മൂന്നാറിൽ വൻ കൈയേറ്റങ്ങളുടെ പട്ടിക തയാറാക്കുന്നു
text_fieldsതൊടുപുഴ: മൂന്നാറിൽ ഭൂമികൈയേറ്റവും അനധികൃത നിർമാണവും അനിയന്ത്രിതമായി തുടരുന്നുവെന്ന ലാൻഡ് റവന്യൂ കമീഷണറുടെ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ വൻകിട കൈയേറ്റങ്ങളുടെ പട്ടിക തയാറാക്കുന്നു. ഇതു സംബന്ധിച്ച് അടിയന്തര റിപ്പോർട്ട് നൽകാൻ റവന്യൂ വകുപ്പ് കലക്ടർക്ക് നിർദേശം നൽകി. നടപടി ആരംഭിച്ചതായി കലക്ടർ ‘മാധ്യമ’ത്തോട് പറഞ്ഞു. കൈയേറ്റക്കാരുടെ പട്ടിക തയാറാക്കാൻ സ്പെഷൽ തഹസിൽദാർമാരെയാണ് കലക്ടർ ചുമതലപ്പെടുത്തിയത്. അവലോകനയോഗം വൈകാതെ കലക്ടറേറ്റിൽ വിളിക്കും. അന്ന് കൈേയറ്റക്കാരെ സംബന്ധിച്ച പ്രാഥമിക പട്ടിക സമർപ്പിക്കാനും കലക്ടർ നിർദേശം നൽകി.
മൂന്നാറിലെന്നല്ല ഒരിടത്തും കൈയേറ്റം അനുവദിക്കില്ലെന്ന ശക്തമായ നിലപാടിലാണ് ജില്ല ഭരണകൂടം. കർശന ജാഗ്രത പാലിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശവും നൽകിയിട്ടുണ്ട്.
മുൻ ദൗത്യസംഘം ഒഴിപ്പിക്കാനെത്തിയപ്പോൾ ഉണ്ടായിരുന്നതിെനക്കാൾ കൈയേറ്റം മൂന്നാറിലും പരിസരങ്ങളിലും വ്യാപിച്ചിട്ടുണ്ട് .
ഭൂരേഖകളും വ്യാജ പട്ടയങ്ങളും കണ്ടെത്താൻ റവന്യൂ വകുപ്പ് പരിശോധന നടത്തിയെങ്കിലും പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെ പ്രതിഷേധം മൂലം ഇടക്ക് ഉപേക്ഷിക്കേണ്ടിവന്നു. വില്ലേജ്, താലൂക്ക് ഒാഫിസുകളിലെ രേഖകൾ ഉദ്യോഗസ്ഥരുടെ സഹായത്തോടെ നശിപ്പിക്കപ്പെട്ടത് ഭൂമികൈയേറ്റത്തിനും വ്യാജപട്ടയങ്ങൾ വർധിക്കാനും കാരണമായതായാണ് ലാൻഡ് റവന്യൂ കമീഷണറുടെ റിപ്പോർട്ട്.
ജില്ലയിലെ വർധിച്ചുവരുന്ന ഭൂമികൈയേറ്റവും അനധികൃത നിർമാണവും നിയന്ത്രിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് മുൻ ജില്ല പൊലീസ് മേധാവിയും സർക്കാറിന് റിപ്പോർട്ട് നൽകിയിരുന്നു.ദേവികുളത്തും ഉടുമ്പൻചോല താലൂക്കിൽപെട്ട കണ്ണൻദേവൻ ഹിൽസ്, ബൈസൺവാലി, ചിന്നക്കനാൽ, ആനവിലാസം, ശാന്തൻപാറ, പള്ളിവാസൽ എന്നിവടങ്ങളിലും ഭൂമി കൈയേറി വൻകിട കെട്ടിടങ്ങളാണ് ഉയരുന്നത്. ഏപ്രിൽ അവസാനത്തോടെ ഇൗ കൈയേറ്റങ്ങൾ സംബന്ധിച്ച് റിപ്പോർട്ട് സർക്കാറിന് കൈമാറാനാണ് ജില്ല ഭരണകൂടത്തിെൻറ നീക്കം.
