സർക്കാർ പ്രഖ്യാപനങ്ങൾ പാഴായി; പേവിഷ മരണവും തെരുവനായ് ആക്രമണവും കൂടുന്നു
text_fieldsതിരുവനന്തപുരം: സർക്കാർ പ്രഖ്യാപനങ്ങൾ പാഴായതോടെ സംസ്ഥാനത്ത് പേവിഷബാധയേറ്റുള്ള മരണങ്ങളും തെരുവുനായ് ആക്രമണങ്ങളും വർധിക്കുന്നു. അഞ്ചു മാസത്തിനിടെ പേവിഷബാധയേറ്റ് അഞ്ചുപേർ മരിച്ചു. ഏപ്രിലിൽ മാത്രം ഇത്തരത്തിൽ മൂന്നു മരണം റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞവർഷം തെരുവുനായ് ആക്രമണങ്ങളും പേവിഷബാധയേറ്റുള്ള മരണങ്ങളും കുത്തനെ ഉയർന്നതോടെ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ തെരുവുനായ് നിർമാർജനത്തിന് തീവ്രയജ്ഞ പരിപാടികൾ ആസൂത്രണം ചെയ്തിരുന്നു. കഴിഞ്ഞ സെപ്റ്റംബർ 20 മുതൽ തെരുവുനായ്ക്കൾക്ക് ഒരുമാസം നീളുന്ന വാക്സിനേഷൻ യജ്ഞം പ്രഖ്യാപിച്ചു. തെരുവുനായ്ശല്യം പൂർണമായി ഇല്ലാതാക്കാൻ അടിയന്തര, ദീർഘകാല പരിപാടികൾ നടപ്പാക്കുമെന്നും കടിയേൽക്കുന്നവർക്ക് പേവിഷബാധയുണ്ടാകുന്ന സാഹചര്യം പൂർണമായി ഒഴിവാക്കുമെന്നും മന്ത്രി എം.ബി. രാജേഷ് വ്യക്തമാക്കി. എന്നാൽ, സാമ്പത്തിക പ്രതിസന്ധി മൂലം ഇഴഞ്ഞുനീങ്ങിയ വാക്സിനേഷൻ യജ്ഞം വളർത്തുനായ്ക്കളിൽ മാത്രമാണ് പൂർത്തിയാക്കാനായത്.
തെരുവുനായ് വാക്സിനേഷൻ പാതിവഴിയിൽ അവസാനിച്ചു. ചില തദ്ദേശ സ്ഥാപനങ്ങളിൽ തുടങ്ങാൻ പോലുമായില്ല. തെരുവുനായ്ക്കളുടെ വന്ധ്യംകരണവും കാര്യക്ഷമമാക്കാനായില്ല. ചെറിയ ഇടവേളക്കുശേഷം തെരുവുനായ് ശല്യം രൂക്ഷമാവുകയാണ്.
ദിവസം 25,000-30,000ത്തോളം പേർ നായ് കടിയേറ്റ് മെഡിക്കൽ കോളജുകളുൾപ്പെടെ സർക്കാർ ആശുപത്രികളിൽ ചികിത്സതേടുന്നു. കഴിഞ്ഞവർഷമാണ് കൂടുതൽ പേവിഷബാധ മരണങ്ങൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത് -24 പേർ. ഇതിൽ അഞ്ചുപേർ വളർത്തുനായുടെ കടിയേറ്റാണ് മരിച്ചതെന്ന് ആരോഗ്യവകുപ്പ് പറയുന്നു.
ആറുലക്ഷത്തോളം പേർക്ക് കടിയേറ്റു. തെരുവുനായ് ശല്യം വീണ്ടും വർധിക്കുമ്പോൾ നിയന്ത്രണമാർഗങ്ങൾ കാലേക്കൂട്ടി ആരംഭിക്കണമെന്ന് വിദഗ്ധർ ആവശ്യപ്പെടുന്നു. 2030ഓടുകൂടി നായ്ക്കള്വഴിയുള്ള പേവിഷബാധയും പേവിഷബാധമൂലമുള്ള മരണവും തുടച്ചുനീക്കുക എന്ന ലക്ഷ്യം നേടാനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമ്പോഴാണ് സംസ്ഥാനത്ത് തെരുവുനായ് ശല്യം ആശങ്കജനകമായി വർധിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.