നല്ല മുഹൂർത്തം വോട്ടിനും വിവാഹത്തിനും
text_fieldsമട്ടാഞ്ചേരി: വ്യാഴാഴ്ച കൊച്ചിയിൽ കല്യാണത്തിരക്കായിരുന്നു. കല്യാണദിനവും വോട്ടിങ് ദിനവും ഒന്നിച്ചു വന്നതോടെ കതിർമണ്ഡപത്തിൽനിന്ന് കന്നിവോട്ട് ചെയ്യാൻ ബൂത്തിലെത്തിയത് അഞ്ചുപേർ. ഫോർട്ട്കൊച്ചി സ്വദേശികളായ കൃഷ്ണാനന്ദ മല്യ, വിഷ്ണുപ്രിയ എന്നിവരുടെ വിവാഹം അമരാവതി ജനാർദന ഹാളിലായിരുന്നു.
വിവാഹ ചടങ്ങ് കഴിഞ്ഞതോടെ ഇരുവരും വിവാഹവേഷത്തിൽതന്നെ വോട്ടുചെയ്യാനെത്തി ഏഴാം ഡിവിഷൻ വോട്ടറായ വിഷ്ണുപ്രിയ ടി.ഡി ഹൈസ്കൂളിലും 28ാം ഡിവിഷൻ വോട്ടറായ കൃഷ്ണാനന്ദ മല്യ അമരാവതി സ്കൂളിലുമാണ് വോട്ട് ചെയ്തത്. ഇരുവരുടെയും കന്നിവോട്ടായിരുന്നു.
വൈറ്റില പൊന്നുരുന്നി മാവേലിയിൽ വീട്ടിൽ വിജയകുമാറിെൻറ മകൻ വിലാസിെൻറയും ഇടക്കൊച്ചി മഠത്തിപറമ്പിൽ സുകുമാരെൻറ മകൾ ആതിരയുടെയും വിവാഹ ചടങ്ങുകൾക്കുശേഷം കന്നിവോട്ട് ചെയ്യിക്കാൻ വിലാസ് ആതിരയെ ഇടക്കൊച്ചി അക്വിനാസ് കോളജിലെ രണ്ടാം നമ്പർ ബൂത്തിലേക്ക് കൊണ്ടുവന്നു.
എടത്വ പാണ്ടങ്കരി നാലുപറയിൽ ശശിയുടെ മകൻ പ്രവീണിെൻറയും കുമ്പളങ്ങി പുളിക്കൽ വീട്ടിൽ ധർമജെൻറ മകൾ ധന്യ ഡയസിെൻറയും വിവാഹം വധൂഗൃഹത്തിൽ നടന്നു. ചടങ്ങുകൾക്കുശേഷം പ്രവീൺ ധന്യയെ കുമ്പളങ്ങി ഔവർ ലേഡി ഓഫ് ഫാത്തിമ സ്കൂളിലെ പോളിങ് ബൂത്തിലെത്തിച്ച് ധന്യയുടെ കന്നിവോട്ട് ചെയ്യിച്ചു.
പറവൂർ പനിയാരിക്കൽ അമൽ നടരാജും പള്ളുരുത്തി അമ്പാടി പ്രദീപിെൻറ മകൾ സ്മിതയും തമ്മിെല വിവാഹം അഴകിയകാവ് ക്ഷേത്രത്തിലാണ് നടന്നത്. പള്ളുരുത്തി എസ്.ഡി.പി.വൈ സ്കൂളിൽ കൊണ്ടുവന്ന്സ്മിതയെ വോട്ടുചെയ്യിച്ച ശേഷം പറവൂരിലേക്ക് കല്യാണവീട്ടുകാർ തിരിച്ചു.
ആലങ്ങാട്: നീറിക്കോട് പുത്തൻവീട്ടിൽ ഹരിഹരൻ-ഗീത ദമ്പതികളുടെ മകൻ ആശീഷ് വധു പാർവതിക്കൊപ്പം എത്തി വോട്ട് ചെയ്തു. വൈക്കം ഉദയനാപുരം ഇത്തിപ്പുഴ വീട്ടിൽ അംബുജാക്ഷൻ-ബിന്ദു ദമ്പതികളുടെ മകൾ പാർവതിയും ആശിഷും വിവാഹ ശേഷം വരെൻറ വീട്ടിലേക്ക് വരുമ്പോഴാണ് വോട്ടുചെയ്യാൻ വൈകീട്ട് മൂേന്നാടെ നീറിക്കോട് ഗവ. എൽ.പി സ്കൂളിലെ രണ്ടാംനമ്പർ ബൂത്തിലെത്തിയത്.
