സി.എ.ജിയെ തള്ളി ഭരണപക്ഷം; ആയുധമാക്കി പ്രതിപക്ഷം
text_fieldsതിരുവനന്തപുരം: പ്രളയം, സാമ്പത്തിക സ്ഥിതി, കിഫ്ബി വിഷയങ്ങളിൽ കംട്രോളർ ആൻഡ് ഒാഡിറ്റർ ജനറലിെൻറ റിപ്പോർട്ട് പ്രതിപക്ഷം ആയുധമാക്കുേമ്പാൾ പ്രതിരോധം തീർത്ത് സർക്കാറും ഇടതുമുന്നണിയും. കിഫ്ബി, പ്രളയം എന്നിവയിൽ സി.എ.ജി റിപ്പോർട്ടിലെ പരാമർശങ്ങൾ ഇടതു നേതാക്കൾ തള്ളി. എന്നാൽ, തങ്ങളുയർത്തിയ വിഷയം അതേപടി സി.എ.ജി അംഗീകരിച്ചതായി പ്രതിപക്ഷം അവകാശപ്പെട്ടു.
കഴിഞ്ഞ റിേപ്പാർട്ടിൽ കിഫ്ബിയെക്കുറിച്ച് അതിനിശിത വിമർശനങ്ങൾ സി.എ.ജി നടത്തിയിരുന്നു. അത് പുതിയ റിപ്പോർട്ടിലും ആവർത്തിച്ചു. കഴിഞ്ഞ റിപ്പോർട്ടിലെ ഭാഗങ്ങൾ നിയമസഭ പ്രമേയത്തിലൂടെ ഒഴിവാക്കിയ സർക്കാറിന് വീണ്ടും വന്ന വിമർശനം തിരിച്ചടിയായി. സാമ്പത്തിക സ്ഥിതിയെയും കടമെടുപ്പിനെയും കുറിച്ച് പുതിയ റിപ്പോർട്ടിലും രൂക്ഷ വിമർശനങ്ങളുണ്ട്. പ്രളയത്തിൽ സി.എ.ജിയുടെ നിഗമനങ്ങളും സർക്കാറിന് വിനയായി. ഡാം തുറന്നത് പ്രളയത്തിെൻറ ആഘാതം കൂട്ടിയെന്ന് സർക്കാർതന്നെ സി.എ.ജിക്ക് മറുപടി നൽകിയതും പുറത്തുവന്നു.
കിഫ്ബി വിഷയത്തിൽ സി.എ.ജി പരാമർശം നിയമസഭ തള്ളിയതാണെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. സി.എ.ജി റിപ്പോർട്ടിലെ പരാമർശങ്ങൾ ആവർത്തിക്കുന്നത് അസാധാരണമാണ്. രണ്ടാമതും എന്തുകൊണ്ട് വരുന്നുവെന്നത് ഉൗഹിക്കാവുന്നതാണ്. കമ്പനി നിയമപ്രകാരമാണ് കിഫ്ബിയും സാമൂഹിക സുരക്ഷ പെൻഷൻ ലിമിറ്റഡും പ്രവർത്തിക്കുന്നത്. പരമാവധി ആളുകൾക്ക് സഹായം നൽകുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. മുൻ ധനമന്ത്രി ഡോ. തോമസ് െഎസക്കും കടുത്ത വിമർശനമാണ് സി.എ.ജിക്കെതിരെ ഉയർത്തിയത്. പ്രളയവുമായി ബന്ധപ്പെട്ട പരാമർശങ്ങൾക്കെതിരെ മുൻ വൈദ്യുതി മന്ത്രി എം.എം. മണിയും കടുത്ത വിമർശനം ഉയർത്തി.
സി.എ.ജി റിപ്പോർട്ടിലെ വിമർശനങ്ങൾക്ക് രാഷ്ട്രീയമായിതന്നെ മറുപടി പറയാനുള്ള നീക്കത്തിലാണ് സി.പി.എം.
പ്രതിപക്ഷം നിരന്തരം ഉന്നയിച്ച ആക്ഷേപങ്ങൾ ശരിയാണെന്ന് തെളിയിക്കുന്നതാണ് സി.എ.ജി റിപ്പോർെട്ടന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വിമർശിച്ചു. മൂന്നാം തവണയും സി.എ.ജി റിപ്പോർട്ടിൽ കിഫ്ബിക്കെതിരെ ഉണ്ടായ ഗുരുതര പരാമർശങ്ങൾക്ക് സർക്കാർ ജനങ്ങളോട് മാപ്പ് പറയണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്റെ കടമെടുപ്പിനു കേന്ദ്രം നിശ്ചയിച്ച പരിധി മറികടക്കാന് കിഫ്ബി പോലുള്ള ഏജൻസികളെ ഉപയോഗിച്ചാൽ ബാധ്യത മുഴുവൻ സർക്കാർ ഏറ്റെടുക്കേണ്ടിവരുമെന്ന് വ്യാഴാഴ്ച നിയമസഭയിൽ സമർപ്പിച്ച റിപ്പോർട്ടിൽ സി.എ.ജി ചൂണ്ടിക്കാട്ടിയിരുന്നു. ഇവയുടെ കണക്കുകൾക്ക് നിയമസഭയുടെ അംഗീകാരമില്ലെന്നും ഇത്തരം ബാധ്യതകളെക്കുറിച്ച് നിയമസഭ അറിയുന്നില്ലെന്നും റിപ്പോർട്ടിലുണ്ട്.
റിപ്പോർട്ട് വികലം –എം.എം. മണി
ഇടുക്കി: 2018ലെ പ്രളയം സംബന്ധിച്ച് സി.എ.ജി നൽകിയ റിപ്പോർട്ട് വികലമാണെന്ന് മുൻ വൈദ്യുതി മന്ത്രി എം.എം. മണി. അതിതീവ്രമഴ മൂലമാണ് ഡാമുകൾ തുറന്നത്. 2019ലും കഴിഞ്ഞ വർഷവും പല മേഖലകളിലും സമാന സാഹചര്യമുണ്ടായി. 2018ൽ തുറന്നില്ലായിരുന്നെങ്കിൽ അണക്കെട്ടുകൾക്ക് എന്ത് സംഭവിക്കുമെന്ന് പറയാനാവില്ല. അപ്രതീക്ഷിതമഴയും അനുബന്ധ പ്രശ്നങ്ങളും കണക്കിലെടുക്കാതെയാണ് സി.എ.ജി റിപ്പോർട്ട്. ഇതിനുപിന്നിൽ രാഷ്ട്രീയ ഇടപെടലുണ്ടോയെന്ന് സംശയിക്കണം- എം.എം. മണി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.