ഗോപിനാഥ് രവീന്ദ്രൻ: പ്രിയപ്പെട്ടവനായി നിയമനം; നാണംകെട്ട് മടക്കം
text_fieldsകണ്ണൂർ: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന് കണ്ണൂർ സർവകലാശാലയിൽ നിയമനം നൽകി സർക്കാറിന്റെ പ്രിയപ്പെട്ടവനായി. പ്രിയ വർഗീസ് അസോസിയറ്റ് പ്രഫസറായി നിയമനം നേടി നാലുമാസമായപ്പോഴേക്കും വി.സി സ്ഥാനത്തുനിന്ന് ഡോ. ഗോപിനാഥ് രവീന്ദ്രൻ പുറത്തും.
സർക്കാറിന്റെ സമ്മർദങ്ങൾക്കുവഴങ്ങി എല്ലാം ചെയ്തപ്പോൾ മികച്ച അക്കാദമിക് പശ്ചാത്തലമുള്ള വി.സിക്ക് ലഭിച്ചത് നാണംകെട്ട മടക്കം. പുനർനിയമനം നേടിയത് സ്വന്തം നിലക്കല്ലെന്ന് വി.സിയുടെ അഭിഭാഷകൻ വാദമുന്നയിച്ചെങ്കിലും പരമോന്നത കോടതി ചെവിക്കൊണ്ടില്ല. പദവി ഒഴിഞ്ഞശേഷം അദ്ദേഹം മാധ്യമങ്ങളോട് ആവർത്തിച്ചതും അതാണ്. ‘ഞാൻ പറഞ്ഞിട്ടല്ലല്ലോ പുനർനിയമനം’ എന്ന ഗോപിനാഥ് രവീന്ദ്രന്റെ പരാമർശം സർക്കാറിനു നേർക്കുള്ള ഒളിയമ്പുകൂടിയായി.
അത്യപൂർവ നടപടിക്രമങ്ങളാണ് പ്രിയ വർഗീസ് നിയമനത്തിൽ വി.സി കൈക്കൊണ്ടത്. പ്രിയ വർഗീസിന് നിയമനം നൽകാൻ തീരുമാനിച്ചതിനു തൊട്ടടുത്ത ദിവസമാണ് വി.സിയായുള്ള അപ്രതീക്ഷിത നിയമനം ഉണ്ടായത്. യു.ജി.സി ചട്ടം മറികടന്നാണ് പ്രിയയുടെ നിയമനമെന്ന് ആക്ഷേപമുയർന്നിട്ടും വി.സി പദവിയിൽ കാലാവധി പൂർത്തിയാക്കുംമുമ്പ് തിരക്കിട്ട് അഭിമുഖം ഉൾപ്പെടെയുള്ള നിയമന നടപടി പൂർത്തിയാക്കി.
താമസിയാതെ സംസ്ഥാനത്താദ്യമായി വി.സിയായി ഒരാൾക്ക് പുനർനിയമനവും ലഭിച്ചു. മുഖ്യമന്ത്രിയുടെയും ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെയും സമ്മർദ ഫലമാണ് പുനർനിയമനമെന്ന് ചാൻസലറായ ഗവർണർ ആവർത്തിച്ചെങ്കിലും എല്ലാം ഒത്തുകളിയെന്നാണ് വിലയിരുത്തൽ.
2019 ഡിസംബർ 28ന് കണ്ണൂരിൽ നടന്ന ദേശീയ ചരിത്ര കോൺഗ്രസിൽ പൗരത്വ ഭേദഗതി ബില്ലിനെ അനുകൂലിച്ച് സംസാരിച്ച ഗവർണർക്കെതിരെ വ്യാപക പ്രതിഷേധം ഉണ്ടായപ്പോൾ ഗോപിനാഥ് രവീന്ദ്രനായിരുന്നു വി.സി.
രണ്ടുവർഷം കഴിഞ്ഞ്, 2021 നവംബർ 23ന് വി.സിയായി ഇദ്ദേഹത്തിന് പുനർനിയമനം നൽകിയതും അതേ ഗവർണർ. 2022 ആഗസ്റ്റ് 21ന് രണ്ടുവർഷം മുമ്പത്തെ ചരിത്ര കോൺഗ്രസ് വേളയിലെ അനിഷ്ടസംഭവം ചൂണ്ടിക്കാട്ടി വി.സിയെ ക്രിമിനൽ എന്നുവിളിച്ചതും തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ചതും ഇതേ ഗവർണർ. ഇങ്ങനെ, വി.സി പുനർനിയമനം പോലെ നിയമനാധികാരിയായ ചാൻസലറുടെ ഇടപാടുകളും അടിമുടി വിചിത്രം.
