സർക്കാറിന് താൽപര്യമില്ല; മൂന്നു ലക്ഷം കുടുംബങ്ങൾ കാരുണ്യക്ക് പുറത്ത്
text_fieldsതിരുവനന്തപുരം: സാമ്പത്തികമായി പിന്നാക്കമെങ്കിലും രേഖകളുടെ കുരുക്കിൽ മൂന്നു ലക്ഷത്തോളം കുടുംബങ്ങൾ സർക്കാറിന്റെ ആരോഗ്യസുരക്ഷ പദ്ധതിയിൽനിന്ന് പുറത്ത്.
2011ലെ സെൻസസ് പ്രകാരം ദാരിദ്ര്യരേഖക്ക് താഴെയുള്ളവരെന്ന് കണ്ടെത്തി തയാറാക്കിയ ഡാറ്റ ബേസ് അടിസ്ഥാനപ്പെടുത്തിയാണ് കാരുണ്യ ആരോഗ്യസുരക്ഷ പദ്ധതിയിൽ കുടുംബങ്ങളെ ഉൾപ്പെടുത്തുന്നത്.
ഈ ഡാറ്റ ബേസിൽ ഉൾപ്പെട്ടവർക്കേ കാസ്പിൽ രജിസ്റ്റർ ചെയ്യാനുമാകൂ. 12 വർഷമായിട്ടും ഈ വിവരശേഖരം പരിഷ്കരിക്കാത്തതാണ് ഇൻഷുറൻസിന് അർഹരായ കുടുംബങ്ങളെ പ്രതിവര്‍ഷം അഞ്ചു ലക്ഷം രൂപ ചികിത്സ സൗജന്യത്തിൽനിന്ന് പുറത്തുനിർത്തുന്നത്.
നേരത്തേ പ്രവാസികളായിരുന്നതിനാൽ 2011 ലെ സെൻസസ് പ്രകാരം ദാരിദ്ര്യരേഖക്ക് മുകളിലായിപ്പോയവരും പ്രവാസം മതിയാക്കി ഉപജീവനത്തിന് നാട്ടിലെ മറ്റു ജോലി ചെയ്തുകഴിയുന്നവരുമടക്കം ഇൻഷുറൻസ് പരിധിക്ക് പുറത്താണ്. ജീവിത വൃത്തിക്കായി കൂലിപ്പണി ചെയ്യുന്നവരും ഇക്കൂട്ടത്തിലുണ്ട്.
ഡാറ്റ ബേസ് പരിഷ്കരിച്ച് അർഹരായവരെ ഉൾപ്പെടുത്തണമെന്ന ആവശ്യം ഏറെനാളായി ഉയരുന്നുണ്ടെങ്കിലും സർക്കാർ ചെവിക്കൊണ്ടിട്ടില്ല. ഇൻഷുറൻസ് പരിരക്ഷയില്ലാത്തതിനാൽ ഭാരിച്ച ചികിത്സ വഹിക്കാൻ നിർബന്ധിതരാകുകയാണ് ഈ കുടുംബങ്ങൾ. സ്വകാര്യ ഇൻഷുറൻസ് കമ്പനികളുടെ വലിയ പ്രീമിയം തുക ഇവർക്ക് താങ്ങാവുന്നതിനും അപ്പുറമാണ്. മുമ്പ് എംപാനൽ ചെയ്ത ആശുപത്രികളിൽ 30000 രൂപവരെ കുടുംബത്തിന് സൗജന്യ ചികിത്സ ലഭിക്കുന്ന ആർ.എസ്.ബി.വൈ കാർഡാണ് നൽകിയിരുന്നത്. ഇത് പിന്നീട് വർഷാവർഷം പുതുക്കുന്ന രീതിയിലാക്കി. ഇതൊഴിവാക്കിയാണ് കാരുണ്യ ബനവലന്റ് ഫണ്ട്, സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി, ചിസ് തുടങ്ങിയ വിവിധ ആരോഗ്യ പരിരക്ഷ പദ്ധതികളെ സ്റ്റേറ്റ് ഹെൽത്ത് ഏജൻസിക്ക് കീഴിൽ ഏകോപിപ്പിച്ച് 2020 ജൂലൈ ഒന്നുമുതൽ സർക്കാർ നേരിട്ട് ഇൻഷുറൻസ് നടപ്പാക്കാൻ തുടങ്ങിയത്. ഇതാകട്ടെ 2011ലെ ഡാറ്റബേസ് മാനദണ്ഡമാക്കിയും. പദ്ധതിയിൽ അംഗങ്ങളാകാൻ കഴിയാത്ത കുടുംബങ്ങളിൽ വാർഷിക വരുമാനം മൂന്നു ലക്ഷത്തിൽ താഴെയുള്ളവർക്ക് കാരുണ്യ ബെനവലന്റ് ഫണ്ടിൽനിന്ന് ചികിത്സ ലഭിക്കുമെന്നാണ് സർക്കാർ വിശദീകരണം. കാരുണ്യ പദ്ധതിയിൽ ഓരോ വർഷവും അഞ്ചുലക്ഷം രൂപ ലഭിക്കുമ്പോൾ ബെനവലന്റ് ഫണ്ടിൽ ആജീവനാന്തം രണ്ടുലക്ഷം രൂപ മാത്രമാണ് ലഭിക്കുക.
42 ലക്ഷത്തിലധികം ദരിദ്രരും ദുര്‍ബലരുമായ കുടുംബങ്ങളാണ് നിലവിൽ കാരുണ്യ പദ്ധതിയിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.