അട്ടപ്പാടിയിലെ ആരോഗ്യ സംരക്ഷണം ഉറപ്പുവരുത്തുന്നതിൽ സർക്കാർ തികഞ്ഞ പരാജയം -വെൽഫെയർ പാർട്ടി
text_fieldsതിരുവനന്തപുരം: അട്ടപ്പാടിയിലെ ശിശുമരണം നിയന്ത്രിക്കുന്നതിലും ജനങ്ങളുടെ ആരോഗ്യ സംരക്ഷണം ഉറപ്പുവരുത്തുന്നതിലും സർക്കാർ തികഞ്ഞ പരാജയമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്‍റ് ഹമീദ് വാണിയമ്പലം പറഞ്ഞു. കഴിഞ്ഞ നാല് ദിവസത്തിനിടയിൽ തന്നെ അഞ്ചിലധികം മരണങ്ങളാണ് അട്ടപ്പാടിയിൽ സംഭവിച്ചിട്ടുള്ളത്.
എല്ലാ മരണങ്ങളുടെയും അടിസ്ഥാന കാരണമായി ആരോഗ്യ വിദഗ്ധർ വിലയിരുത്തുന്നത് പ്രദേശത്തെ പോഷകാഹാര കുറവാണ്. അട്ടപ്പാടിയിലെ ജനസമൂഹത്തോട് ഭരണകൂടം പുലർത്തുന്ന ജാതി വിവേചന ഭീകരതയുടെ ചിത്രങ്ങളാണ് ഇതിലൂടെ പുറത്തുവരുന്നത്.
വിവിധ വകുപ്പുകളിലായി അനേകായിരം പദ്ധതികൾ പ്രഖ്യാപിക്കുമ്പോഴും അടിസ്ഥാന ജനവിഭാഗങ്ങളിലേക്ക് അവ എത്തിച്ചേരുന്നില്ല എന്നതിന്‍റെ ഉദാഹരണമാണ് ഇത്തരം മരണങ്ങൾ. മുൻകാലങ്ങളിൽ പലപ്പോഴും ആവർത്തിച്ച് ശിശുമരണം സംഭവിച്ചപ്പോൾ പ്രഖ്യാപിച്ച പല പദ്ധതികളും പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ട അവസ്ഥയാണ്.
ജനനി ജന്മരക്ഷ പദ്ധതി പോലുള്ളവ അർഹരിലേക്ക് എത്തിക്കുന്നതിന് ഭരണകൂടം മുൻകൈ എടുക്കുന്നില്ല. ജനനി ജന്മരക്ഷ പദ്ധതി പ്രകാരം ലഭിക്കേണ്ടിയിരുന്ന ഭക്ഷണസാധനങ്ങൾ പോലും കഴിഞ്ഞ എട്ടു മാസമായി മുടങ്ങിക്കിടക്കുകയാണ്.
അട്ടപ്പാടിയിൽ ശിശുമരണങ്ങൾ തുടർക്കഥയാവുകയാണ്. ഒരു വർഷത്തിനിടയിൽ പന്ത്രണ്ടാമത്തെ ശിശുമരണമാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്യപ്പെട്ടത്. മെഡിക്കൽ വിഭാഗത്തിന്റെ നേതൃത്വത്തിൽ വ്യത്യസ്ത ഉപസമിതികൾ പല സന്ദർഭങ്ങളിലായി രൂപീകരിച്ച് പ്രവർത്തിക്കുന്നുണ്ടെങ്കിലും അട്ടപ്പാടിയിലെ മരണനിരക്ക് നിയന്ത്രിക്കുന്നതിൽ ഇത്തരം സംവിധാനങ്ങൾ തികഞ്ഞ പരാജയമാണ്.
കുട്ടികളിലെ പോഷകാഹാരക്കുറവിനെ സംബന്ധിച്ച വാർത്തകൾ പല സന്ദർഭങ്ങളിലും പുറത്തുവന്നെങ്കിലും ആവശ്യമായ നടപടി സ്വീകരിക്കാൻ ഭരണകൂടം തയാറായില്ല എന്നുള്ളത് തികച്ചും പ്രതിഷേധാർഹമാണ്. അട്ടപ്പാടിയിൽ ആരംഭിച്ച കമ്യൂണിറ്റി കിച്ചൺ ഫണ്ട് ലഭ്യമാകാത്തതിനെ തുടർന്ന് നിലച്ചിരിക്കുകയാണ്.
അട്ടപ്പാടിയിലെ ജനസമൂഹത്തിന്‍റെ ചികിത്സയ്ക്കുവേണ്ടി നിർമിച്ച ട്രൈബൽ ആശുപത്രിയിൽ സ്കാനിങ് ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ ഇനിയും ലഭ്യമായിട്ടില്ല. ആവശ്യത്തിന് സീനിയർ ഡോക്ടർമാരോ സ്ഥിരം ജീവനക്കാരോ ഇല്ലാത്ത അവസ്ഥയാണ്.
കഴിഞ്ഞ ദിവസങ്ങളിലായി കുട്ടികളടക്കം അഞ്ചിലധികം മനുഷ്യർ മരണപ്പെട്ടിട്ടും പൊതുസമൂഹത്തിൽ ഗൗരവതരമായ ഒരു ചർച്ചയും ഉയരുന്നില്ല എന്നുള്ളത് ഞെട്ടിക്കുന്ന യാഥാർത്ഥ്യമാണ്. അട്ടപ്പാടിയിൽ അടിയന്തിരമായി സമഗ്ര ആരോഗ്യ പാക്കേജ് പ്രഖ്യാപിച്ച് സമ്പൂർണമായി നടപ്പാക്കാൻ സർക്കാർ തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.