കഴക്കൂട്ടത്ത് സി.പി.എം ബ്രാഞ്ച് അംഗത്തിന്റെ വീട്ടിൽ ഗുണ്ടാ അക്രമം
text_fieldsകുളത്തൂർ: നാടൻ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം ഗുണ്ടാ സംഘം വീടും വാഹനങ്ങളും അടിച്ചു തകർത്തു. സി.പി.എം ബ്രാഞ്ച് അംഗം ഷിജുവിന്റെ വീടിന് നേർക്കാണ് ഗുണ്ടാ ആക്രമണം നടന്നത്. തുമ്പ പൊലീസ് സ്റ്റേഷന് സമീപം നെഹ്‌റു ജംഗ്‌ഷനിലാണ് സംഭവം. വീട്ടിൽ ഉറങ്ങിക്കിടന്ന കുടുംബം തലനാരിഴക്കാണ് രക്ഷപ്പെട്ടത്.
മാരകായുധങ്ങളുമായി ബൈക്കിലെത്തിയ അക്രമിസംഘം ബോംമ്പെറിഞ്ഞ് പരിഭ്രാന്തി പരത്തിയ ശേഷമാണ് വീടിന്റെ ഗേറ്റ് ചവിട്ടി പൊളിച്ച് അകത്തുകടന്ന് അക്രമം നടത്തിയത്. ശബ്ദം കേട്ട് വീടിന്റെ മുൻവശത്തെ വാതിൽ തുറന്നിറങ്ങിയ ഷിജു അക്രമികളെ കണ്ട് വീടിനുള്ളിൽ കയറി വാതിൽ അകത്ത് നിന്ന് പൂട്ടി ഭാര്യയേയും ഒന്നും അഞ്ചും വയസ് പ്രായമുള്ള കുഞ്ഞുങ്ങളെയുമെടുത്ത് അടുക്കളയിലെ സ്ലാബിനടിയിൽ ഒളിക്കുകയായിരുന്നു.
ഷിജുവിനെ കൊല്ലുമെന്ന് ഭീഷണിമുഴക്കിയ ഗുണ്ടാ സംഘം വീടിന്റെ ജനലും മുൻ വശത്തെ വാതിലും തകർത്ത് അകത്തുകടന്നതിന് ശേഷം ഹാളിലെ വീട്ടുപകരങ്ങൾ സംഘം അടിച്ച് തകർത്തു. മുറ്റത്ത് പാർക്ക് ചെയ്തിരുന്ന ആക്ടിവ സ്‌കൂട്ടറും അക്രമികൾ തകർത്തു. ഏറെ നേരം സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് അക്രമികൾ മടങ്ങിയത്.
അക്രമികൾ പോയശേഷമാണ് തുമ്പ - കഴക്കൂട്ടം സ്റ്റേഷനുകളിൽ നിന്ന് പൊലീസ് സംഘം എത്തിയത്. അക്രമത്തിന്റെ കാരണം വ്യക്തമല്ല. സ്ഥലത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. പ്രതികളിൽ രണ്ടുപേരെ പൊലീസ് കസ്റ്റയിലെടുത്തതായി സൂചനയുണ്ട്. കസ്റ്റഡിയിലെടുത്തവരുടെ കയ്യിൽ നിന്ന് പിടിച്ചെടുത്ത ഫോണിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ചെന്നിലോട് സ്വദേശി ചന്തുവിന്റെ നേതൃത്വത്തിലാണ് ആക്രമണം നടന്നതെന്നാണ് പൊലീസ് അനുമാനം.
ഇയാൾ ഒളിവിലാണ്. കഴിഞ്ഞയാഴ്ച ഇവിടെ വാഹനത്തിന് സൈഡ് നൽകാത്തതതിനെച്ചൊല്ലിയുള്ള തർക്കത്തിൽ ഒരാൾക്ക് വെട്ടേറ്റിരുന്നു. പൊലീസിന്റെ രാത്രികാല പെട്രോളിങ്ങ് ഉൾപ്പെടെ നിർത്തലാക്കിയതാണ് ഒരിടവേളക്ക് ശേഷം ലഹരിമാഫിയ ഉൾപ്പെടെയുള്ള ഗുണ്ടാസംഘങ്ങൾ സജീവമാകാൻ കാരണമെന്ന് പ്രദേശവാസികൾ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.