ഗുണ്ടാ മാഫിയ തലവൻ പല്ലൻ ഷൈജുവിനെ റിസോർട്ടിൽ നിന്ന് പിടികൂടി
text_fieldsകൽപ്പറ്റ/കോട്ടക്കൽ: ഗുണ്ടാ മാഫിയ തലവൻ പല്ലൻ ഷൈജു പിടിയിലായി. വയനാട് സുൽത്താൻ ബത്തേരിയിലെ സ്വകാര്യ റിസോർട്ടിൽനിന്നാണ് പൊലീസ് സംഘം ഇയാളെ പിടികൂടിയത്. കുപ്രസിദ്ധ ഗുണ്ടാത്തലവൻ കോടാലി ശ്രീധരന്റെ കൂട്ടാളിയും കൊലപാതകം, കവര്‍ച്ച, കുഴല്‍പ്പണം, കഞ്ചാവ് കടത്ത് ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയുമാണ് പല്ലൻ ഷൈജു. കാപ്പ ചുമത്തി നാടു കടത്തപ്പെട്ട പല്ലൻ ഷൈജു അടുത്തിടെ പൊലീസിനെ വെല്ലുവിളിച്ച് സമൂഹമാധ്യമങ്ങളിലൂടെ വിഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇതോടെ ഇയാൾക്കായി പൊലീസ് തെരച്ചിൽ ശക്തമാക്കിയിരുന്നു.
തൃശൂർ ജില്ലയിലെ നെല്ലായി പന്തല്ലൂർ മച്ചിങ്ങൽ വീട്ടിൽ ഷൈജുവാണ് പല്ലൻ ഷൈജു എന്ന പേരിൽ അറിയിപ്പെടുന്നത്. കേരളത്തിന് അകത്തും പുറത്തുമായി നിരവധി കേസുകളിൽ പ്രതിയാണ്. ഇയാളെ തൃശൂർ ജില്ലയിലേക്കു കടക്കുന്നതു തടഞ്ഞുകൊണ്ട് ഉത്തരവിട്ടിരുന്നു. തുടർന്നാണ് പൊലീസിനെ പരിഹസിച്ച് വിഡിയോ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്.
തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഐശ്വര്യ ദോഗ്രയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തൃശൂർ റേഞ്ച് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ എ. അക്ബറായിരുന്നു ഷൈജുവിനെ നാടുകടത്തിയത്.
മലപ്പുറം ജില്ലാ പൊലീസ് മേധാവി കെ സുജിത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മലപ്പുറം ഡിവൈ.എസ്.പി പ്രദീപിന്റെ നിർദ്ദേശപ്രകാരം കോട്ടക്കൽ ഇൻസ്പെക്ടർ എം.കെ ഷാജിയുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. എസ്.ഐ ഗിരീഷ് എം, ദിനേഷ് ഇരുപ്പക്കണ്ടൻ, മുഹമ്മദ് സലീം പൂവത്തി, കെ.ജെസിർ, ആർ.ഷഹേഷ്, കെ സിറാജ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.