ഗുണ്ടാ-മാഫിയ ബന്ധം: രണ്ട് ഡിവൈ.എസ്.പിമാർക്ക് സസ്പെൻഷൻ
text_fieldsതിരുവനന്തപുരം: ഗുണ്ടാ-റിയൽ എസ്റ്റേറ്റ് മാഫിയ ബന്ധം വ്യക്തമായതിനെ തുടർന്ന് തലസ്ഥാനത്തെ രണ്ട് ഡിവൈ.എസ്.പിമാർക്ക് സസ്പെൻഷൻ. തിരുവനന്തപുരം റൂറൽ ജില്ല ക്രൈം ഡിറ്റാച്ച്മെന്‍റ് ഡിവൈ.എസ്.പി കെ.ജെ. ജോൺസൺ, വിജിലൻസ് ആൻഡ് ആന്‍റി കറപ്ഷൻ ബ്യൂറോ സ്പെഷൽ യൂനിറ്റ് -1 ഡിവൈ.എസ്.പി എം. പ്രസാദ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ഡി.ജി.പി അനിൽ കാന്തിന്‍റെ ശിപാർശ അംഗീകരിച്ച് ആഭ്യന്തരവകുപ്പ് ഉത്തരവിറക്കി. നഗരത്തിൽ കഴിഞ്ഞദിവസമുണ്ടായ ഗുണ്ടാ ആക്രമണവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ഇരുവരുടെയും മാഫിയ ബന്ധം വ്യക്തമായത്.
ജനുവരി എട്ടിന് പാറ്റൂരിൽ ആക്രമിക്കപ്പെട്ട മുട്ടട സ്വദേശി നിഥിനും കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓംപ്രകാശിന്‍റെ അനുയായി രഞ്ജിത്തും തമ്മിലുള്ള സാമ്പത്തികപ്രശ്നങ്ങൾ പരിഹരിക്കാൻ രണ്ട് ഉദ്യോഗസ്ഥരും ഇടനിലക്കാരായി പ്രവർത്തിച്ചെന്ന് വ്യക്തമായി. നിഥിനും രഞ്ജിത്തുമായി മുട്ടടയിലെ വീട്ടിൽ നടന്ന ഒത്തുതീർപ്പ് ചർച്ചയിൽ കഴിഞ്ഞദിവസം ഡി.ജി.പി സസ്പെൻഡ് ചെയ്ത റെയിൽവേ സി.ഐ അഭിലാഷ് ഡേവിഡും ഡിവൈ.എസ്.പിമാരായ ജോൺസണും പ്രസാദും പങ്കെടുത്തതായും ഡി.ജി.പി സമർപ്പിച്ച റിപ്പോർട്ടിലുണ്ട്. ഈ ഡിവൈ.എസ്.പിമാർ നിഥിന്‍റെ വീട്ടിലെ നിത്യസന്ദർശകരായിരുന്നു.
ഡിവൈ.എസ്.പി ജോൺസന്‍റെ മകളുടെ ജന്മദിനാഘോഷത്തിന് പലരിൽനിന്നും സാമ്പത്തിക സഹായം തേടി. ഗുണ്ടകള്‍ സംഘടിപ്പിക്കുന്ന മദ്യപാന പാര്‍ട്ടികളില്‍ ഇവർ സ്ഥിരം പങ്കെടുക്കുമായിരുന്നു. ഗുണ്ടാബന്ധമുള്ള ഒരാളുമായും റിയൽ എസ്റ്റേറ്റ് സംഘങ്ങളുമായും പൊലീസ് ഉന്നതർക്കുള്ള ബന്ധം നീതീകരിക്കാനാകില്ലെന്ന് റിപ്പോർട്ടിലുണ്ട്. രണ്ട് ഡിവൈ.എസ്.പിമാരും ഗുരുതര കൃത്യവിലോപം നടത്തിയെന്നും അച്ചടക്കനടപടി വേണമെന്നുമുള്ള ശിപാർശയാണ് ഡി.ജി.പി നൽകിയത്. തുടർന്നാണ് ആഭ്യന്തരവകുപ്പ് സസ്പെൻഷൻ ഉത്തരവ് പുറപ്പെടുവിച്ചത്.
എസ്.ഐ തസ്തിക മുതൽ തലസ്ഥാനത്തെ സ്റ്റേഷനുകളിൽ സേവനമനുഷ്ഠിച്ചിരുന്നവരാണ് രണ്ട് ഡിവൈ.എസ്.പിമാരും. മുമ്പും ഇവർക്കെതിരെ അച്ചടക്ക നടപടിയുണ്ടായിരുന്നു. പാറശ്ശാല ഷാരോൺ വധക്കേസിന്‍റെ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥൻ ജോൺസണായിരുന്നു. ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ജോൺസണെ കഴിഞ്ഞദിവസം സംഘത്തിൽനിന്ന് മാറ്റിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.