നവകേരള സദസിലെ സു‘രക്ഷാപ്രവർത്തന’ത്തിന് പൊലീസിന് ഗുഡ് സർവീസ് എൻട്രി; വിമർശനം ശക്തം
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത നവകേരള സദസിന് സുരക്ഷയൊരുക്കിയ പൊലീസ് ഉദ്യോഗസ്ഥർക്ക് പ്രത്യേക സമ്മാനം പ്രഖ്യാപിച്ചു. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആർ. അജിത് കുമാറാണ് പ്രത്യേക സമ്മാനം പ്രഖ്യാപിച്ചത്. സിവിൽ പൊലീസ് ഓഫീസർ മുതൽ ഐ.ജി വരെയുള്ള ഉദ്യോഗസ്ഥർക്ക് പ്രകടനം വിലയിരുത്തി ഗുഡ് സർവീസ് എൻട്രി നൽകാനാണ് തീരുമാനം.
മികവുറ്റ കുറ്റാന്വേഷണം, അസാധാരണ സാഹചര്യങ്ങൾ കാര്യക്ഷമമായി നേരിടൽ എന്നിവക്കാണ് സാധാരണ പൊലീസിൽ ഗുഡ് സർവീസ് എൻട്രി നൽകുന്നത്. മണ്ഡല-മകരവിളക്ക് സീസൻ കഴിയുമ്പോൾ ശബരിമലയിൽ സേവനം ചെയ്ത പൊലീസ് ഉദ്യോഗസ്ഥർക്ക് ഗുഡ് സർവീസ് എൻട്രി നൽകാറുണ്ട്.
അതേസമയം, നവകേരള സദസിന് സുരക്ഷയൊരുക്കിയ പൊലീസ് ഉദ്യോഗസ്ഥർക്ക് പ്രത്യേക സമ്മാനം നൽകാനുള്ള തീരുമാനത്തിനെതിരെ വിമർശനവും ഉയരുന്നുണ്ട്. മർദക വീരന്മാരായ പൊലീസ് ഉദ്യോഗസ്ഥർക്ക് ഗുഡ് സർവീസ് എൻട്രി നൽകാനുള്ള തീരുമാനത്തെ ശക്തമായി എതിർക്കുമെന്ന് യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ പറഞ്ഞു. ഏറ്റവും കൂടുതൽ മർദിച്ച പൊലീസുകാർക്കാണ് ഗുഡ് സർവീസ് എൻട്രി നൽകുന്നത്. തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കും. യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകരെ മർദിച്ച പൊലീസുകാർ പെൻഷൻ വാങ്ങില്ലെന്നും അതിന് വേണ്ടത് ചെയ്യുമെന്നും എം.എം. ഹസൻ വ്യക്തമാക്കി.
കാസർകോട് നിന്ന് ആരംഭിച്ച നവകേരള സദസിന്‍റെ ഭാഗമായ ബസ് യാത്ര കണ്ണൂർ കല്യാശേരി മുതൽ സംഘർഷഭരിതമായിരുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും യാത്ര ചെയ്ത ബസ് കണ്ണൂർ ജില്ലയിൽ പ്രവേശിച്ചപ്പോൾ യൂത്ത് കോൺഗ്രസ്, കെ.എസ്.യു നേതാക്കളെ പൊലീസ് കരുതൽതടങ്കലിലാക്കിയിരുന്നു. ഇതിനെതിരെയാണ് പഴയങ്ങാടിയിൽ ആദ്യ പരസ്യ പ്രതിഷേധം യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകർ നടത്തിയത്.
പഴയങ്ങാടിയിൽ പ്രതിഷേധിച്ചവരെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ കമ്പിയും ചെടിച്ചട്ടിയും ഹെൽമറ്റും കൊണ്ട് മർദിച്ചു. ഡി.വൈ.എഫ്.ഐയുടെ ആക്രമണത്തെ 'രക്ഷാപ്രവർത്തനം' എന്നാണ് മുഖ്യമന്ത്രി വിശേഷിപ്പിച്ചത്. ഇതിൽ പ്രതിഷേധിച്ചാണ് യാത്ര തിരുവനന്തപുരത്ത് അവസാനിക്കും വരെ യൂത്ത് കോൺഗ്രസും കെ.എസ്.യുവും കരിങ്കൊടി പ്രതിഷേധം സംഘടിപ്പിച്ചത്.
കരിങ്കൊടി പ്രതിഷേധത്തെ തടയാനുള്ള പൊലീസ് ശ്രമത്തെ മറികടന്ന് മുഖ്യമന്ത്രിയുടെ ഗൺമാനും മറ്റ് സുരക്ഷാ സംഘാംഗങ്ങളും ആക്രമിക്കുന്ന സ്ഥിതിയുണ്ടായി. ഗൺമാനും സുരക്ഷാ സംഘാംഗങ്ങളും വയർലെസ് സെറ്റും ചൂരൽ ലാത്തിയും ഉപയോഗിച്ചാണ് ആക്രമിച്ചത്. ഇതിന് പുറമെ, നവകേരള സദസിന്‍റെ വളന്‍റീയർമാരായ ഡി.വൈ.എഫ്.ഐ പ്രവർത്തകരും മർദിക്കുകയുണ്ടായി.
മുഖ്യമന്ത്രിയുടെ ഗൺമാനും മറ്റ് സുരക്ഷാ സംഘാംഗങ്ങളും ഡി.വൈ.എഫ്.ഐ പ്രവർത്തകരും മർദിച്ചത് വലിയ വിമർശനത്തിന് വഴിവെക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.