സർക്കാർ രണ്ടര വർഷം പൂർത്തിയാക്കുന്നു; മന്ത്രിസഭ അഴിച്ചുപണിക്ക് നീക്കം
text_fieldsതിരുവനന്തപുരം: രണ്ടാം പിണറായി സർക്കാർ കാലാവധി പകുതി തികക്കാനിരിക്കെ എൽ.ഡി.എഫ് മന്ത്രിസഭ പുനഃസംഘടന ചർച്ചയിലേക്ക്. നേരത്തെയുള്ള ധാരണ പ്രകാരം ഐ.എൻ.എല്ലിന്റെ അഹ്മദ് ദേവർകോവിൽ, ജനാധിപത്യ കേരള കോൺഗ്രസിന്റെ ആന്റണി രാജു എന്നിവർ ഒഴിയണം. പകരം കേരള കോൺഗ്രസ് ബിയുടെ കെ.ബി. ഗണേഷ് കുമാർ, കോൺഗ്രസ്എസിലെ രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവർ മന്ത്രിമാരാകും.
2021 ജൂൺ 20ന് സത്യപ്രതിജ്ഞ ചെയ്ത രണ്ടാം പിണറായി സർക്കാർ രണ്ടരവർഷം പൂർത്തിയാക്കുന്ന ഒക്ടോബറിലോ ശേഷമോ പുനഃസംഘടന ഉണ്ടായേക്കും. നേരത്തേ പറഞ്ഞുറപ്പിച്ച മാറ്റങ്ങൾക്കൊപ്പം സി.പി.എമ്മിലെ മന്ത്രിമാരിലും മാറ്റമുണ്ടായേക്കാമെന്ന് റിപ്പോർട്ടുണ്ട്.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ഭരണവിരുദ്ധ വികാരവും തിരിച്ചടിയായെന്ന വിലയിരുത്തൽ പരിഗണിച്ചും ലോക്സഭ തെരഞ്ഞെടുപ്പിൽ കണ്ണുവെച്ചുമുള്ള സർക്കാറിന്റെ മുഖംമിനുക്കൽ ലക്ഷ്യമിട്ടുമുള്ള മാറ്റങ്ങൾക്കാണ് സാധ്യത.
അങ്ങനെ സംഭവിച്ചാൽ സ്പീക്കർ എ.എൻ. ഷംസീർ ആരോഗ്യമന്ത്രിയാകും. പകരം മന്ത്രി സ്ഥാനമൊഴിഞ്ഞ് വീണ ജോർജ് സ്പീക്കറാകുമെന്നുമാണ് റിപ്പോർട്ട്. നാല് പാർട്ടികൾ തമ്മിൽ രണ്ടരവർഷം മന്ത്രിസ്ഥാനം പങ്കിടുകയെന്ന ധാരണയിൽ മാറ്റമില്ലെന്നും അത് നടപ്പാക്കുമെന്നും ഇടത് മുന്നണി കൺവീനർ ഇ.പി. ജയരാജൻ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, സി.പി.എം മന്ത്രിമാർ മാറുമെന്ന റിപ്പോർട്ട് അദ്ദേഹം തള്ളി.
രണ്ടരവർഷത്തെ വെച്ചുമാറൽ ഉണ്ടാകുമെന്ന് ഏറക്കുറെ ഉറപ്പാണ്. അതിനപ്പുറം സി.പി.എമ്മിലെ ഉൾപ്പെടെ മറ്റ് മന്ത്രിമാരുടെ കാര്യത്തിൽ മാറ്റമുണ്ടാകുമോയെന്നതാണ് ചോദ്യം.
അക്കാര്യം അന്തിമമായി ഉറപ്പിക്കേണ്ടത് മുഖ്യമന്ത്രി പിണറായി വിജയനാണ്. അദ്ദേഹം മനം തുറന്നിട്ടില്ല. സെപ്റ്റംബർ 20ന് ഇടതുമുന്നണി യോഗവും 21, 22 തീയതികളിൽ സി.പി.എം നേതൃയോഗങ്ങളും ചേരുന്നുണ്ട്. അതിൽ പുനഃസംഘടനയുടെ ചർച്ച വന്നേക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.