റോഡപകടം: രക്ഷകർക്ക് 5,000 രൂപ വീതം നൽകുന്ന പദ്ധതി നടപ്പാക്കാൻ സർക്കാർ നടപടി തുടങ്ങി
text_fieldsതൊടുപുഴ: റോഡപകടങ്ങളിൽ ഗുരുതര പരിക്കേൽക്കുന്നവരെ യഥാസമയം ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷിക്കുന്നവർക്ക് പാരിതോഷികം നൽകാൻ കേന്ദ്ര ഗതാഗത മന്ത്രാലയം ആവിഷ്കരിച്ച പദ്ധതി നടപ്പാക്കാൻ സംസ്ഥാന സർക്കാർ നടപടി തുടങ്ങി. ഇതിന്‍റെ ഭാഗമായി പദ്ധതി നടത്തിപ്പിനുള്ള ജില്ലതല അപ്രൈസൽ കമ്മിറ്റികൾ രൂപവത്കരിച്ച് റവന്യൂ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. റോഡപകടങ്ങളിൽപെടുന്നവർക്ക് അടിയന്തര സഹായമെത്തിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി.
നട്ടെല്ലിന് ക്ഷതം, തലച്ചോറിന് പരിക്ക്, വലിയ സർജറി വേണ്ടിവരുന്ന പരിക്ക്, മൂന്ന് ദിവസമെങ്കിലും ആശുപത്രിവാസം തുടങ്ങിയവക്ക് കാരണമാകുന്ന അപകടങ്ങളിൽപെടുന്നവരെ ഒരു മണിക്കൂറിനകം തൊട്ടടുത്ത ആശുപത്രിയിൽ എത്തിക്കുന്നവർക്ക് 5000 രൂപ പാരിതോഷികവും പ്രശസ്തിപത്രവും നൽകുന്നതാണ് പദ്ധതി. ഒരു അപകടത്തിൽപെട്ട ഒന്നിലധികം പേരെ ഒന്നിലധികം പേർ ചേർന്ന് രക്ഷപ്പെടുത്തിയാൽ രക്ഷപ്പെട്ടവരുടെ എണ്ണത്തിനനുസരിച്ച് ഓരോ രക്ഷാപ്രവർത്തകനും 5000 രൂപ വീതം നൽകും.
ഒരാൾക്ക് ഒരു വർഷം പരമാവധി അഞ്ച് തവണയാണ് പാരിതോഷികത്തിന് അർഹത. വിവിധ സംസ്ഥാനങ്ങളിൽ ഇങ്ങനെ പാരിതോഷികം നേടുന്നവരിൽനിന്ന് ഓരോ വർഷവും 10 പേരെ തെരഞ്ഞെടുത്ത് ഒരു ലക്ഷം രൂപ വീതം ദേശീയ പുരസ്കാരം നൽകാനും പദ്ധതിയുണ്ട്. ആദ്യം പൊലീസിനെയാണ് വിവരം അറിയിക്കുന്നതെങ്കിൽ ബന്ധപ്പെട്ട സ്റ്റേഷനിൽനിന്ന് വിശദ വിവരങ്ങളടങ്ങിയ രസീത് രക്ഷാപ്രവർത്തകനും അതിന്‍റെ പകർപ്പ് ജില്ലതല സമിതിക്കും അയക്കണം.
രക്ഷാപ്രവർത്തകൻ നേരിട്ട് ആശുപത്രിയിൽ എത്തിച്ചാൽ ആശുപത്രി അധികൃതർ വിവരങ്ങൾ പൊലീസിനെ അറിയിക്കുകയും സ്റ്റേഷനിൽനിന്ന് മേൽപറഞ്ഞ തുടർനടപടി സ്വീകരിക്കുകയും വേണം. കഴിഞ്ഞ ഒക്ടോബറിൽ രൂപം നൽകിയ പദ്ധതിയുടെ ഭാഗമായി മാർച്ചിൽ അഡീഷനൽ ചീഫ് സെക്രട്ടറി (ആഭ്യന്തരം) ചെയർമാനായി സംസ്ഥാനതല മോണിറ്ററിങ് സമിതി രൂപവത്കരിച്ചിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് ഇപ്പോൾ ജില്ലതല സമിതികൾ നിലവിൽ വരുന്നത്.
കലക്ടർ അധ്യക്ഷനായ സമിതിയിൽ ആർ.ടി.ഒ മെംബർ സെക്രട്ടറിയും ഡി.എം.ഒയും എസ്.പിയും അംഗങ്ങളുമാണ്. ആശുപത്രി അല്ലെങ്കിൽ പൊലീസ് വഴി ലഭിക്കുന്ന നിർദേശങ്ങൾ ജില്ലതല സമിതി പരിശോധിച്ച് അംഗീകാരം നൽകി ഗതാഗത കമീഷണർക്ക് അയക്കുകയും തുടർന്ന് അവിടെനിന്ന് തുക രക്ഷാപ്രവർത്തകന്‍റെ ബാങ്ക് അക്കൗണ്ടിലേക്ക് നൽകുകയുമാണ് ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.