ഗോപാലകൃഷ്ണൻ നായർ പതിവ് തെറ്റിച്ചില്ല; 27-ാം തവണയും ഇഫ്താർ വിഭവങ്ങളുമായി ഇരമത്തൂർ ജുമാ മസ്ജിദിലെത്തി
text_fieldsചെങ്ങന്നൂർ : നോമ്പുതുറ വിഭവങ്ങളുമായി മുൻ പതിവ് തെറ്റിക്കാതെ ഇക്കുറിയും ഗോപാലകൃഷ്ണൻനായർ എത്തി. പരിശുദ്ധ റമാദാൻ മാസത്തിൽ വ്രതമനുഷ്ഠിക്കുന്ന മുസ്‌ലിം സഹോദരങ്ങൾക്ക് വേണ്ടി ഇത്തവണയും നോമ്പുതുറ വിഭവങ്ങളുമായി ഗോപാലകൃഷ്ണൻ നായർ എത്തി.
നൂറ്റാണ്ടുകൾ പഴക്കമുള്ള മാന്നാർ ഇരമത്തൂർ ജുമാ മസ്ജിദിൽ ഇത് 27-ാമത് തവണയാണ് മാന്നാർ കുരട്ടിക്കാട് തിരുവഞ്ചേരിൽ പുണർതത്തിൽ ടി.എസ് ഗോപാലകൃഷ്ണൻനായർ ഇഫ്താർ വിരുന്ന് ഒരുക്കിയത്. സുഹൃത്തുക്കളുംസഹപാഠികളുമായ മുസ്‌ലിം സഹോദരങ്ങളുടെ വ്രതത്തിന്റെ മാഹാത്മ്യമാണ് ഗോപാലകൃഷ്ണൻനായരുടെ ഇഫ്താർ വിരുന്നിന് പ്രചോദനമായത്.
ആദ്യകാലത്ത് കപ്പ വേവിച്ചതും മീൻ കറിയും ആയിരുന്നെങ്കിൽ ഇക്കുറി പഴവർഗ്ഗങ്ങളും ശീതള പാനീയങ്ങളും ബിരിയാണിയുമാണ് ഇഫ്താർ വിരുന്നിനായി ഒരുക്കിയത്. എല്ലാ വർഷവും റമദാനിലെ അവസാന പത്തിലെ ഒരു ദിവസമാണ് ഗോപാലകൃഷ്ണൻനായർ ഇതിനായി തെരഞ്ഞെടുക്കുന്നത്. മാന്നാറിന്റെ മതസാഹോദര്യവും പരസ്പര സ്നേഹവും എന്നെന്നും നിലനിൽക്കാൻ ഇത്തരം പ്രവർത്തനങ്ങൾ പ്രചോദനമാകുമെന്ന് അദ്ദേഹം പറഞ്ഞു.
എൽ.ഐ.സി ഏജന്റും മാന്നാർ സോഷ്യൽ വെൽഫെയർ കോപറേറ്റീവ് സൊസൈറ്റി ബോർഡംഗവുമായ ഗോപാലകൃഷ്ണൻനായർ ജില്ല സഹകരണബാങ്ക് മാന്നാർ ശാഖയിൽ 43 വർഷം ഡെയിലി കലക്ഷൻ ഏജന്റ് ആയി പ്രവർത്തിച്ചിരുന്നു. രണ്ട് വർഷം മുമ്പ് ജില്ലാ സഹകരണ ബാങ്കിൽ നിന്നു വിരമിച്ച ഇദ്ദേഹം സാമൂഹ്യ സാമുദായിക പ്രവർത്തനങ്ങളിൽ സജീവമാണ്.
സരസ്വതിയമ്മയാണ് ഭാര്യ. മുത്ത മകൻ ഡോ.ടി.ജി. ഗോപകുമാർ കാൺപുർ ഐ.ഐ.ടി യിൽ പ്രഫസറും, രണ്ടാമത്തെ മകൻ ശ്യാം ജി.നായർ ഡൽഹിയിൽ ഫാഷൻ ഡിസൈനറുമാണ്. ഏക മകൾ ഡോ. ധന്യ ജി. നായർ തെക്കെ അമേരിക്കയിലെ ചിലിയിൽ പോസ്റ്റ് ഡോക്ടറൽ ഗവേഷ കയാണ്. ഫോട്ടോ- മാന്നാർ ഇരമത്തൂർ ജുമാമസ്ജിദിൽ 27-ാമത് തവണയും കുരട്ടിക്കാട് തിരുവഞ്ചേരിൽ പുണർതത്തിൽ ടി.എസ്.ഗോപാലകൃഷ്ണൻനായർ ഇഫ്താർ വിരുന്ന് വിഭവങ്ങൾ ജമാഅത്ത് ഭാരവാഹികൾക്ക് കൈമാറുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.