കൊട്ടാരക്കരയിൽ ഗോരക്ഷക ഗുണ്ട ആക്രമണം
text_fieldsകൊട്ടാരക്കര: കരുനാഗപ്പള്ളിയിലെ വൈയാങ്കര ചന്തയില്‍നിന്ന് മിനി ലോറിയില്‍ കന്നുകാലികളുമായി കൊട്ടാരക്കര ചന്തയിലേക്കെത്തിയ ഇറച്ചി വ്യാപാരിയെയും ഡ്രൈവറെയും ബന്ധുവിനെയും ഗോരക്ഷക ഗുണ്ടകളെന്ന് സംശയിക്കുന്നവർ മർദിച്ച് അവശരാക്കി. കൊട്ടാരക്കര മാര്‍ക്കറ്റിലെ ഇറച്ചി വ്യാപാരി മുസ്ലിം സ്ട്രീറ്റ് മുസലിയാര്‍ മന്‍സിലില്‍ ജലാലുദ്ദീന്‍ (54), ഡ്രൈവറായ കുളപ്പാടം നെടുമ്പന മുട്ടക്കാവ് കുളപ്പുറത്ത് പടിഞ്ഞാറ്റേതില്‍ സാബു (39), ജലാലുദ്ദീെൻറ സഹോദരി ഭര്‍ത്താവും കൊട്ടാരക്കര മുസ്ലിം സ്ട്രീറ്റ് അല്‍ഫിയ മന്‍സിലില്‍ ജലീല്‍ (44) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ജലാലുദ്ദീനെ മർദിക്കുന്നത് കണ്ട് തടയാനെത്തിയപ്പോഴാണ് ജലീലിന് മർദനമേറ്റത്. ഇവരെ കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സൈനികനായ തെക്കുംപുറം സതീഷ് നിലയത്തില്‍ വിഷ്ണു എസ്. പിള്ള (26), തെക്കുംപുറം ആനന്ദഭവനില്‍ ഗോകുല്‍ (28) എന്നിവരെ കൊട്ടാരക്കര പൊലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച രാവിലെ 11.30ഓടെ കൊട്ടാരക്കര മുസ്ലിം സ്ട്രീറ്റ് റെയില്‍വേ മേല്‍പാലത്തിന് സമീപമാണ് സംഭവം.
പുത്തൂര്‍ ഭാഗത്തുനിന്ന് കന്നുകാലികളുമായി വന്ന ലോറിയെ പിന്തുടർന്നെത്തിയ രണ്ടംഗ സംഘം ബൈക്ക് കുറുകെ നിര്‍ത്തി തടഞ്ഞു. പശുവിനെ ഇങ്ങനെ കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്നും ഉത്തര്‍പ്രദേശിലെ അനുഭവം ഓര്‍മയുണ്ടോ എന്നും ചോദിച്ച് ആക്രമിക്കുകയുമായിരുന്നുവെന്ന് മര്‍ദനമേറ്റവര്‍ പറയുന്നു. ഗോരക്ഷക രാണെന്ന് ആക്രോശിച്ചതായും ഇവർ പറയുന്നു. ഗോരക്ഷക ഗുണ്ടകളാണോയെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.
ജലാലുദ്ദീന്റെ കാലിന് പരിക്കേറ്റു. ജലീലിന് കൈക്ക് പൊട്ടലുണ്ട്. നാട്ടുകാര്‍ ഓടിക്കൂടിയപ്പോള്‍ അക്രമികള്‍ ബൈക്ക് ഉപേക്ഷിച്ച് കടന്നുകളഞ്ഞു. ബൈക്ക് നമ്പറിെൻറ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് രണ്ടുപേർ പിടിയിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.