പൊലീസിനെ വീണ്ടും വട്ടംചുറ്റിച്ച് വടിവാൾ സംഘം
text_fieldsതിരുവല്ല: തിരുവല്ലയിലും പരിസര പ്രദേശങ്ങളിലും കാറിലും ബൈക്കിലുമെത്തി രാത്രികാല യാത്രക്കാരെ വടിവാൾ കാട്ടി ഭീഷണിപ്പെടുത്തി പണവും വാഹനവും തട്ടിയെടുക്കുന്ന സംഘത്തിലെ പ്രധാനി എടത്വ സ്വദേശി വിനീത് ഇന്നലെയും പൊലീസിനെ വട്ടംചുറ്റിച്ചു. ചൊവ്വാഴ്ച പുലർച്ച 1.30ഓടെ ചെങ്ങന്നൂർ ടൗണിലായിരുന്നു സംഭവങ്ങളുടെ തുടക്കം. വള്ളികുന്നം സ്വദേശി ശ്രീപതിയുടെ (28) കാറിനെ ബൈക്കിൽ പിന്തുടർന്ന് തടഞ്ഞുനിർത്തി കാറിൽകയറി വടിവാൾ കഴുത്തിൽെവച്ച് ഭീഷണിപ്പെടുത്തി നിരണത്തേക്ക് ബന്ദിയാക്കി കൊണ്ടുപോയി.
നിരണം പഞ്ചായത്ത് മുക്കിലെത്തിയപ്പോൾ കാർ നിർത്താൻ ആവശ്യപ്പെട്ടു. തുടർന്ന് ശ്രീപതിയുടെ സ്വർണമാല, മോതിരം, മൊബൈൽ ഫോൺ, കാമറ എന്നിവ തട്ടിയെടുത്ത ശേഷം ശ്രീപതിയെ റോഡിലിറക്കിവിട്ട് കാറുമായി കടക്കുകയായിരുന്നു. കാർ ഇന്നലെ രാവിലെ കൊല്ലം ചിന്നക്കടയിൽ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയിട്ടുണ്ട്. ഒരു മാസത്തിനിടയിൽ തിരുവല്ലയിലും സമീപ പ്രദേശങ്ങളിലുമായ ഒട്ടേറെ സമാന സംഭവങ്ങളാണ് ഇയാളും സംഘവും ചേർന്ന് നടത്തിയത്. കഴിഞ്ഞമാസം 17നാണ് ആദ്യസംഭവം. പ്രഭാത സവാരിക്കാരുടെ നേരെ ഒമ്നി വാനിലെത്തിയ സംഘം നടത്തിയ ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്കേറ്റിരുന്നു. ആ സംഭവത്തിൽ ഇയാളോടൊപ്പം ഒരു യുവതിയും വാഹനത്തിലുണ്ടായിരുന്നു.
മൂന്ന് ദിവസത്തിനുശേഷം വിനീതും സംഘാംഗമായ യുവതി ഷിൻസിയും കൊച്ചി സിറ്റി പൊലീസിെൻറ പിടിയിലായി. സംഘാംഗങ്ങളായ മൂന്നുപേർ നേരത്തേ അറസ്റ്റിലായിരുന്നു. ഇവരെ താമസിപ്പിച്ചിരുന്ന കോവിഡ് കെയർ സെൻററിൽനിന്ന് വിനീതും മറ്റൊരു സംഘാംഗവും ചാടിപ്പോയിരുന്നു. അതിനുശേഷം ഇവർ ഇരുപതോളം കവർച്ചകളാണ് വിവിധ സ്ഥലങ്ങളിലായി നടത്തിയത്. കഴിഞ്ഞദിവസം രാത്രി പൾസർ ബൈക്കിൽ പോയ വിനീതിനെ പൊലീസ് പിന്തുടർെന്നങ്കിലും ഇയാൾ അമിതവേഗത്തിൽ ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞദിവസം ഷിൻസിയുമായി തിരുവല്ല, പുളിക്കീഴ് പൊലീസ് സംഭവസ്ഥലങ്ങളിൽ തെളിവെടുപ്പ് നടത്തിയിരുന്നു. മൊബൈൽ ഫോൺ ഉപയോഗിക്കാത്തതാണ് പ്രതികളെ പിടികൂടുന്നതിന് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.