ഖമറുദ്ദീൻ എം.എൽ.എ പദവി ദുരുപയോഗം ചെയ്തെന്ന് സർക്കാർ
text_fieldsകൊച്ചി: സ്വർണ പദ്ധതിയിലേക്ക് പണം നിക്ഷേപിക്കാൻ എം.സി. ഖമറുദ്ദീൻ എം.എൽ.എ പദവിയും സമൂഹത്തിലെ സ്ഥാനവും ദുരുപയോഗം ചെയ്ത് പ്രേരണ ചെലുത്തിയതായി സർക്കാർ ഹൈകോടതിയിൽ.
ഖമറുദ്ദീനാണ് നിക്ഷേപ തട്ടിപ്പിന് പിന്നിലെ സൂത്രധാരനെന്നും പത്തനംതിട്ട പോപുലർ ഫിനാൻസ് നിക്ഷേപത്തട്ടിപ്പിന് സമാനമാണ് ഇതെന്നും സർക്കാർ അഭിഭാഷകൻ വ്യക്തമാക്കി. തനിക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഖമറുദ്ദീൻ നൽകിയ ഹരജിയിലാണ് വിശദീകരണം. എല്ലാ കക്ഷികളുടെയും വാദം പൂർത്തിയായതിനെ തുടർന്ന് ജസ്റ്റിസ് വി.ജി. അരുൺ ഹരജി വിധിപറയാൻ മാറ്റി.
കേരള നിക്ഷേപ സംരക്ഷണ നിയമ പ്രകാരവും ബഡ്സ് ആക്ട് പ്രകാരവും കേസെടുത്തിട്ടുണ്ടെന്നും അന്വേഷണ പുരോഗതിക്കനുസരിച്ച് മറ്റ് ഡയറക്ടർമാരെയും പ്രതിയായി ചേർക്കുമെന്നും സർക്കാർ വ്യക്തമാക്കി. ഓഹരി സർട്ടിഫിക്കറ്റുകൾ നൽകാതെ നിക്ഷേപകരെ കബളിപ്പിച്ചു. എട്ടു കോടി രൂപ മുടക്കി ബംഗളൂരുവിൽ ഭൂമി വാങ്ങിയിട്ടുണ്ട്. നൂറു കണക്കിനാളുകൾക്ക് പണം നഷ്ടമായി.
സ്വർണമായും പണമായും നിക്ഷേപം നടത്തിയവരെല്ലം കമ്പനിയിലെ ഒാഹരി ഉടമകളാണെന്ന് ഹരജിക്കാരൻ ചൂണ്ടിക്കാട്ടി. 2007 വരെ നിക്ഷേപിച്ച എല്ലാവർക്കും ഓഹരി സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ട്. മറ്റുള്ളവർക്ക് സർട്ടിഫിക്കറ്റ് നൽകിയിട്ടില്ലെങ്കിലും 2019 സെപ്റ്റംബർ വരെ ലാഭവിഹിതം നൽകിയിട്ടുണ്ട്. 2006 മുതൽ പണം നിക്ഷേപിച്ചവർക്ക് നിക്ഷേപത്തുകയെക്കാൾ കൂടിയ തുക ഇതിനോടകം ലാഭവിഹിതമായി നൽകി. എം.എൽ.എ ആയശേഷം കമ്പനിയുടെ പ്രവർത്തനങ്ങൾ ശ്രദ്ധിക്കാൻ കഴിയാതെ വന്നതോടെയാണ് കമ്പനി നഷ്ടത്തിലായത്. അഞ്ചരക്കിലോയോളം സ്വർണം ഡയറക്ടർമാർ മോഷ്ടിച്ചതായി പൊലീസിൽ പരാതി നൽകിയിട്ടും ശരിയായ അന്വേഷണം നടന്നില്ലെന്നും ഖമറുദ്ദീൻ ചൂണ്ടിക്കാട്ടി.
സ്വർണ ബിസിനസിനായി നിക്ഷേപം സ്വീകരിച്ചത് ഓഹരിയായിട്ടാണെന്ന് ഡയറക്ടർമാർ നിക്ഷേപകരെ ബോധ്യപ്പെടുത്തണമായിരുന്നെന്ന് ബുധനാഴ്ച കേസ് പരിഗണിക്കവേ കോടതി ചൂണ്ടിക്കാട്ടി. കമ്പനി നിയമ പ്രകാരം രജിസ്റ്റർ ചെയ്ത സ്ഥാപനം എങ്ങനെയാണ് ഓഹരി സ്വീകരിക്കുകയെന്ന് കോടതി ആരാഞ്ഞു. കമ്പനിയുടെ അക്കൗണ്ടിലേക്കാണ് എല്ലാവരും പണം നൽകിയതെന്നും അതിൽനിന്ന് തന്നെയാണ് എല്ലാവർക്കും ലാഭവിഹിതം നൽകിയതെന്നും ഹരജിക്കാരൻ വിശദീകരിച്ചു. 100 രൂപയുടെ മുദ്രപ്പത്രത്തിൽ കരാറുണ്ടാക്കിയിട്ട് ഓഹരി ഉടമയാണെന്ന് പറയാനാവുന്നതെങ്ങിനെയാണെന്നും കോടതി ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.