സർക്കാർ കാര്യങ്ങൾ അത്യന്തം സങ്കീർണമാക്കുന്നു –ലീഗ്
text_fieldsമലപ്പുറം: ന്യൂനപക്ഷക്ഷേമ അനുപാതം നിശ്ചയിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കുന്നതിലൂടെ സംസ്ഥാന സർക്കാർ കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കുകയാണെന്ന് മുസ്ലിം ലീഗ്. സർവകക്ഷി യോഗത്തിൽ സമിതിയെ നിയോഗിക്കുന്നത് സംബന്ധിച്ച് വ്യക്തമാക്കിയിട്ടില്ലെന്ന് ലീഗ് നേതാക്കൾ വാർത്താസമ്മേളനത്തിൽ ആവർത്തിച്ചു. നിയമോപദേശത്തിലൂടെ തീർക്കാവുന്ന പ്രശ്നം നീട്ടിക്കൊണ്ടുപോവുകയാണ് ഇപ്പോൾ ചെയ്യുന്നതെന്നും സർക്കാരും ആശയക്കുഴപ്പത്തിലാണെന്നും അവർ അഭിപ്രായപ്പെട്ടു.
അനുപാതം റദ്ദാക്കിയ കോടതിവിധിയിലൂടെ സച്ചാർ, പാലോളി കമീഷനുകൾ പ്രകാരമുള്ള എല്ലാ പദ്ധതികളും നിലച്ചെന്ന് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയും ഓർഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീറും പറഞ്ഞു. ആയിരക്കണക്കിന് വിദ്യാർഥികളാണ് പ്രതിസന്ധിയിലായിരിക്കുന്നതെന്നും മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ പരിഹാരമുണ്ടാകുമെന്ന് പ്രതീക്ഷിച്ചെന്നും ഇ.ടി വ്യക്തമാക്കി. കോടതി വിധി പറഞ്ഞ സാഹചര്യത്തിൽ സർവകക്ഷിയോഗത്തിൽ ലീഗ് പ്രതിനിധി കാര്യങ്ങൾ കൃത്യമായി വിശദീകരിച്ചിരുന്നു. മുസ് ലിം സമുദായത്തിെൻറ പിന്നാക്കാവസ്ഥ പരിഹരിക്കാനുള്ള സംവിധാനം പുതിയ വിധിയിലൂടെ ഇല്ലാതായി. സച്ചാർ കമ്മിറ്റി റിപ്പോർട്ട് പൂർണമായും നടപ്പാക്കണമെന്നാണ് പാർട്ടി നിലപാട്.
സച്ചാർ കമ്മിറ്റി സ്കീം ഇംപ്ലിമെൻറേഷൻ സെൽ എന്നോ മറ്റോ പേരിട്ട് ഒരു വകുപ്പുണ്ടാക്കാനും ആനുകൂല്യങ്ങൾ നൂറ് ശതമാനവും മുസഎലിം സമുദായത്തിന് നൽകാനും സർവകക്ഷി യോഗത്തിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, വിഷയം നീട്ടിക്കൊണ്ടുപോയി ബുദ്ധിമുട്ടുണ്ടാക്കുന്ന നിലപാടാണ് സർക്കാർ എടുക്കുന്നത്. ന്യൂനപക്ഷ വിഭാഗങ്ങളുടെ വലിയ പ്രശ്നം അഭിമുഖീകരിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു. സർവകക്ഷി യോഗത്തിന് മുമ്പ് കാര്യങ്ങൾ വിശദമായി പഠിക്കണമായിരുന്നെന്ന് ഇ.ടി പറഞ്ഞു. സർക്കാർ തീരുമാനം യോഗത്തിൽ പ്രതിപക്ഷ നേതാവ് ആവർത്തിച്ച് ചോദിച്ചെങ്കിലും നിയമവശം പരിശോധിക്കുമെന്ന് മാത്രമായിരുന്നു മറുപടിയെന്ന് കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.
വിദഗ്ധ സമിതിയെ നിശ്ചയിക്കാനുള്ള തീരുമാനത്തെ ലീഗ് എതിർത്തില്ലെന്ന ഐ.എൻ.എൽ ആരോപണം അദ്ദേഹം നിഷേധിച്ചു. ലീഗ് നിലപാട് യോഗത്തിൽ വ്യക്തമാക്കിയെന്നും സർക്കാർ നിലപാട് ആരാഞ്ഞപ്പോൾ ഇനിയും ചർച്ച നടത്താമെന്ന് മാത്രമാണ് മറുപടി നൽകിയതെന്നും അദ്ദേഹം വിശദീകരിച്ചു. ദേശീയ, സംസ്ഥാന നേതാക്കൾ തമ്മിൽ നടത്തിയ അനൗദ്യോഗിക ചർച്ചകൾക്ക് ശേഷമാണ് ലീഗ് നിലപാട് വ്യക്തമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.