പുറത്തായത് ഗോപിനാഥ്; പൊള്ളിയത് സർക്കാറിന്
text_fieldsതിരുവനന്തപുരം: കണ്ണൂർ വി.സി നിയമനത്തിലെ സുപ്രീംകോടതി വിധിയിൽ പുറത്തായത് ഗോപിനാഥ് രവീന്ദ്രനാണെങ്കിലും അടി സംസ്ഥാന സർക്കാറിന്റെ കരണത്താണ്.
സംസ്ഥാന സർക്കാർ അനാവശ്യ ഇടപെടൽ നടത്തി, വി.സി നിയമനപ്രക്രിയ ദുഷിപ്പിച്ചു എന്നിങ്ങനെയാണ് സുപ്രീംകോടതി കണ്ടെത്തിയത്. പരമോന്നത കോടതിയുടെ ശക്തമായ വിമർശനം മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രി ആർ. ബിന്ദുവിനെയും പ്രതിരോധത്തിലാക്കുന്നതാണ്.
പുനർനിയമന ഉത്തരവിട്ട ഗവർണറെ രാഷ്ട്രീയ മേലാളന്മാരുടെ ആജ്ഞാനുവർത്തിയാകരുതെന്ന് ഓർമിപ്പിക്കുന്ന പരാമർശം ഗവർണർ ആരിഫ് മുഹമ്മദ് ഖാനും നേരിട്ടുള്ള തിരിച്ചടി തന്നെ. കണ്ണൂർ വി.സിയുടെ പുനർനിയമനം ചോദ്യം ചെയ്ത ഹരജിയിൽ ഒന്നാം എതിർകക്ഷി ഗവർണറാണ്. രണ്ടാം എതിർകക്ഷിയാണ് സർക്കാർ. വിധി വന്നപ്പോൾ സംസ്ഥാന സർക്കാറാണ് ഒന്നാം പ്രതി.
പുനർനിയമന ഉത്തരവിൽ ഒപ്പിട്ടെങ്കിലും മുഖ്യമന്ത്രിയും വകുപ്പുമന്ത്രിയും സമ്മർദം ചെലുത്തി ചെയ്യിച്ചതാണെന്ന് കോടതിയിൽ തുറന്നുപറഞ്ഞ ഗവർണർ മാപ്പുസാക്ഷിയുടെ റോളിലുമായി. നിയമനത്തിൽ തെറ്റായി ഒന്നുമില്ലെന്നാണ് സർക്കാർ ഇതുവരെ വിശദീകരിച്ചത്. ഗോപിനാഥ് രവീന്ദ്രന് പുനർനിയമനമാവശ്യപ്പെട്ട് മുഖ്യമന്ത്രിയും മന്ത്രിയും നൽകിയ കത്ത് പുറത്തുവന്നപ്പോഴും സർക്കാർ ന്യായീകരിക്കുകയായിരുന്നു.
സർക്കാറിന്റെ അനാവശ്യ ഇടപെടലിന് തെളിവായി സുപ്രീംകോടതി പ്രധാനമായും കണ്ടത് ഈ കത്തുകളാണ്. സ്വജനപക്ഷപാതമാണ് ഇതിലൂടെ മറനീക്കിയത്. അതാകട്ടെ, സത്യപ്രതിജ്ഞ ലംഘനവുമാണ്. സത്യപ്രതിജ്ഞ ലംഘനം നടത്തിയവർക്ക് തുടരാൻ ധാർമികമായി അവകാശവുമില്ല.
പുതിയ വി.സിയെ കണ്ടെത്താൻ സെർച്ച് കമ്മിറ്റിയുണ്ടാക്കിയതിനുശേഷമാണ് പൊടുന്നനെ സെർച്ച് കമ്മിറ്റി പിരിച്ചുവിട്ട് ഗോപിനാഥ് രവീന്ദ്രന്റെ ഒറ്റ പേര് മാത്രമുള്ള ശിപാർശ സർക്കാർ ഗവർണർക്കുമുന്നിൽ വെച്ചത്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമനത്തിന് പ്രത്യുപകാരമാണ് വി.സിയുടെ പുനർനിയമനമെന്ന ആക്ഷേപം അന്നേ ഉയർന്നതുമാണ്.
പ്രിയയുടെ നിയമനം ഹൈകോടതിയിൽ ചോദ്യം ചെയ്യപ്പെട്ടപ്പോൾ സർക്കാറിന് അനുകൂലമായി വിധി പറഞ്ഞ ജസ്റ്റിസ് മണികുമാറിന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ ചെയർമാനായി നിയമനം ലഭിച്ചത് മറ്റൊരു പ്രത്യുപകാരമാണെന്നും ആക്ഷേപമുയർന്നു. നിയമവിരുദ്ധമായ തരത്തിൽ ബാഹ്യ ഇടപെടലുണ്ടായെന്ന് കണ്ടെത്തി കണ്ണൂർ വി.സിയെ സുപ്രീംകോടതി പുറത്താക്കിയതോടെ ഇക്കാര്യങ്ങളിൽ സംസ്ഥാന സർക്കാർ പൂർണമായും സംശയത്തിന്റെ കരിനിഴലിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.