വ്യാജ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ജാവേദിൻെറ പിതാവ് ഗോപിനാഥപിള്ള വാഹനാപകടത്തിൽ മരിച്ചു
text_fieldsആലപ്പുഴ: കോളിളക്കം സൃഷ്ടിച്ച ഗുജറാത്തിലെ വ്യാജ ഏറ്റുമുട്ടൽ കേസിൽ കൊല്ലപ്പെട്ട ജാവേദ് ഗുലാം ശൈഖ് എന്ന പ്രാണേഷ് കുമാർ പിള്ളയുടെ പിതാവ് ചാരുംമൂട് താമരക്കുളം കൊട്ടയ്ക്കാട്ടുശ്ശേരിൽ മണലാടി തെക്കതിൽ ഗോപിനാഥപിള്ള (78) വാഹനാപകടത്തിൽ മരിച്ചു. പ്രായവും ശാരീരിക അവശതകളും വകവെക്കാതെ മകെൻറ കൊലപാതകത്തിന് പിന്നിലെ കറുത്ത ശക്തികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിനുള്ള വിശ്രമമില്ലാത്ത പോരാട്ടത്തിലായിരുന്നു അദ്ദേഹം.
മകെൻറ ദാരുണ അന്ത്യത്തെ തുടർന്ന് പൊതുരംഗത്തിറങ്ങിയ അദ്ദേഹം ദേശീയതലത്തിൽ നടന്ന മനുഷ്യാവകാശ പോരാട്ടങ്ങളിലും മുൻപന്തിയിലായിരുന്നു. ഫാഷിസത്തിനെതിരെ ശക്തമായ നിലപാടുകളുമായി സധൈര്യം നിലയുറപ്പിച്ച ഗോപിനാഥപിള്ളക്ക് സംഘ്പരിവാർ കേന്ദ്രങ്ങളിൽനിന്നും ഗുജറാത്തിലെ പൊലീസ് കേന്ദ്രങ്ങളിൽനിന്നും ജീവന് ഭീഷണിയുണ്ടായിരുന്നു.
മാനവികതയുടെയും മതസൗഹാർദത്തിെൻറയും മുഖമായി സമൂഹമധ്യത്തിൽ ശ്രദ്ധിക്കപ്പെട്ട ഗോപിനാഥപിള്ള പരേതനായ മണലാടി തെക്കേതിൽ വീട്ടിൽ രാഘവക്കുറുപ്പിെൻറ മകനാണ്. ബൈപാസ് ശസ്ത്രക്രിയ കഴിഞ്ഞ് ചികിത്സയിലായിരുന്നു. കൊച്ചിയിലെ ആശുപത്രിയിൽ പരിശോധനക്ക് സഹോദരൻ മാധവൻ നായർക്കൊപ്പം കാറിൽ പോകവെ ബുധനാഴ്ച രാവിലെ 6.30ന് ദേശീയപാതയിൽ ചേർത്തല വയലാർ കവലയിലായിരുന്നു അപകടം. ഇദ്ദേഹം സഞ്ചരിച്ച കെ.എൽ 26 -6478 മാരുതി കാർ നിയന്ത്രണം വിട്ട് റോഡിലെ ഡിവൈഡർ മറികടന്ന് എതിരെ വന്ന ചരക്ക് ലോറിയിലിടിക്കുകയും പിന്നിൽ വന്ന ടാങ്കർ ലോറി കാറിലിടിക്കുകയുമായിരുെന്നന്ന് പൊലീസ് പറഞ്ഞു.
മിനിലോറി പിന്നിൽ തട്ടിയതിനെത്തുടർന്നാണ് കാറിന് നിയന്ത്രണം വിട്ടതെന്ന് വാഹനം ഒാടിച്ചിരുന്ന മാധവൻ നായർ പറഞ്ഞു. കാർ പൂർണമായി തകർന്നു. കലവൂരിലെ കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് കമ്പനിയിലേക്ക് ഹാർഡ് ബോർഡ് കയറ്റി പോകുകയായിരുന്ന ചരക്ക് ലോറി പട്ടണക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തു.എന്നാൽ, പിന്നിലിടിച്ച ടാങ്കർ ലോറി നിർത്താതെ പോയി. സി.സി ടി.വി കാമറകൾ പരിശോധിച്ച് ഇൗ ലോറി കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. അപകടത്തിന് പിന്നിൽ ദുരൂഹതയുണ്ടെന്ന സംശയം ഉയർന്ന സാഹചര്യത്തിൽ വിശദ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡൻറും എൻ.എസ്.എസ് കരയോഗം ഭാരവാഹിയുമായിരുന്നു. ഭാര്യ: പരേതയായ സരസ്വതി ഭായി. മറ്റൊരു മകൻ: അരവിന്ദ്. മരുമകൾ: സാജിത.
എറണാകുളം ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുത്ത മൃതദേഹം കറ്റാനം സെൻറ് തോമസ് മിഷൻ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.