വധു ഉദയാനാപുരം സ്കൂളിലെ ബൂത്തിൽ വോട്ടുചെയ്തു. തിരക്കില്ലാതിരുന്നതിനാൽ വരനും വീട്ടുകാരും ക്യൂ നിൽക്കാതെതന്നെ വോട്ടുചെയ്തു മടങ്ങി. ബൂത്തിലുണ്ടായിരുന്ന സ്ഥാനാർഥികൾ വധൂവരന്മാർക്ക് വിവാഹാശംസ നേർന്നു.
കളമശ്ശേരി: താലികെട്ടിന് പിന്നാലെ വധുവും ബന്ധുക്കളും വരനൊപ്പം ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി. ഏലൂർ നോർത്തിൽ ചുള്ളി ചാലവീട്ടിൽ ധന്യയും ബന്ധുക്കളുമാണ് വരൻ കൊല്ലം ചിറ്റയം നന്ദനം വീട്ടിൽ അജിത് സുകുമാരനൊപ്പം വോട്ട് രേഖപ്പെടുത്താൻ ബൂത്തിലെത്തിയത്. വരെൻറ വോട്ടിങ് എട്ടാം തീയതി കൊല്ലത്ത് കഴിഞ്ഞു. ഏലൂർ പാട്ടുപുരക്കൽ ദേവി ക്ഷേത്രത്തിലായിരുന്നു താലികെട്ട്. പിന്നാലെ ക്ഷേത്ര ഹാളിലെ ബൂത്തിൽ എത്തി വധുവും ബന്ധുക്കളും വോട്ട് രേഖപ്പെടുത്തുകയായിരുന്നു.
പറവൂർ: പഞ്ചായത്ത് 16ാം വാർഡിലെ വോട്ടറായ പട്ടണം തൈച്ചേരിൽ രാധാകൃഷ്ണെൻറ മകൻ ലിവിൻ വിവാഹശേഷം വീട്ടിൽ കയറുന്നതിന് മുമ്പ് വോട്ടുചെയ്യാൻ മണവാട്ടിയുമായി പോളിങ് ബൂത്തിലെത്തി. പള്ളിപ്പുറം പുന്നക്കപറമ്പിൽ ഷാജുവിെൻറ മകൾ ശാരികയാണ് വധു.
ബൂത്തിൽ ഇരുവരും ഒന്നിച്ച് എത്തിയെങ്കിലും ലിവിന് മാത്രമേ വോട്ടുണ്ടായിരുന്നുള്ളൂ. വോട്ടിനുശേഷം വധൂവരന്മാർ സ്ഥാനാർഥികളോടൊപ്പം ഫോട്ടോ എടുത്താണ് മടങ്ങിയത്.
കോലഞ്ചേരി: ബ്ലാന്തേവർ മഹാവിഷ്ണു ക്ഷേത്രത്തിൽ രാവിലെ 10നും 10.30നും ഇടയിലായിരുന്നു നോർത്ത് മഴുവന്നൂർ ചവറംകുഴി ജയരാജിെൻറയും ശ്രീദേവിയുടെയും മകളായ കൃഷ്ണജയുടെ താലി കെട്ട്.
പിന്നാലെ വരൻ കോഴിക്കോട് ചെറൂപ്പ പരേതനായ മോഹനെൻറയും പത്മജയുടെയും മകൻ സന്ദീപിനൊപ്പം മഴുവന്നൂർ പഞ്ചായത്തിലെ ബ്ലാന്തേവർ ബൂത്തിലേയ്ക്ക്. 10.45ന് ഇവർ ബൂത്തിലെത്തിയപ്പോൾ അതുവരെ വോട്ടുയന്ത്രം തകരാറിലായിരുന്നതിനാൽ പോളിങ് മുടങ്ങിയിരുന്നു. റിട്ടേണിങ് ഓഫിസറും കൂട്ടരും വന്ന് ശരിയാക്കി മടങ്ങിയ ഉടൻ എത്തിയതിനാൽ വലിയ തിരക്കില്ലാത്ത ക്യൂവിൽ നിന്ന് വധുവിന് വോട്ടുചെയ്യാനായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.