മാത്യു കുഴൽനാടനെ വളഞ്ഞുപിടിക്കാൻ സർക്കാർ
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ച മാത്യു കുഴൽനാടനെതിരെ കൂടുതൽ നീക്കങ്ങളുമായി സർക്കാറും സി.പി.എമ്മും. കുഴൽനാടൻ കഴിഞ്ഞ ദിവസം നടത്തിയ വിശദീകരണത്തിന് മറുപടിയായി ആരോപണങ്ങളുമായി വീണ്ടും സി.പി.എം എറണാകുളം ജില്ല സെക്രട്ടറി രംഗത്തെത്തി. മാത്രമല്ല മാത്യുവിന്റെ കോതമംഗലത്തെ കുടുംബ വീട്ടിലെ ഭൂമി വീണ്ടും അളക്കാൻ റവന്യൂ വകുപ്പ് നോട്ടീസും നൽകി. കുഴൽനാടനെതിരെ അന്വേഷണം ആവശ്യപ്പെട്ട് വിജലൻസിനും ആഭ്യന്തരവകുപ്പിനും സി.പി.എം പരാതി നൽകിയിട്ടുണ്ട്. വിവിധതലത്തിലെ അന്വേഷണത്തിലൂടെ കുരുക്ക് മുറുക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായി വ്യക്തമാക്കിയ മാത്യു മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണക്കെതിരായ ആരോപണങ്ങളിൽ അന്വേഷണം നേരിടാൻ ഒരുക്കമാണോ എന്ന ചോദ്യവും മുന്നോട്ടുവെച്ചിരുന്നു. ഇതോടെയാണ് സി.പി.എം നീക്കം ശക്തമാക്കിയത്. ചിന്നക്കനാലിൽ മാത്യു കുഴൽനാടനുള്ളത് റിസോർട്ട് തന്നെയെന്നും വെളിപ്പെടുത്തിയ വരുമാനത്തിന്റെ 30 മടങ്ങ് സമ്പാദിച്ചെന്നും സി.പി.എം എറണാകുളം ജില്ല സെക്രട്ടറി ആരോപിച്ചിട്ടുണ്ട്.
മുഖ്യമന്ത്രിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ച മാത്യു കുഴൽനാടൻ സർക്കാറിന്റെയും സി.പി.എമ്മിന്റെയും കണ്ണിലെ കരടാണ്. സ്വകാര്യ കരിമണൽ കമ്പനിയിൽനിന്ന് പണം കൈപ്പറ്റിയവരുടെ പട്ടികയിൽ പിണറായി വിജയനൊപ്പം മുതിർന്ന യു.ഡി.എഫ് നേതാക്കളായ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരുടെ പേരുകളുമുണ്ട്. അതിനാൽ യു.ഡി.എഫ് നേതൃത്വം മുഖ്യമന്ത്രിക്കും മകൾക്കുമെതിരായ മാസപ്പടി വിവാദം ഏറ്റെടുക്കാൻ ആദ്യം വിസമ്മതിച്ചു. വിവാദം കത്തിച്ചത് മാത്യുവാണ്. അതിന് പിന്നാലെയാണ് മാത്യുവിനെതിരെ സ്റ്റാമ്പ് ഡ്യൂട്ടി വെട്ടിപ്പ് ആരോപണവുമായി സി.പി.എം രംഗത്തുവന്നത്. യു.ഡി.എഫ് നേതൃത്വത്തിന്റെ പിന്തുണ ഇല്ലാതെയാണ് മാത്യു മാസപ്പടി വിവാദം നിയമസഭയിലും പുറത്തും ഉന്നയിച്ചത്. എന്നാൽ, മാത്യുവിനെ ഒറ്റതിരിഞ്ഞ് ആക്രമിച്ച് നിശ്ശബ്ദമാക്കാനുള്ള സി.പി.എം നീക്കം തുടങ്ങിയതോടെ കഥ മാറുകയും നേതാക്കൾ മാസപ്പടി വിവാദം ഏറ്റെടുക്കുകയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.