'സർക്കാർ തീരുമാനം നിന്ദ്യം, നീചം'; മതസ്പർധ വളർത്താൻ ശ്രമിച്ച കൃഷ്ണരാജിനെതിരെ കേസെടുത്തതിനെ വിമർശിച്ച് കെ. സുരേന്ദ്രൻ
text_fieldsതിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ അഭിഭാഷകൻ അഡ്വ. കൃഷ്ണരാജിനെതിരെ മതസ്പർധ വളർത്താൻ ശ്രമിച്ചതിന് കേസെടുത്തതിനെ വിമർശിച്ച് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. കള്ളക്കേസെടുത്ത സർക്കാർ തീരുമാനം നിന്ദ്യവും നീചവുമായ പ്രതികാരനടപടിയാണെന്ന് സുരേന്ദ്രൻ ആരോപിച്ചു. കെ.എസ്.ആർ.ടി.സി ഡ്രൈവറെ വേഷത്തിന്റെ പേരിൽ മതപരമായി അധിക്ഷേപിച്ചുവെന്ന പരാതിയിലാണ് കൃഷ്ണരാജിനെതിരെ എറണാകുളം സെൻട്രൽ പൊലീസ് ഇന്ന് കേസ് എടുത്തത്. ഇത് പ്രതികാരനടപടിയാണെന്ന് സുരേന്ദ്രൻ പറഞ്ഞു.
'ഷാജ് കിരൺ എന്ന ഇടനിലക്കാരൻ കൃഷ്ണരാജിനെ പൂട്ടുമെന്ന് പറയുന്ന ഓഡിയോ ക്ളിപ്പ് പുറത്തുവന്ന് ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ അതു സംഭവിച്ചതോടുകൂടി കാര്യങ്ങൾ എല്ലാവർക്കും ബോധ്യമായി. സ്വപ്ന സുരേഷിന് നിയമപരമായി കോടതികളെ സമീപിക്കാനുള്ള അവകാശം ഇതുവഴി ഇല്ലാതാക്കാമെന്നായിരിക്കും സർക്കാർ കരുതുന്നത്. അത് ഒരു പരിഷ്കൃതസമൂഹത്തിനും അംഗീകരിക്കാനാവുന്ന കാര്യമല്ല. കൊടും ഭീകരർക്കുപോലും കോടതികളിൽ വക്കീലിനെ വെച്ച് വാദിക്കാനുള്ള അവകാശമുള്ള നാടാണിത്. ഏതായാലും സത്യം പുറത്തുകൊണ്ടുവരാൻ ശ്രമിക്കുന്ന ഏതൊരാൾക്കും കേരളത്തിൽ അഭിഭാഷകരെ കിട്ടാതെ ബുദ്ധിമുട്ടേണ്ടി വരുമെന്ന് തോന്നുന്നില്ല' -സുരേന്ദ്രൻ ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു.
ഏതാനും ദിവസംമുമ്പാണ് താടിവെച്ച കെ.എസ്.ആർ.ടി.സി ഡ്രൈവറുടെ ഫോട്ടോ ഫേസ്ബുക്കിൽ ഷെയർചെയ്ത് മതപരമായി അധിക്ഷേപിക്കുന്ന തരത്തിൽ അഡ്വ. കൃഷ്ണരാജ് കുറിപ്പ് എഴുതിയത്. ഇതിനെതിരെ തൃശൂർ സ്വദേശിയും അഭിഭാഷകനുമായ വി.ആർ. അനൂപ് പരാതി നൽകുകയായിരുന്നു. ഐ.പി.സി 295 എ പ്രകാരമാണ് കേസ് എടുത്തത്. 'KSRTC ബസിൽ കേരള സർക്കാർ കൊണ്ടോട്ടിയിൽ നിന്ന് കാബൂളിലേക്ക് സർവിസ് നടത്തുന്നു' എന്ന വിദ്വേഷ പ്രസ്താവനക്ക് എതിരെയാണ് കേസ്. അനന്തപുരി ഹിന്ദു സമ്മേളനത്തിൽ പ്രവാചക നിന്ദ പ്രസ്താവന നടത്തിയതിന് കൃഷ്ണരാജിനെതിരെ തിരുവനന്തപുരത്തും അനൂപ് പരാതി നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.