സർക്കാറും പൊലീസും രണ്ടുതരം നീതി നടപ്പാക്കുന്നു -വി.ഡി. സതീശൻ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസ് രണ്ടുതരം നീതിയാണ് നടപ്പാക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സ്വർണക്കടത്ത് വിഷയത്തിൽ സമരം ശക്തമാക്കുമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ അറിയിച്ചു.
പൂന്തുറ എസ്.ഐയെ ഡി.വൈ.എഫ്.ഐക്കാർ പിന്നിൽനിന്ന് തലക്കടിച്ച് കൊല്ലാൻ ശ്രമിച്ചിട്ടും വധശ്രമത്തിന് കേസെടുക്കാത്ത പൊലീസ്, വിമാനത്തിൽ 'പ്രതിഷേധമെന്ന്' രണ്ട് തവണ മുദ്രാവാക്യം വിളിച്ച യൂത്ത് കോൺഗ്രസുകാർക്കെതിരെ വധശ്രമത്തിന് കേസെടുത്തു. സി.പി.എം അനുഭാവിയായ പൊലീസ് അസോസിയേഷൻ നേതാവിന്‍റെ അധികാര പരിധിയിലാണ് ഈ രണ്ട് സംഭവങ്ങളും നടന്നിട്ടുള്ളത്. സ്വർണക്കടത്തിലെ വെളിപ്പെടുത്തലിനെ തുടർന്ന് അകപ്പെട്ട പടുകുഴിയിൽനിന്ന് മുഖ്യമന്ത്രിയെ രക്ഷിച്ചെടുക്കുന്നതിന് ശ്രദ്ധതിരിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. സര്‍ക്കാറിന്റെ ചില്ലിക്കാശും ഔദാര്യവും കൈപ്പറ്റി സാംസ്‌കാരിക വേഷമിട്ട് നടക്കുന്നവരാണ് മുഖ്യമന്ത്രിയെ സംരക്ഷിക്കാന്‍ ഇപ്പോള്‍ തെരുവില്‍ ഇറങ്ങിയിട്ടുള്ളത്.
വധഭീഷണി മുഴക്കിയാൽ താനും കെ.പി.സി.സി പ്രസിഡന്‍റും ഭയന്ന് പിന്മാറുമെന്നത് മുഖ്യമന്ത്രിയുടെ വ്യാമോഹമാണ്. ശക്തമായ സമരവുമായി യു.ഡി.എഫ് മുന്നോട്ടുപോകും. മുഖ്യമന്ത്രിക്കെതിരെ ഉയർന്ന ആരോപണം തെറ്റാണെന്ന് വാദിക്കാൻ ഭരണപക്ഷത്തെ ആരും തയാറായിട്ടില്ല. മുഖ്യമന്ത്രിയെ ആക്രമിക്കാൻ ആരെങ്കിലും ശ്രമിച്ചാൽ അതിനെതിരെ ആദ്യം നിലപാടെടുക്കുക പ്രതിപക്ഷ നേതാവായിരിക്കും. മുഖ്യമന്ത്രി പോയശേഷമാണ് വിമാനത്തിൽ പ്രതിഷേധമുണ്ടായതെന്ന് ഇ.പി. ജയരാജൻ സംഭവം കഴിഞ്ഞയുടൻ പറഞ്ഞിരുന്നു. കോടിയേരിയും അക്കാര്യം പ്രസംഗിച്ചു. വധശ്രമം ആരോപിച്ച് വ്യാജകേസ് എടുക്കുന്നതിന്‍റെ ഭാഗമായി പിന്നീട് ഇരുവരും അഭിപ്രായം മാറ്റുകയായിരുന്നു.
ലോക കേരളസഭ ബഹിഷ്കരിക്കാൻ യു.ഡി.എഫ് തീരുമാനിച്ചത് ഐകകണ്ഠ്യേനയാണ്. നൂറുകണക്കിന് യു.ഡി.എഫ് പ്രവർത്തകർ അക്രമത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കിടക്കുമ്പോൾ ലോക കേരളസഭയുമായി സഹകരിക്കാൻ തക്ക വിശാല മനസ്സ് യു.ഡി.എഫിനില്ലെന്നും സതീശൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.