സേവന മികവ്: ബാഡ്ജ് ഓഫ് ഓണര്‍ ഇനി എല്ലാ വിഭാഗം പൊലീസുകാര്‍ക്കും
text_fieldsതിരുവനന്തപുരം: കുറ്റാന്വേഷണ രംഗത്തെ മികവിന് പൊലീസ് സേനാംഗങ്ങള്‍ക്ക് നല്‍കിവരുന്ന ബാഡ്ജ് ഓഫ് ഓണര്‍ ഇനി മുതല്‍ സേനയിലെ മറ്റ് വിഭാഗങ്ങളില്‍ മികവ് പുലര്‍ത്തുന്നവര്‍ക്കും നല്‍കാന്‍ ഡി.ജി.പി ലോക്‌നാഥ് ബെഹറ ഉത്തരവിട്ടു. കുറ്റാന്വേഷണ രംഗത്തെ മികവിന് എല്ലാ അര്‍ധ വര്‍ഷത്തെയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് ഇതുവരെ ബാഡ്ജ് ഓഫ് ഓണര്‍ നല്‍കിയിരുന്നത്. ഒരു കലണ്ടര്‍ വര്‍ഷം മൊത്തത്തിലുള്ള പ്രവര്‍ത്തനം വിലയിരുത്തിയായിരിക്കും ഇനി മുതല്‍ ബാഡ്ജ് ഓഫ് ഓണര്‍ തീരുമാനിക്കുക.
കുറ്റാന്വേഷണത്തിനു പുറമേ ക്രമസമാധാനപാലനം, ട്രാഫിക് നിയന്ത്രണം, ഇന്‍റലിജന്‍സ് ശേഖരണം, പ്രത്യേക പദ്ധതികളുടെ നിര്‍വഹണം, കോസ്റ്റല്‍, റെയില്‍വേ പൊലീസിങ് പോലെ പ്രത്യേക പൊലീസ് പ്രവര്‍ത്തനങ്ങള്‍, ഫോട്ടോഗ്രഫി, ഫോറന്‍സിക്, ഫിംഗര്‍ പ്രിന്‍റിങ്, വിവരവിനിമയം തുടങ്ങിയ വ്യത്യസ്ത മേഖലകളിലുള്ള സേനാംഗങ്ങള്‍ക്ക് ഇത് നല്‍കും. റാങ്ക് വ്യത്യാസമില്ലാതെ പ്രവര്‍ത്തന മികവിന്‍റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്കായിരിക്കും ബഹുമതി മുദ്ര നല്‍കുക.
ആകെ 200 ബാഡ്ജ് ഓഫ് ഓണറുകളാണ് നല്‍കുന്നത്. ഇതില്‍ 100 എണ്ണം കുറ്റാന്വേഷണ മേഖലയിലെ ഉദ്യോഗസ്ഥര്‍ക്കാണ്. ഇന്‍റലിജന്‍സ് വിഭാഗത്തില്‍ 25 എണ്ണവും ട്രാഫിക് വിഭാഗത്തില്‍ 15 എണ്ണവും ട്രെയിനിങ്, ടെലികമ്യൂണിക്കേഷന്‍സ്, ആന്‍റി ഹ്യൂമന്‍ ട്രാഫിക്കിങ്, ക്രമസമാധാനപാലനം തുടങ്ങിയ വിഭാഗങ്ങളില്‍ 10 എണ്ണം വീതവും ജനമൈത്രി, സ്റ്റുഡന്‍റ് പൊലീസിങ്, സ്ത്രീസുരക്ഷ, ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍, സൈബര്‍ കുറ്റകൃത്യങ്ങളുടെ തടയല്‍ എന്നിവക്കെല്ലാമായി 10 എണ്ണവും വിവരവിനിമയം, ബോധവല്‍ക്കരണം, കോസ്റ്റല്‍ പൊലീസിങ്, റെയില്‍വേ പൊലീസിങ്, പില്‍ഗ്രം പൊലീസിങ്, ഫോട്ടോഗ്രഫി, ഫോറന്‍സിക് സയന്‍സ്, ഡോഗ് സ്‌ക്വാഡ് എന്നിവക്കെല്ലാമായി 10 എണ്ണവും നല്‍കുമെന്ന് ഡി.ജി.പിയുടെ ഉത്തരവിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.