കാലിക്കറ്റിലെ 'ഗൂഗ്ൾ പേ കൈക്കൂലി'; ജീവനക്കാരന് സസ്പെൻഷൻ
text_fieldsകോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ പ്രീഡിഗ്രി സർട്ടിഫിക്കറ്റിൽ പേരിലെ തെറ്റുതിരുത്താൻ ഗൂഗ്ൾ പേ വഴി ഫീസ് വാങ്ങി തട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. പരീക്ഷ ഭവൻ അസിസ്റ്റന്റ് മൻസൂറലിയെയാണ് സസ്പെൻഡ് ചെയ്തത്. കൈക്കൂലി ആരോപണം നേരിട്ട മറ്റൊരു ജീവനക്കാരനെതിരെ അന്വേഷണം തുടരുകയാണ്. ഇരുവരെയും സസ്പെൻഡ് ചെയ്യണമെന്ന് സിൻഡിക്കേറ്റ് വേണ്ടി സ്റ്റാഫ് സ്ഥിര സമിതി കൺവീനർ കെ.കെ. ഹനീഫ രജിസ്ട്രാറോട് നിർദേശിച്ചിരുന്നു.
പേരിലെ തെറ്റു തിരുത്താൻ ഗൂഗ്ൾപേ വഴി 5000 രൂപ വാങ്ങി കബളിപ്പിച്ചതാണ് മൻസൂറലിക്കെതിരായ പരാതി. 1350 രൂപയാണ് പേര് തിരുത്താനായി നൽകേണ്ടത്. എന്നാൽ, 5000 രൂപ കൈപ്പറ്റിയ ഉദ്യോഗസ്ഥൻ മുഴുവൻ തുകയും സ്വന്തമാക്കി. യുവതി മറ്റൊരാവശ്യത്തിന് നേരത്തേ അടച്ച 50 രൂപയുടെ ചെലാനിൽ 1350 എന്നാക്കി മാറ്റി പ്രിന്റെടുത്ത് ഹാജരാക്കിയായിരുന്നു തട്ടിപ്പ്. സർവകലാശാലയിൽ ഫീസടച്ചതുമില്ല. സർട്ടിഫിക്കറ്റുകൾക്കായി സ്വന്തം നിലയിൽ പണം കൈപ്പറ്റിയതും ഗുരുതര ക്രമക്കേടാണെന്ന് സർവകലാശാല അധികൃതർ പറഞ്ഞു. സർട്ടിഫിക്കറ്റിലെ തിരുത്തലുകൾക്കടക്കം തുക നേരിട്ട് കൈയിലാക്കുന്ന ഉദ്യോഗസ്ഥനെതിരെയാണ് മറ്റൊരു പരാതി.
അഴിമതിക്കാർക്കെതിരെ ശക്തമായ ശിക്ഷാനടപടി സ്വീകരിക്കണം എന്ന് കാലിക്കറ്റ് യൂനിവേഴ്സിറ്റി എംപ്ലോയീസ് യൂനിയൻ ആവശ്യപ്പെട്ടു. ആരോപണ വിധേയർ എംപ്ലോയീസ് യൂനിയൻ അംഗങ്ങളല്ലെന്നും സംഘടന അറിയിച്ചു. അനധികൃതമായി പണപ്പിരിവ് നടത്തിയ ജീവനക്കാർക്ക് എതിരായി ഒരു മാസം മുമ്പ് പരാതി ലഭിച്ചിട്ടും നടപടിയെടുക്കാതിരുന്ന സിൻഡിക്കേറ്റ് രാജിവെക്കണമെന്ന് കോൺഫെഡറേഷൻ ഓഫ് കേരള കോളജ് ടീച്ചേഴ്സ് (സി.കെ.സി.ടി) ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.