'ആ ബോർഡ് ഒന്ന് തുണികൊണ്ട് മറയ്ക്കാമോയെന്ന് മകൾ ചോദിച്ചിരുന്നു, സർക്കാർ ഇനി എന്തുവേണമെങ്കിലും ചെയ്തോട്ടെ'
text_fieldsകൊല്ലം: ബാങ്ക് വീടിന് മുന്നിൽ ജപ്തി ബോർഡ് സ്ഥാപിച്ചതിനെ തുടർന്ന് വിദ്യാർഥി അഭിരാമി ആത്മഹത്യ ചെയ്ത സംഭവത്തിൽ ദു:ഖമടക്കാനാകാതെ പിതാവ് അജികുമാർ. 'പപ്പാ, ഒരു തുണിയെടുത്ത് ആ ബോർഡൊന്ന് മറയ്ക്കാമോയെന്ന് മകൾ ചോദിച്ചിരുന്നു. സർക്കാർ ബോർഡല്ലേ, പ്രശ്നമായാലോ, ബാങ്കിൽ പോയി ഇളവ് ചോദിക്കാമെന്ന് ഞാൻ പറഞ്ഞു. പോയിട്ട് തിരിച്ചെത്തിയപ്പോൾ മകളുടെ അവസ്ഥയിതാണ്. മോൾക്ക് മരിക്കാൻ വേണ്ടിയാണോ വീടുണ്ടാക്കിയത്. ഇനി സർക്കാർ എന്ത് വേണമെങ്കിലും ചെയ്തോട്ടെ' -അഭിരാമിയുടെ പിതാവ് പറഞ്ഞു.
അച്ഛനും അമ്മയും കൂടി ബാങ്കിൽ പോയി സംസാരിച്ച് പരിഹാരമുണ്ടാക്കാം എന്നും പറഞ്ഞാണ് പോയത്. ഇതിന് പിന്നാലെ അഭിരാമി മുറിയിൽ കയറി വാതിലടക്കുകയായിരുന്നു. അപ്പൂപ്പനും അമ്മൂമ്മയുമായിരുന്നു ആ സമയത്ത് വീട്ടിലുണ്ടായിരുന്നത്. പലതവണ വാതിലിൽ മുട്ടിവിളിച്ചും തുറക്കാതായതോടെയാണ് അയൽക്കാരെ വിവരമറിയിച്ചത്. കതക് ചവിട്ടിത്തുറന്നപ്പോൾ കണ്ടത് ചുരിദാറിന്‍റെ ഷാളിൽ തൂങ്ങിനിൽക്കുന്ന അഭിരാമിയെയായിരുന്നു.
2019ലാണ് കേരള ബാങ്കിന്‍റെ പതാരം ശാഖയിൽ നിന്ന് അജികുമാർ 10 ലക്ഷം രൂപ വായ്പയെടുക്കുന്നത്. വീടുപണിയും അച്ഛന്‍റെയും ഭാര്യയുടെയും ചികിത്സാ ചെലവുകളും ഒക്കെ മുന്നോട്ടുകൊണ്ടുപോകാനായിരുന്നു വായ്പ. അജികുമാർ വിദേശത്തായിരുന്നപ്പോൾ കുഴപ്പമുണ്ടായിരുന്നില്ല. എന്നാൽ, കോവിഡിനെ തുടർന്ന് ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയതോടെ തിരിച്ചടവ് മുടങ്ങി. കഴിഞ്ഞ മാർച്ചിൽ ഒന്നരലക്ഷം രൂപ അടച്ചതായി ബന്ധുക്കൾ പറയുന്നു. ബാക്കി തുക ഉടനടയ്ക്കണം എന്ന് ആവശ്യപ്പെട്ട് ബാങ്ക് നിരന്തരം ഇവർക്ക് നോട്ടീസ് നൽകിയിരുന്നു.
ചെങ്ങന്നൂർ എരമല്ലിക്കര ശ്രീ അയ്യപ്പാ കോളജിൽ ബിഎസ്‍സി കംപ്യൂട്ടർ സയൻസ് രണ്ടാം വർഷ വിദ്യാർഥിനിയായിരുന്നു അഭിരാമി. എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടിയ അഭിരാമി പഠനത്തിൽ മിടുക്കിയായിരുന്നു. കോളജ് ഹോസ്റ്റലിൽ നിന്നു പഠിക്കുന്ന അഭിരാമി കഴിഞ്ഞ ദിവസമാണ് വീട്ടിലെത്തിയത്. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ഇന്ന് ഉച്ചയോടെ അഭിരാമിയുടെ മൃതദേഹം സംസ്കരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.