നിയമനവും കേസും- നാൾവഴി
• പ്രിയ വർഗീസിനെ അസോ. പ്രഫസറായി നിയമിക്കാൻ 2021 നവംബർ 18ന് കൂടിക്കാഴ്ച നടത്തി ഒന്നാം റാങ്ക് നൽകി. പിന്നാലെ വി.സി നിയമത്തിന് സെർച് കമ്മിറ്റി രൂപവത്കരിച്ചുള്ള സർക്കാർ വിജ്ഞാപനം റദ്ദാക്കി. ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകണമെന്ന ശിപാർശ മന്ത്രി ചാൻസലർക്ക് നൽകി. പുനർനിയമനം നൽകുന്നതിന് പ്രായപരിധി ബാധകമല്ലെന്ന അഡ്വക്കറ്റ് ജനറലിന്റെ കത്തും കൂടെ.
• 2021 നവംബർ 23ന് വി.സിയായി പുനർനിയമനം നൽകി ചാൻസലറുടെ വിജ്ഞാപനം.
• 2021 നവംബർ 30ന് പുനർ നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂർ സർവകലാശാല സെനറ്റ് അംഗം ഡോ. പ്രേമചന്ദ്രൻ കീഴോത്ത്, അക്കാദമിക് കൗൺസിൽ അംഗം ഡോ. ഷിനോ പി. ജോസ് എന്നിവർ ഹൈകോടതിയെ സമീപിച്ചു. രമേശ് ചെന്നിത്തല ലോകായുക്തയെയും സമീപിച്ചു.
• 2022 ഫെബ്രുവരി മൂന്നിന് വാദം കേട്ട ലോകായുക്ത കേസ് പരിഗണിക്കുന്നതിൽനിന്ന് ഒഴിഞ്ഞുമാറി.
• ഇതിനിടെ, വി.സി നിയമനത്തിൽ മുഖ്യമന്ത്രി ഇടപെട്ടു എന്ന ആരോപണവുമായി ഗവർണർ രംഗത്തുവന്നു. മുഖ്യമന്ത്രി, ഉന്നത വിദ്യാഭ്യാസ മന്ത്രി എന്നിവരുടെ കത്തുകളും അദ്ദേഹം പുറത്തുവിട്ടു.
• 2022 ഫെബ്രുവരി 23ന് പുനർനിയമനം ശരിവെച്ച് ജസ്റ്റിസ് എസ്. മണികുമാർ അധ്യക്ഷനായ ഹൈകോടതി ഡിവിഷൻ ഉത്തരവ്. പുനർ നിയമനത്തിൽ വയസ്സ് ബാധകമല്ലെന്ന സർക്കാർ വാദം ഡിവിഷൻ ബെഞ്ചും ശരിവെച്ചു.
• 2022 മാർച്ച് 13ന് ഹൈകോടതി വിധിക്കെതിരെ സുപ്രീംകോടതിയിൽ അപ്പീൽ. നിയമനത്തിനെതിരെ ഗവർണറുടെ സത്യവാങ്മൂലവും ഒപ്പം. ഇത് ഹൈകോടതി ഡിവിഷൻ ബെഞ്ചിന്റെ നിരീക്ഷണത്തിന് നേർവിപരീതവുമായി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് 2023 നവംബർ 17ന് വാദം കേട്ട് വിധി പറയാൻ മാറ്റിവെച്ചു.
• ഇതിനിടെ, 2023 ജൂലൈ 12ന് ഡോ. പ്രിയ വർഗീസ് കണ്ണൂർ സർവകലാശാല മലയാള പഠനവകുപ്പിൽ അസോസിയറ്റ് പ്രഫസറായി ചുമതലയേറ്റു.
പ്രിയ വർഗീസിന് അനുകൂലമായ ഹൈകോടതി ഡിവിഷൻ ബെഞ്ച് വിധിയുടെ അടിസ്ഥാനത്തിലാണ് നിയമനം. ഇതിനെതിരായ കേസിൽ സുപ്രീംകോടതി ഉടൻ വിധിപറയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.