പുഴുവരിച്ച കിറ്റ് വിതരണം ചെയ്ത് സംഭവം ഗൗരവമുള്ളത്; റവന്യു വകുപ്പ് നൽകിയ സാധനങ്ങളല്ല കൊടുത്തത് -കെ.രാജൻ
text_fieldsകൽപ്പറ്റ: വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് വിതരണം ചെയ്ത അരി സംസ്ഥാന സർക്കാർ കൊടുത്തതല്ലെന്ന് റവന്യു മന്ത്രി കെ.രാജൻ. ചാക്കിലാണ് സംസ്ഥാന സർക്കാർ അരി കൊടുത്തതെന്നും ഇതിനൊപ്പം മറ്റ് ഭക്ഷ്യവസ്തുക്കൾ നൽകിയിരുന്നില്ലെന്നും കെ.രാജൻ വിശദീകരിച്ചു. ഒമ്പത് പഞ്ചായത്തുകളിൽ സംസ്ഥാന സർക്കാർ അരി നൽകിയിട്ടുണ്ട്. ഇതിൽ മേപ്പാടിയിൽ മാത്രമാണ് പ്രശ്നമുണ്ടായിരിക്കുന്നതെന്നും കെ.രാജൻ പറഞ്ഞു.
പുഴുവരിച്ച കിറ്റ് നൽകിയത് ഏറെ ഗൗരവമുള്ള വിഷയമാണ്. ഇതിന് മുമ്പ് സെപ്തംബർ ഒമ്പതിനാണ് ദുരന്തബാധിതർക്ക് സംസ്ഥാന സർക്കാർ ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തത്. അന്ന് കൊടുത്ത കിറ്റുകൾ വിതരണം ചെയ്യാതെ ഇപ്പോൾ നൽകിയതാണയെന്നും പരിശോധിക്കും. അങ്ങനെയാണ് സംഭവിച്ചതെങ്കിൽ അത് കൂടുതൽ ഗൗരവകരമായ കുറ്റമാണെന്നും അദ്ദേഹം പറഞ്ഞു.
അരി വിതരണം ചെയ്തത് സംബന്ധിക്കുന്ന എല്ലാ രേഖകളും റവന്യു വകുപ്പിന്റെ കൈവശമുണ്ട്. ആരാണ് അരി വിതരണം ചെയ്തതെന്ന് ഉൾപ്പടെയുള്ള കാര്യങ്ങളിൽ കൃത്യമായ വിവരങ്ങളുണ്ടെന്നും മന്ത്രി പറഞ്ഞു. വയനാട് ദുരന്തബാധിതർക്ക് നൽകിയ അരി, റവ ഉൾപ്പെടെയുള്ള സാധനങ്ങൾ ഉപയോഗിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി ഗുണഭോക്താക്കൾ രംഗത്തെത്തിയിരുന്നു.
മൃഗങ്ങള്‍ക്ക് പോലും നല്‍കാന്‍ കഴിയാത്ത ഭക്ഷ്യവസ്തുക്കളാണ് നല്‍കിയിരിക്കുന്നതെന്നും വസ്ത്രങ്ങള്‍ ഉപയോഗിച്ചവയാണെന്നും ദുരന്ത ബാധിതർ ആരോപിച്ചു. സന്നദ്ധ സംഘടനകളും റവന്യൂ വകുപ്പും നൽകിയ ഭക്ഷ്യ കിറ്റുകളാണ് ദുരന്ത ബാധിതർക്ക് നൽകിയത് എന്നാണ് മേപ്പാടി പഞ്ചായത്ത് അധികൃതരുടെ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.