സർക്കാർ അനുമതിയില്ലാതെ ചുമതല: സിസ തോമസിനെതിരെ നടപടിക്ക് നീക്കം
text_fieldsതിരുവനന്തപുരം: ഗവർണർ സാങ്കേതിക സർവകലാശാല വി.സിയുടെ ചുമതല നൽകിയ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ സീനിയർ ജോയന്റ് ഡയറക്ടർ ഡോ. സിസ തോമസിനെതിരെ നടപടിക്ക് സർക്കാർ നീക്കം. സർക്കാർ അനുമതി വാങ്ങാതെ സിസ വി.സിയുടെ ചുമതല ഏറ്റെടുത്തത് ചൂണ്ടിക്കാട്ടിയാണ് നടപടിക്ക് നീക്കം. സിസയുടെ നടപടി സർവിസ് ചട്ടങ്ങളുടെ ലംഘനമാണെന്ന വിലയിരുത്തലിലാണ് സർക്കാർ. ഇതുസംബന്ധിച്ച് സിസയോട് സർക്കാർ വിശദീകരണം തേടും.
സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ 2021ലെ എം.ടെക് പ്രവേശന നടപടികളിൽ ഗുരുതര വീഴ്ച വരുത്തിയെന്ന് സർക്കാർ നിയോഗിച്ച സമിതി കണ്ടെത്തിയ വ്യക്തിയാണ് സിസയെന്നും പരാതി ഉയർന്നിട്ടുണ്ട്. എം.ടെക് പ്രവേശനത്തിന്റെ ചുമതലയുണ്ടായിരുന്ന സീനിയർ ജോയന്റ് ഡയറക്ടർ സിസ കൃത്യനിർവഹണത്തിൽ വീഴ്ചവരുത്തിയെന്നായിരുന്നു കണ്ടെത്തൽ. ഉത്തരവാദിത്തത്തിൽനിന്ന് ഇവരെ മാറ്റിനിർത്താനും സർക്കാർ നിയോഗിച്ച മൂന്നംഗ സമിതി ശിപാർശ ചെയ്തിരുന്നു. ഇടത് അനുകൂല സംഘടനയായ കെ.ജി.ഒ.എയും മറ്റൊരാളും നൽകിയ പരാതികളിൽ ഉന്നത വിദ്യാഭ്യാസ മന്ത്രിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
അതേസമയം, സാങ്കേതിക സർവകലാശാല വി.സിയുടെ ചുമതല നൽകുന്നത് സംബന്ധിച്ച സർക്കാർ ശിപാർശ തള്ളിയ രാജ്ഭവൻ, പകരം ചുമതല ഏറ്റെടുക്കാൻ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറുടെ ചുമതലയുള്ള ഡോ. ബൈജുബായിയോട് നിർദേശിച്ചിരുന്നു. എന്നാൽ, നിലവിലുള്ള ജോലിഭാരം പറഞ്ഞ് ചുമതല ഏറ്റെടുക്കാൻ അവർ വിസമ്മതിച്ചു. സാങ്കേതിക സർവകലാശാല വി.സി പുറത്തായ സാഹചര്യത്തിൽ യു.ജി.സി റെഗുലേഷൻ പ്രകാരം പ്രോ വി.സി ഡോ.എസ്. അയൂബ് പദവിയിൽനിന്ന് പുറത്താകുമെന്ന നിലപാടിലാണ് രാജ്ഭവൻ. ഇതിനെതുടർന്നാണ് സിസ തോമസിന് വി.സിയുടെ ചുമതല നൽകാൻ തീരുമാനിച്ചതെന്നാണ് രാജ്ഭവൻ കേന്ദ്രങ്ങൾ വിശദീകരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.