ആശമാരെ സഹായിക്കാൻ കിട്ടുന്ന ഏത് സന്ദർഭവും ഉപയോഗിക്കും, ആശമാരുടെ താൽപര്യത്തിനൊപ്പമാണ് സർക്കാറും സി.പി.എമ്മും -ടി.പി. രാമകൃഷ്ണൻ
text_fieldsതിരുവനന്തപുരം: ആശമാരുടെ താൽപര്യത്തിനൊപ്പമാണ് സർക്കാറും സി.പി.എമ്മുമെന്നും ആശമാരെ സഹായിക്കാൻ കിട്ടുന്ന ഏത് സന്ദർഭവും ഉപയോഗിക്കുമെന്നും എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. 36 ദിവസമായി രാപ്പകൽ സമരം ചെയ്യുന്ന ആശാ വർക്കർമാർ ഇന്ന് സെക്രട്ടേറിയറ്റ് ഉപരോധം ആരംഭിച്ചിരിക്കെ ഇതേക്കുറിച്ചുള്ള മമാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു എൽ.ഡി.എഫ് കൺവീനർ.
കേന്ദ്ര നിലപാട് തിരുത്തിക്കുന്നതിന് വേണ്ടിയുള്ള സമരമാണ് വേണ്ടത്. ഇത് ബോധ്യമാകാത്ത ചിലരാണ് പിന്നിൽനിന്ന് സമരത്തിന് നേതൃത്വം നൽകുന്നത്. ആ പ്രശ്നത്തിന് പരിഹാരമുണ്ടാക്കണമെന്ന് അവർക്ക് തന്നെ തോന്നണം. അവർക്ക് തോന്നിക്കഴിഞ്ഞാൽ വേഗത്തിൽ ഈ പ്രശ്നത്തിന് പരിഹാരമുണ്ടാക്കാൻ സാധിക്കും -അദ്ദേഹം പറഞ്ഞു.
ഇതിന്‍റെ പിറകിൽ നയിക്കുന്നവർ വേറെ ആരൊക്കെയോ ആണ്. ആശമാരുടെ താൽപര്യത്തിനൊപ്പമാണ് കേരളത്തിലെ സർക്കാറും പ്രത്യേകിച്ച് സി.പി.എമ്മും. ആശമാരെ സഹായിക്കാൻ കിട്ടുന്ന ഏത് സന്ദർഭവും ഞങ്ങൾ ഉപയോഗിക്കും -എൽ.ഡി.എഫ് കൺവീനർ വ്യക്തമാക്കി.
രാപ്പകൽ സമരം സർക്കാർ അവഗണിക്കുന്നിൽ പ്രതിഷേധിച്ചാണ് സെക്രട്ടേറിയറ്റ് ഉപരോധത്തിലേക്ക് ആശമാർ കടന്നിരിക്കുന്നത്. ഇത് നേരിടാൻ പാലിയേറ്റിവ് ഗ്രിഡ് പരിശീലനം എന്ന പേരിൽ അടിയന്തിര പരിപാടി പ്രഖ്യാപിച്ച് അശമാരെ സമരത്തിൽ നിന്ന് തടയാനാണ് സർക്കാർ ശ്രമിക്കുന്നത്. പരിശീലനം ബഹിഷ്കരിച്ച് വിവിധ ജില്ലകളിൽനിന്ന് ആശാവർക്കർമാർ തലസ്ഥാനത്തെത്തിയിട്ടുണ്ട്. ഓണറേറിയം വർദ്ധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം നൽകുക തുടങ്ങിയ ജീവൽ പ്രധാനങ്ങളായ ആവശ്യങ്ങളാണ് അശവർക്കർമാർ ഉന്നയിക്കുന്നത്.
സെക്രട്ടേറിയറ്റ് ഉപരോധം ആരംഭിച്ചതോടെ വൻ സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. ഗേറ്റുകൾ രാവിലെ മുതൽ പൊലീസ് അടച്ചുപൂട്ടിയിട്ടുണ്ട്. പിന്തുണയുമായി വിവിധ സംഘടനകളും ഉപരോധത്തിന് എത്തിയിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.