റവന്യൂ സംഘത്തിനു പൊലീസ് സംരക്ഷണം
ദേവികുളത്ത് കൈയേറ്റം ഒഴിപ്പിക്കാനെത്തിയ സബ്കലക്ടർ ശ്രീറാം വെങ്കിട്ടരാമൻ ഉൾപ്പെടെയുള്ള റവന്യൂ സംഘത്തെ തടഞ്ഞ സംഭവത്തിനുപിന്നാലെ ഉദ്യോഗസ്ഥരുടെ സുരക്ഷാർഥം എസ്.ഐയും വനിത പൊലീസുകാരുമുൾപ്പെടെ ഏഴംഗ സംഘത്തെ വെള്ളിയാഴ്ച മുതൽ നിയോഗിച്ചു. കൈയേറ്റം ഒഴിപ്പിക്കൽ നടക്കുന്ന പ്രദേശങ്ങളിൽ പൊലീസ് സംഘം റവന്യൂ ഉദ്യോഗസ്ഥർക്കൊപ്പമുണ്ടാകും. സംഘർഷമുണ്ടായാൽ നേരിടാൻ പൊലീസ് സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.
ദേവികുളത്തും മൂന്നാറിലും സബ്കലക്ടർ ശ്രീറാം വെങ്കിട്ടരാമെൻറ നേതൃത്വത്തിൽ കൈയേറ്റങ്ങൾക്കെതിരെ ശക്തമായ നടപടികളാണ് സ്വീകരിച്ചത്. മൂന്നാർ ഇക്കാനഗറിലും ടൗണിലും ദേവികുളത്തും കൈയേറ്റം ഒഴിപ്പിക്കാൻ നേരിട്ടെത്തിയ സബ്കലക്ടർക്കെതിരെ ദേവികുളം എം.എൽ.എ എസ്. രാജേന്ദ്രനടക്കമുള്ള നേതാക്കൾ ഭീഷണി മുഴക്കുകയും കൈയേറ്റംചെയ്യാൻ ശ്രമിക്കുകയും തടഞ്ഞുവെക്കുകയും ചെയ്തിരുന്നു.
സംഭവം വിവാദമാകുകയും സർക്കാറിെൻറ നിർദേശപ്രകാരം പ്രവർത്തിക്കുന്ന സബ്കലക്ടർക്ക് പൊലീസ് സംരക്ഷണം നൽകണമെന്ന് റവന്യൂ മന്ത്രി മുഖ്യമന്ത്രിയോട് ആവശ്യപ്പെടുകയുമായിരുന്നു. വരുംദിവസങ്ങളിൽ വൻകിട കൈയേറ്റങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്.
മുൻ ആർ.ഡി.ഒ സബിൻ സമീദിെൻറ കാലത്ത് പള്ളിവാസലിൽ 139 അനധികൃത റിസോർട്ടുകൾക്ക് സ്റ്റോപ് മെമ്മോ നൽകിയിരുന്നു. എന്നാൽ, സ്റ്റോപ് മെമ്മോ അവഗണിച്ച് നിർമാണം പൂർത്തിയാക്കി റിസോർട്ടുകൾ പ്രവർത്തനം ആരംഭിച്ചു.ഇത്തരം റിസോർട്ടുകളിൽ നോട്ടീസ് നൽകുകയാണ് അടുത്ത നടപടി.
മൂന്നാറിെൻറ സമീപപ്രദേശങ്ങളായ ലക്ഷ്മി, പോതമേട്, പള്ളിവാസൽ മേഖലകളിൽ നിയമങ്ങൾ കാറ്റിൽപറത്തി നൂറുകണക്കിന് റിസോർട്ടുകളാണ് ഉയർന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.