ലഹരിവിരുദ്ധ കാമ്പയിനിടെ ബാറിൽകയറി മദ്യപിച്ചു; രണ്ടു നേതാക്കളെ ഡി.വൈ.എഫ്.ഐ പുറത്താക്കി
text_fieldsതിരുവനന്തപുരം: ലഹരിവിരുദ്ധ കാമ്പയിനിടെ ബാറില്‍ കയറി മദ്യപിച്ച രണ്ട് ഡി.വൈ.എഫ്.ഐ നേതാക്കളെ സംഘടനയില്‍നിന്ന് പുറത്താക്കി. തിരുവനന്തപുരം ജില്ല കമ്മിറ്റിയംഗം അഭിജിത്ത്, നേമം ഏരിയ കമ്മിറ്റി പ്രസിഡന്റ് ആഷിഖ് എന്നിവരെയാണ് അന്വേഷണ വിധേയമായി പുറത്താക്കിയത്.
ബാറിലിരുന്ന് രണ്ടു നേതാക്കളും ബിയർ കഴിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ലഹരിക്കെതിരെ ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ കാമ്പയിൻ നടക്കുന്നതിനിടെ നേതാക്കൾതന്നെ ഇത്തരം കാര്യങ്ങൾ ചെയ്യുന്നത് സമൂഹത്തിനു മുന്നിൽ പ്രസ്ഥാനത്തിന് നാണക്കേടുണ്ടാക്കുമെന്ന വിലയിരുത്തലാണ് ജില്ല കമ്മിറ്റി നടത്തിയത്. അഭിജിത്തിനെതിരെ മറ്റു ചില പരാതികളും ഉയർന്നിരുന്നു.
അന്തരിച്ച നേതാവ് പി. ബിജുവിന്റെ ഓര്മക്കായുള്ള ആംബുലന്‍സ് ഫണ്ടില്‍നിന്ന് ഒരു ലക്ഷവും കോവിഡ് ബാധിച്ച് മരിച്ച പ്രവര്‍ത്തക ആശയുടെ കുടുംബത്തിന് വീട് വെച്ച് നല്കാന് പിരിച്ചതില്‍നിന്ന് ഒരുലക്ഷവും തട്ടിയെടുത്തുവെന്ന ആരോപണത്തെക്കുറിച്ച് അന്വേഷിക്കാനും തീരുമാനിച്ചു. ഏരിയ സെക്രട്ടറി മണിക്കുട്ടന്, ജില്ല കമ്മിറ്റിയംഗം നിതിന്‍ രാജ് എന്നിവർക്കെതിരെയാണ് അന്വേഷണം. എത്രയും പെട്ടെന്ന് റിപ്പോർട്ട് സമർപ്പിക്കാൻ സമിതിയെയും നിയോഗിച്ചിട്ടുണ്ടെന്ന് സംഘടന വൃത്തങ്ങൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.