ഇ-മെയിൽ കിട്ടി; ശിവാനിക്ക് മുഖ്യമന്ത്രിയുടെ ശിശുദിന സമ്മാനം ലാപ്ടോപ്
text_fieldsപാവറട്ടി (തൃശൂർ): അക്ഷരത്തെറ്റുകളുള്ളതും ഒൗപചാരികതകളില്ലാത്തതുമായ നാലാം ക്ലാസുകാരിയുടെ ഇ-മെയിലിനെ മുഖ്യമന്ത്രി നിസ്സാരമായല്ല കണ്ടത്. ഓൺലൈൻ പഠനത്തിന് മൊബൈൽ ഫോണോ ലാപ്ടോപ്പോ ഇല്ലാത്ത സങ്കടമാണ് 11കാരി ശിവാനി മുഖ്യമന്ത്രി പിണറായി വിജയനെ ഇ-മെയിലിലൂടെ 10 ദിവസം മുമ്പ് അറിയിച്ചത്. മെയിൽ കിട്ടിയ മുഖ്യമന്ത്രി ശിവാനിക്ക് ശിശുദിന സമ്മാനമായി ലാപ്ടോപ് എത്തിച്ചു. കലക്ടർ എസ്. ഷാനവാസ് വെൺമേനാട്ടെ വീട്ടിലെത്തിയാണ് സമ്മാനം കൈമാറിയത്.
പഠിക്കാൻ മൊബൈൽ ഫോണില്ലാതെ വിഷമിച്ച ശിവാനിയോട് അമ്മാവെൻറ മകളാണ് മുഖ്യമന്ത്രിക്ക് ഇ-മെയിൽ അയച്ചാൽ മതി, ഫോൺ കിട്ടുമെന്ന് പറഞ്ഞത്. അത് പക്ഷേ, ശിവാനിക്ക് ഏറെ പ്രതീക്ഷ നൽകി. പിന്നെ എങ്ങനെ ഇ-മെയിൽ അയക്കുമെന്ന ചിന്തയായി. തുടർന്ന് അമ്മാവെൻറ മകളുടെ സഹായത്തോടെ മറ്റൊരു ഫോണിൽനിന്ന് വീട്ടിലെ അവസ്ഥ അറിയിച്ച് മെയിൽ അയച്ചു.
ഇത് കിട്ടിയ മുഖ്യമന്ത്രി ശിവാനിയുടെ കുഞ്ഞുമനസ്സിലെ വലിയ സങ്കടം കണ്ടു. ഉടൻ മറുപടി വന്നു. എന്നാൽ, ഇതെല്ലാം മറന്ന ശിവാനിയുടെ കൂലിപ്പണിക്കാരനായ അച്ഛൻ എടമിനി മുരുകെൻറ ഫോണിലേക്ക് ശനിയാഴ്ച ഉച്ചക്ക് കലക്ടറുടെ ഓഫിസിൽനിന്ന് വിളിച്ച് വീട്ടിലേക്ക് വരുമെന്ന് അറിയിച്ചു. വിശ്വസിക്കാനാവാതെയും അമ്പരപ്പോടെയും അമ്മ രജിനിയും കുഞ്ഞനിയത്തിയും മുരുകനും കാത്തിരുന്നു. മൂന്നു മണിയോടെ നടവഴിപോലുമില്ലാത്ത വീട്ടിലേക്ക് സമീപത്തെ വീടുകളുടെ പിറകിലൂടെ കലക്ടർ എത്തി. മധുരപലഹാരങ്ങൾക്കൊപ്പം ശിശുദിന ആശംസകളും മുഖ്യമന്ത്രി കൊടുത്തയച്ച ലാപ്ടോപ്പും സമ്മാനിച്ചു. പാവറട്ടി സെൻറ് ജോസഫ്സ് എൽ.പി സ്കൂൾ വിദ്യാർഥിനിയാണ് ശിവാനി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.