സർക്കാർ കൈയൊഴിഞ്ഞു; ആലപ്പുഴയിൽ ഗുരുതര വൈകല്യങ്ങളോടെ ജനിച്ച നവജാത ശിശുവിന് സൗജന്യ ചികിത്സയില്ല
text_fieldsആലപ്പുഴ: ചികിത്സ പിഴവിനെ തുടർന്ന് ഗുരുതര വൈകല്യങ്ങളോടെ ജനിച്ച നവജാത ശിശുവിന്റെ ഏറ്റെടുക്കുമെന്ന് പറഞ്ഞ ആരോഗ്യ വകുപ്പ് കൈമലർത്തുന്നു.
കഴിഞ്ഞ ദിവസം കുഞ്ഞിന് വേണ്ടിവന്ന വിവിധ പരിശോധനകൾക്ക് ആലപ്പുഴ മെഡിക്കൽ കോളജ് പണം ഈടാക്കിയതായി കുടുംബം ആരോപിച്ചു. 250 രൂപ വീതം രണ്ടു തവണയാണ് ചികിത്സക്കായി പണം ഈടാക്കി. ടാക്സി ഡ്രൈവറായ കുഞ്ഞിന്റെ പിതാവ് അനീഷ് മുഹമ്മദിന് ജോലിക്ക് പോകാൻ കഴിയാത്ത അവസ്ഥയിൽ ചികിത്സക്കായി പണം ഈടാക്കിയത് ഇരുട്ടടിയായി.
സർക്കാറിന്റെ അവഗണനക്കെതിരെ കടപ്പുറം വനിത ശിശു ആശുപത്രിക്ക് മുന്നിൽ സമരം ചെയ്യാൻ ഒരുങ്ങുകയാണ് കുടുംബം.
ആലപ്പുഴ ലജനത്ത് വാർഡിൽ താമസിക്കുന്ന അനീഷ് മുഹമ്മദിനും സുറുമിക്കും ജനിച്ച മൂന്നാമത്തെ കുഞ്ഞിനാണ് ആസാധാരണ വൈകല്യങ്ങൾ ഉണ്ടായത്. ഗർഭകാലത്ത് ഏഴു തവണ സ്കാനിങ് നടത്തിയിട്ടും വൈകല്യങ്ങൾ കണ്ടെത്താനായില്ലെന്നത് ചികിത്സ പിഴവാണെന്നാണ് കുടുംബത്തിന്റെ പരാതി.
വിവാദമായപ്പോൾ ഇടപ്പെട്ട സർക്കാർ കുട്ടിക്ക് സൗജന്യ തുടർ ചികിത്സ വാഗ്ദാനം ചെയ്തിരുന്നു. ആ ഉറപ്പാണ് ഇപ്പോൾ വെറും വാക്കായി മാറിയത്. അതേസമയം, സംഭവത്തിൽ ഗുരുതര വീഴ്ച വരുത്തിയ ആരോഗ്യ വകുപ്പ് അധികൃതകർക്കെതിരെ നടപടി വൈകുന്നുവെന്ന പരാതിയും കുടുംബത്തിനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.