പതിനഞ്ച് വർഷം മുമ്പ് നഷ്ടമായത് തിരികെ കിട്ടിയത് ഈ സത്യസന്ധതയിലാണ്
text_fieldsപേരാമ്പ്ര: മുറ്റത്ത് പ്രവൃത്തി നടക്കുന്നതിനിടെ മണ്ണിനടിയിൽനിന്ന് സ്വർണാഭരണം കളഞ്ഞുകിട്ടിയപ്പോൾ തൈവയൽ ഹംസക്ക് ആശയക്കുഴപ്പമായി.
സ്വർണാഭരണമെങ്ങനെ അവിടെ വന്നെന്ന ചിന്ത അദ്ദേഹത്തെ അലട്ടി. ആലോചിച്ചുനോക്കിയപ്പോൾ 15 വർഷം മുമ്പ് അയൽവാസിയും സുഹൃത്തുമായ കിഴിഞ്ഞാണ്യം പാറക്കെട്ടിൽ സലാമിെൻറ മകളുടെ പാദസരം നഷ്ടപ്പെട്ട ഓർമ മനസ്സിൽ മിന്നി.
സുഹൃത്തിനെ വിളിച്ച് അന്വേഷിച്ചപ്പോൾ നഷ്ടപ്പെട്ട പാദസരം തിരിച്ചുകിട്ടിയില്ലെന്നറിഞ്ഞു. അങ്ങനെ തനിക്ക് ലഭിച്ച ആഭരണം സുഹൃത്തിന് കൈമാറി.
സലാമിെൻറ മകളും ഹംസയുടെ മകളും സുഹൃത്തുക്കളായിരുന്നു. 15 വർഷം മുമ്പ് ഹംസയുടെ വീട്ടിൽ വന്ന് കളിക്കുന്നതിനിടെ ആയിരിക്കും പാദസരം നഷ്ടപ്പെട്ടതെന്ന് കരുതുന്നു.
ഒന്നര പതിറ്റാണ്ട് മുമ്പ് നഷ്ടപ്പെട്ട ആഭരണം തിരിച്ചുകിട്ടിയതറിഞ്ഞ് ഇപ്പോൾ ഭർതൃവീട്ടിലുള്ള സലാമിെൻറ മകൾ മാജിത അത്ഭുതപ്പെട്ടു. ഹംസയുടെ ഈ സത്യസന്ധതയെ അഭിനന്ദിക്കാൻ വാർഡ് മെംബർ അർജുൻ കറ്റയാട്ട് ഹംസയുടെ വീട്ടിലെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.