്ങളെല്ലാം ഏല്‍പ്പിച്ചു. തുടർന്ന്, ഉടമയെക്കുറിച്ച് അന്വേഷണം തുടങ്ങി. ഒടുവില്‍ ആളം ദ്വീപില്‍ തന്നെയുള്ള ഉടമയെ കണ്ടെത്തി. ഷഹല എന്ന യുവതിയുെടതായിരുന്നു ബാഗ്.
നഷ്ടപ്പെട്ട സ്വര്‍ണവും പണവുമോര്‍ത്ത് കരയുകയായിരുന്ന കുടുംബത്തിന് എല്ലാം തിരികെ കിട്ടിയെന്ന വാര്‍ത്ത വിവരിക്കാനാവാത്ത സന്തോഷമാണ് നല്‍കിയത്. മുനീറുൽ ഇസ്ലാമിെൻറ സാന്നിധ്യത്തില്‍തന്നെ നഷ്ടപ്പെട്ടതെല്ലാം ഉടമക്ക് തിരികെ നല്കി. നന്ദിസൂചകമായി നൽകിയ പണം നിരസിച്ചതോടെ ഒരു നാട് മുഴുവന്‍ ആ ഇതര സംസ്ഥാന തൊഴിലാളിയുടെ നല്ല മനസ്സിന് മുന്നില്‍ ശിരസ്സ് കുനിച്ചു. ആറ് വര്‍ഷമായി മുനീറുല്‍ ഇസ്ലാം തെൻറ രണ്ട് സഹോദരനുമൊത്ത് ബിയ്യത്താണ് താമസം. രണ്ട് കുട്ടികളും ഭാര്യയുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.