അനുയായികളെ വിട്ടയക്കാൻ തീക്കാറ്റ് സാജന്റെ ഭീഷണി: ‘പിള്ളാരെ വിട്ടില്ലെങ്കിൽ പൊലീസ് സ്റ്റേഷന് ബോംബിടും’
text_fieldsതൃശൂർ: പൊലീസ് കസ്റ്റഡിയിലെടുത്ത അനുയായികളെ വിട്ടയച്ചില്ലെങ്കിൽ പൊലീസ് സ്റ്റേഷനിൽ ബോംബ് വെക്കുമെന്ന ഭീഷണിയുമായി ഗുണ്ടാ നേതാവ് തീക്കാറ്റ് സാജൻ. തന്റെ ജന്മദിനമാഘോഷിക്കാൻ തേക്കിൻകാട് മൈതാനത്ത് സംഘടിച്ചവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് ഫോണിൽ വിളിച്ചാണ് സാജന്റെ ഭീഷണി. സാജന്റെ പിറന്നാൾ ആഘോഷത്തിനായി ഇന്നലെ തൃശൂരിൽ ഒത്തുകൂടിയ 32 പേരെ ഈസ്റ്റ് പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.
പ്രായപൂർത്തിയാകാത്ത 16 പേരടക്കമുള്ള അനുയായികളുമായി ആവേശം സിനിമാ മോഡലിലായിരുന്നു തേക്കിൻകാട് മൈതാനത്ത് സാജന്റെ ബർത്ത്ഡേ പാർട്ടി. നേതാവിന്റെ അനുചരസംഘത്തിനൊപ്പം ആരാധകരും ആഘോഷത്തിനുണ്ടായിരുന്നു. പ്രായപൂർത്തിയാകാത്തവരെ ഇന്നലെ തന്നെ താക്കീത് നൽകിയ ശേഷം രക്ഷിതാക്കൾക്കൊപ്പം വിട്ടയച്ചിരുന്നു.
ക്രിമിനൽ പശ്ചാത്തലമുള്ളവർ ഉൾപ്പെടെ ബാക്കി 16 പേരെ മുൻകരുതൽ അറസ്റ്റ് രേഖപ്പെടുത്തിയാണ് പൊലീസ് പിടികൂടിയത്. പാർട്ടി തുടങ്ങും മുൻപേ പൊലീസ് എത്തിയതോടെ തീക്കാറ്റ് സാജൻ മൈതാനത്തിന്റെ പരിസരത്ത് പോലും എത്താതെ മുങ്ങി. ഇന്നലെ ഉച്ചയോടെ തെക്കേഗോപുരനടയ്ക്കു സമീപത്തായിരുന്നു സംഭവം.
സാജൻ കേക്ക് മുറിക്കുന്നതിന്റെ റീലെടുത്ത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു ഉദ്ദേശമെന്ന് പിടിയിലായവർ പറഞ്ഞു. ജയിൽ മോചിതനായ മറ്റൊരു ഗുണ്ടാത്തലവനു വേണ്ടി അനുചരന്മാർ കുറ്റൂരിൽ കോൾപാടത്തു പാർട്ടി സംഘടിപ്പിച്ചത് കണ്ടിട്ട് വൈറലാവുകയായിരുന്നു ലക്ഷ്യം.
എന്നാൽ, വിവരം അറിഞ്ഞതോടെ മൈതാനം പൊലീസ് വളഞ്ഞിരുന്നു. കേക്ക് മുറിക്കാൻ പോലും കഴിഞ്ഞില്ല, അതിന് മുൻപ് തന്നെ എല്ലാവരെയും പൊലീസ് ഓടിച്ചിട്ട് പിടികൂടി. ഇതിന് പിന്നാലെയാണ് തീക്കാറ്റ് സാജന്റെ ഭീഷണി വിളിയെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.