സർക്കാർ വാർഷികം: കേക്ക് മുറിച്ച് മുഖ്യമന്ത്രി; ആഘോഷം ജൂൺ രണ്ടിന്
text_fieldsതിരുവനന്തപുരം: രണ്ടാം പിണറായി സർക്കാറിന്‍റെ ഒന്നാം വാർഷിക ദിനത്തിൽ ഓഫിസിൽ കേക്ക് മുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്‍റെ സാഹചര്യത്തിൽ ആഘോഷം ജൂൺ രണ്ടിലേക്ക് മാറ്റിയിരുന്നു. അതിനാൽ വെള്ളിയാഴ്ച വലിയ ആഘോഷങ്ങളൊന്നും സംഘടിപ്പിച്ചിരുന്നില്ല.
രാവിലെ സെക്രട്ടേറിയറ്റിലെ ഓഫിസിലെത്തിയ മുഖ്യമന്ത്രി കേക്ക് മുറിച്ചു. ചീഫ് സെക്രട്ടറി വി.പി. ജോയ്, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി, പ്രസ് സെക്രട്ടറി പി.എം. മനോജ്, മാധ്യമ ഉപദേഷ്ടാവ് പ്രഭാവർമ എന്നിവരും പങ്കെടുത്തു. ഓഫിസിലെ ജീവനക്കാരെല്ലാമെത്തി. മുഖ്യമന്ത്രി തന്നെ കേക്ക് മുറിച്ച് എല്ലാവർക്കും നൽകി.
സർക്കാറിന് ഒരുവർഷം തികയുന്ന ദിവസം യു.ഡി.എഫും ബി.ജെ.പിയും സമരവുമായി രംഗത്തെത്തി. യു.ഡി.എഫ് സംസ്ഥാനത്തെ 1300 കേന്ദ്രങ്ങളിൽ സായാഹ്ന ധർണ സംഘടിപ്പിച്ചു. എൻ.ഡി.എയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിനു മുന്നിൽ ധർണ നടത്തി.
ജൂൺ രണ്ടിനാണ് തിരുവനന്തപുരത്ത് സർക്കാറിന്‍റെ ആഘോഷ പരിപാടികൾ. അതിന് മുന്നോടിയായി തിരുവനന്തപുരം ജില്ലയിൽ സർക്കാറിന്‍റെ നേട്ടങ്ങൾ വ്യക്തമാക്കുന്ന പ്രദർശനം നടക്കും. ഒന്നാം വാർഷികത്തോടനുബന്ധിച്ച് നൂറുദിന കർമപരിപാടികൾ സർക്കാർ പ്രഖ്യാപിച്ചിരുന്നു. പ്രഖ്യാപിച്ച പദ്ധതികളിൽ പൂർത്തീകരിച്ചതിന്‍റെ വിശദാംശങ്ങൾ മുഖ്യമന്ത്രി തന്നെ ജൂൺ രണ്ടിന് പ്രഖ്യാപിക്കും.
തൃക്കാക്കര വോട്ടെടുപ്പിന് പിന്നാലെയാണ് വാർഷികാഘോഷം. ജൂൺ മൂന്നിനാണ് വോട്ടെണ്ണൽ. സർക്കാറിന്‍റെ മുന്നോട്ടുള്ള കാഴ്ചപ്പാട് വിശദീകരിച്ച് മുഖ്യമന്ത്രിയും കോട്ടങ്ങൾ ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും വെള്ളിയാഴ്ച ലേഖനം പ്രസിദ്ധീകരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.