എൻ.എഫ്.എസ്.എ തൊഴിലാളികളുടെ കൂലി വർധന സർക്കാർ തടഞ്ഞ് തൊഴിലാളികൾ സമരത്തിലേക്ക്
text_fieldsതിരുവനന്തപുരം: റേഷൻ വിതരണവുമായി ബന്ധപ്പെട്ട് സിവിൽ സപ്ലൈസ്, എൻ.എഫ്.എസ്.എ ഗോഡൗണുകളിൽ കയറ്റിറക്കു ജോലി ചെയ്യുന്ന തൊഴിലാളികളുടെ കൂലി വർധന നടപ്പാക്കേണ്ടതില്ലെന്ന് സർക്കാർ തീരുമാനിച്ചതിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി കയറ്റിറക്കു തൊഴിലാളികൾ സമരമാരംഭിക്കുമെന്ന് സംസ്ഥാന ഹെഡ് ലോഡ് വർക്കേഴ്സ് ഫെഡറേഷൻ (ഐ.എൻ.ടി.യു.സി ). തിരുവനന്തപുരത്തു ചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തീരുമാനമെടുത്തതെന്ന് ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് എ.കെ.ഹഫീസും ജനറൽ സെക്രട്ടറി വി.ആർ. പ്രതാപനും അറിയിച്ചു.
റേഷൻ കടകളിലും ഗോഡൗണുകളിലും കയറ്റിക്കു നടത്തുന്നതിന് ഉണ്ടായിരുന്ന കരാർ 2023 ഫെബ്രുവരി ആറിന് അവസാനിച്ചിരുന്നു. തുടർന്ന് ലേബർ കമീഷണറുടെയും സിവിൽ സപ്ലൈസ് അധികൃതരുടെയും, കരാറുകാരുടെയും പ്രതിനിധികൾ തൊഴിൽ, ഭക്ഷ്യ സിവിൽ സപ്ലൈസ്, ധനകാര്യ മന്ത്രിമാരുടെ സാന്നിധ്യത്തിൽ നിരന്തരമായി ചർച്ചകൾ നടത്തി.
ഉദ്യോഗസ്ഥ നേതൃത്വത്തിൽ കമ്മിറ്റിയെ ചുമതലപ്പെടുത്തി റിപ്പോർട്ടുകൾ തയാറാക്കി 15 ശതമാനം കൂലി വർധനയെന്നത് ചർച്ചകളിൽ ധാരണയും തീരുമാനവുമായി. അതിനുശേഷം സർക്കാർ ഏകപക്ഷീയമായി കൂലി വർധിപ്പിക്കില്ലെന്ന് കഴിഞ്ഞ ദിവസം ഉത്തരവിറക്കി. തൊഴിലാളികളുടെ കൂലി വർധന നിഷേധിക്കാൻ കാരണമായി
പറയുന്നത് സർക്കാരിൻറെ സാമ്പത്തിക പ്രതിസന്ധിയാണ്. തുച്ഛ വരുമാനക്കാരും അത്താഴപ്പട്ടിണിക്കാരുമായ തൊഴിലാളികളുടെ പട്ടിണി പിഴിഞ്ഞെടുക്കുന്ന പണമാണ് നാലാം വാർഷികത്തിൻറെ ആഡംബരത്തിന് സർക്കാർ ചിലവഴിക്കുന്നത്.ഒരുവശത്ത് തൊഴിലാളികളുമായി ചർച്ചകൾ നടത്തുകയും മറുവശത്ത് കരാറുകാരെ സഹായിക്കാൻ കുറുക്കുവഴികൾ തേടുകയും ചെയ്ത് സർക്കാർ തൊഴിലാളികളെ വഞ്ചിച്ചൂവെന്നും ഫെഡറേഷൻറെ സംസ്ഥാന കമ്മിറ്റി യോഗം അംഗീകരിച്ച പ്രമേയത്തിൽ പറയുന്നു.
ഏകപക്ഷീയമായ സർക്കാർ നടപടികളിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ഗോഡൗണുകൾ അടച്ച് പണി മുടക്കി സമരം ചെയ്യാനും ഐ എൻ ടി യു സി തീരുമാനിച്ചതായി ഫെഡറേഷൻഭാരവാഹികൾ പറഞ്ഞു.
തിരുവനന്തപുരത്ത് ചേർന്ന യോഗത്തിൽ ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് എ.കെ. ഹഫീസ് അദ്ധ്യക്ഷത വഹിച്ചു. വി. ജെ. ജോസഫ്, വി. ആർ പ്രതാപൻ, കെ.കെ. ഇബ്രാഹീം കുട്ടി,പി.പി. അലി ,ബാബു ജോർജ്ജ്, ഡി. കുമാർ ,നബീർ കൊണ്ടോട്ടി, എ. കെ. രാജൻ, മലയം ശ്രീകണ്ഠൻ നായർ, സക്കീർ, നിഷാന്ത് എസ്സ്. നാസറുദീൻ, റ്റി.കെ രമേശൻ, വെട്ടുറോഡ് സലാം, റ്റി.കെ.ഗോപി, പി.പി അലിയാർ , കുഞ്ഞിരാമൻ തുടങ്ങിയവർ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.