പി.ടി. തോമസ് എം.എൽ.എക്കെതിരെ വിജിലൻസ് അന്വേഷണത്തിന് അനുമതി
text_fieldsതിരുവനന്തപുരം: തോട് കൈയേറി കെട്ടിടവും മൈതാനവും നിർമിച്ച സംഭവത്തിൽ പി.ടി. തോമസ് എം.എൽ.എക്കെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ അനുമതി. വിജിലൻസ് ഡയറക്ടറുടെ കത്ത് അനുസരിച്ചാണ് അഴിമതി നിരോധന നിയമം 17 പ്രകാരം പ്രാഥമികാന്വേഷണത്തിന് അനുമതി നൽകിയത്. പി.ടി. തോമസിനെതിരെ കേസെടുക്കണമെന്ന് മൂവാറ്റുപുഴ വിജിലൻസ് കോടതി നേരത്തേ ഉത്തരവിട്ടിരുന്നു.
കൊച്ചി നഗരസഭ 57ാം വാർഡിലെ ചിലവന്നൂർ കായൽ മുതൽ പൊന്നേത്തുകനാൽ വരെയുള്ള കൊച്ചിപ്പള്ളി തോട് കൈയേറിയെന്നാരോപിച്ച് ചെഷയർ ടാർസനാണ് കോടതിയെ സമീപിച്ചത്. മുതിർന്ന പൗരന്മാർക്കുള്ള പാർക്കും ഫുട്ബാൾ ഗ്രൗണ്ടും നിർമിക്കുന്നതിന് എറണാകുളം കോഓപറേറ്റിവ് ഹൗസ് കൺസ്ട്രക്ഷൻ സൊസൈറ്റി ഭൂമിയിലേക്ക് വഴിയുണ്ടാക്കാനായി നികത്തൽ നടത്തിയെന്നാണ് ആരോപണം.
ഇവിടെ ചതുപ്പുനിലം നികത്തി കളിസ്ഥലം, പാർക്ക് എന്നിവ നിർമിക്കാൻ കോർപറേഷൻ തീരുമാനിച്ചിരുന്നു. ഇതിെൻറ ഭാഗമായി സൊസൈറ്റി ഭൂമിയിലേക്ക് റോഡ് നിർമാണത്തിനും തീരുമാനിച്ചു. പി.ടി. തോമസ് എം.എൽ.എയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലായിരുന്നു തീരുമാനം. തീരുമാനത്തിനു പിന്നിൽ അഴിമതി ചൂണ്ടിക്കാട്ടിയാണ് വിജിലൻസ് കോടതിയിൽ ഹരജി സമർപ്പിക്കപ്പെട്ടത്. നിയമസഭാംഗം എന്ന നിലയിൽ പി.ടി. തോമസിനെതിരെ അന്വേഷണത്തിന് വിജിലൻസ് ഡയറക്ടർ സ്പീക്കറുടെ അനുമതിയും തേടിയിരുന്നു. ജൂലൈ 26ന് സ്പീക്കർ അനുമതി നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.