കേരളത്തിന്‍റെ ഉരുക്കുവനിത
text_fieldsതൃശൂർ: വിടവാങ്ങിയത് കേരള രാഷ്ട്രീയത്തിലെ ഉരുക്കുവനിതയെന്ന് കൃഷിമന്ത്രി വി.എസ് സുനിൽകുമാർ. കരുത്തുറ്റ രാഷ്ട്രീയ നേതാവ്, മികച്ച ഭരണാധികാരി, സാമൂഹ്യ പരിഷ്കർത്താവ് തുടങ്ങിയ നിലകളിൽ ശോഭിച്ച അവരുടെ ദീർഘവീക്ഷണത്തോടെയുള്ള ഇടപെടലുകൾ കേരളത്തിൻ്റെ വികസനക്കുതിപ്പിന് കളമൊരുക്കിയെന്നും വി.എസ് സുനിൽകുമാർ പറഞ്ഞു.
കേരള രാഷ്ട്രീയത്തിലെ എക്കാലത്തെയും കരുത്തയായ വനിത എന്ന വിശേഷണം സഖാവ് കെ.ആർ. ഗൗരിയമ്മയുടെ കാര്യത്തിൽ നൂറു ശതമാനം ശരിയായിരുന്നു. അവർ അക്ഷരാർത്ഥത്തിൽ ഒരു ഉരുക്കു വനിത തന്നെയായിരുന്നു. കരുത്തുറ്റ രാഷ്ട്രീയ നേതാവ്, മികച്ച ഭരണാധികാരി, സാമൂഹ്യ പരിഷ്കർത്താവ് തുടങ്ങിയ നിലകളിൽ ശോഭിച്ച അവരുടെ ദീർഘവീക്ഷണത്തോടെയുള്ള ഇടപെടലുകൾ കേരളത്തിൻ്റെ വികസനക്കുതിപ്പിന് കളമൊരുക്കി. കൃഷി ഭൂമി കൃഷിക്കാരന് എന്ന എക്കാലത്തെയും ഉജ്വലമുദ്രാവാക്യം നെഞ്ചോട് ചേർത്ത സഖാവ് ഗൗരിയമ്മ കൊണ്ടുവന്ന ഭൂപരിഷ്കരണ നിയമം കേരളത്തിൽ വലിയ വിപ്ലവം സൃഷ്ടിച്ചു. നവകേരള സൃഷ്ടിക്ക് ശിലപാകിയവരിൽ പ്രമുഖസ്ഥാനമാണ് അവർക്കുള്ളത്. കാർക്കശ്യക്കാരിയായ തറവാട്ട് കാരണവരെപ്പോലെയായിരുന്നുവെങ്കിലും ഉള്ളു നിറയെ സ്നേഹവും വാത്സല്യവും അവർ കൊണ്ടു നടന്നുവെന്നും സുനിൽകുമാർ പറഞ്ഞു.
രാഷ്ട്രീയ കേരളം ഗൗരിയമ്മക്ക് ചാർത്തിക്കൊടുത്ത വിശേഷണങ്ങൾ ഏറെയാണ്. കേരളത്തിൻ്റെ സാമൂഹ്യ-രാഷ്ട്രീയ രംഗങ്ങളിൽ ചരിത്രം കുറിച്ച ധീരവനിത, വിപ്ലവനായിക, ഏറ്റവും കൂടുതൽ കാലം മന്ത്രിയായിരുന്ന വനിത 10 തവണ നിയമസഭാംഗം... അങ്ങനെ നിരവധി അപൂർവതകളുടെ ഉടമയായ അവർ ആറ് സർക്കാരുകളിലായി 16 വർഷം മന്ത്രിയായി. അതും കേരളം കണ്ട മികച്ച മന്ത്രിമാരിൽ ഒരാൾ. റവന്യൂ, എക്സൈസ്, വ്യവസായം, ഭക്ഷ്യം, കൃഷി തുടങ്ങിയ വകുപ്പുകൾ അവരുടെ കൈകളിൽ ഭദ്രമായിരുന്നു.
പറയാൻ ആണെങ്കിൽ ഒരുപാടുണ്ട്. വിസ്താര ഭയം കൊണ്ട് എല്ലാം എഴുതുന്നില്ല. ഇങ്ങനെയൊരാൾ ഇനിയിവിടെ ഉണ്ടാകുമോ എന്ന് സംശയമാണ്. അവസാനമായി സഖാവിനെ കണ്ടത് നൂറാം പിറന്നാൾ ആഘോഷത്തിൻ്റെ സമയത്താണ്. പിറന്നാൾ ആഘോഷമൊക്കെ കഴിഞ്ഞ് ഇരിക്കുമ്പോഴാണ് ആലപ്പുഴയിലെ വീട്ടിൽ അവരെ കണ്ടത്. ഓർമ്മച്ചരടുകൾ കൂടിച്ചേർന്നും ഇഴപിരിഞ്ഞും അങ്ങനെ. കുറേ സമയമെടുത്താണ് സഖാവിന് എന്നെ ഓർമ്മ വന്നത്. പിന്നെ വർത്തമാനം തുടങ്ങി. ഒരുപാട് വിശേഷങ്ങൾ അന്ന് പങ്കുവെച്ചു. സഖാവ് ഗൗരിയമ്മയുടെ അനുഗ്രഹം തേടിയാണ് അന്ന് മടങ്ങിയത്. പിന്നീട് നേരിൽ കാണാൻ കഴിഞ്ഞില്ല.
ഇന്നിതാ നൂറ്റിരണ്ടാം വയസ്സിൽ സഖാവ് ഗൗരിയമ്മ വിട പറഞ്ഞിരിക്കുന്നു. വലിയ സങ്കടമാണ് ആ മരണവാർത്ത കേട്ടപ്പോൾ ഉണ്ടായത്. പ്രിയപ്പെട്ട സഖാവിൻ്റെ ധീര സ്മരണകൾ നമുക്കെന്നും കരുത്തും പ്രചോദനവുമാണ്. സഖാവ് ഗൗരിയമ്മയുടെ വിയോഗത്തിൽ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നുവെന്ന് കൃഷിമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.