സർക്കാർ തീരുമാനം മുസ്ലിം വിദ്വേഷം പ്രതിഫലിപ്പിക്കുന്നു –നേതാക്കൾ
text_fieldsകോഴിക്കോട്: വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിട്ട സംസ്ഥാന സർക്കാർ നടപടി മുസ്ലിം ന്യൂനപക്ഷങ്ങൾക്കെതിരെ ഇടതു സർക്കാറിെൻറ വിദ്വേഷം പ്രതിഫലിക്കുന്നതാണെന്ന് മുസ്ലിം സംഘടന നേതാക്കൾ സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി. മുസ്ലിം ന്യൂനപക്ഷത്തിെൻറ തനിമയും വ്യക്തിത്വവും നഷ്ടപ്പെടുത്താനുള്ള ആസൂത്രിത നീക്കങ്ങൾ ഇടതുമുന്നണിയിൽനിന്ന് ഇടക്കിടെ ഉണ്ടാകുന്നത് അതി ഗുരുതരമാണെന്നും നേതാക്കൾ കൂട്ടിച്ചേർത്തു.
സി.എ.എ, എൻ.ആർ.സി കേസുകൾ പിൻവലിക്കാമെന്ന് മുഖ്യമന്ത്രിയുടെ വാഗ്ദാനം അധികാരത്തിലേറി മാസങ്ങൾ കഴിഞ്ഞിട്ടും നിറവേറ്റിയിട്ടില്ല. സച്ചാർ കമ്മിറ്റി മുസ്ലിം പിന്നാക്കാവസ്ഥയുടെ പരിഹാരമായി നിർദേശിക്കപ്പെട്ട സ്കോളർഷിപ് അട്ടിമറിക്കപ്പെടുകയും തത്ഫലമായി കോടതി ഇടപെടലുകളിലൂടെ മുസ്ലിംകളുടെ ആനുകൂല്യങ്ങൾ നഷ്ടമാവുകയും ചെയ്തു. ഈ വിധിക്കെതിരെ യഥാസമയം അപ്പീൽ പോകാൻ മടികാണിച്ച സർക്കാർ ഒരു ഉത്തരവിലൂടെ കോടതിവിധി നടപ്പിലാക്കി മുസ്ലിം സമൂഹത്തെ വഞ്ചിച്ചു. കാലങ്ങളായി മുസ്ലിം സമൂഹം കൈകാര്യം ചെയ്തിരുന്ന ന്യൂനപക്ഷ വകുപ്പും ന്യൂനപക്ഷ ധനകാര്യ കോർപറേഷനും എടുത്തുമാറ്റി. ഏറെ പ്രഖ്യാപനങ്ങൾ വന്നിട്ടും മലബാറിലെ വിദ്യാഭ്യാസ സൗകര്യങ്ങളുടെ അപര്യാപ്തത ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ല. സംവരണ സംവിധാനത്തിലെ അട്ടിമറി മുസ്ലിം പിന്നാക്ക സമുദായത്തിലെ വിദ്യാർഥികൾക്ക് കടുത്ത ആഘാതം വരുത്തിയിട്ടുണ്ട്.
ഉന്നത വിദ്യാഭ്യാസ മേഖലയിൽ കേന്ദ്ര സർക്കാർ നൽകുന്ന സെൻട്രൽ സെക്ടർ സ്കോളർഷിപ്പിൽനിന്ന് മുസ്ലിംകളെ പൂർണമായും ഒഴിവാക്കാൻ കാരണം കേരള സർക്കാറിെൻറ നിലപാടുകളാണ്. കേരളത്തിലെ 33 എ.ഐ.പി സ്കൂളുകൾക്ക് നൽകിയിരുന്ന ആനുകൂല്യങ്ങൾ ഒരുത്തരവിലൂടെ ഇടതുസർക്കാർ നീതീകരണമില്ലാതെ ഇപ്പോൾ പിൻവലിച്ചിരിക്കുന്നു. സർക്കാറിെൻറ വിവേചനപരവും അധാർമികവുമായ ഇത്തരം നിലപാടുകൾക്കെതിരെ മുസ്ലിം സമുദായത്തിെൻറ ശക്തമായ പ്രതിഷേധം അറിയിക്കുന്നതിനാണ് മതസംഘടനകളുടെ കൂട്ടായ്മയായ മുസ്ലിം നേതൃസമിതി തീരുമാനമെടുത്തത്. വഖഫ് സ്വത്തുക്കളുടെ മഹത്ത്വവും പരിപാവനതയും വിശദീകരിക്കാനാണ് വെള്ളിയാഴ്ച ഉച്ചക്ക് എല്ലാ മഹല്ലുകളും കേന്ദ്രീകരിച്ച് ബോധവത്കരണം നടക്കുക. ഡിസംബർ ഏഴിന് പഞ്ചായത്ത് കേന്ദ്രങ്ങളിൽ മുസ്ലിം നേതൃസമിതിയുടെ ആഭിമുഖ്യത്തിൽ ബഹുജന പ്രതിഷേധ റാലികൾ സംഘടിപ്പിക്കും. തുടർന്ന് കോഴിക്കോട്ടും തിരുവനന്തപുരത്തും ബഹുജന സമ്മേളനങ്ങൾ നടക്കും. എല്ലാ പരിപാടികളും വലിയ ജനപങ്കാളിത്തത്തോടെ വിജയിപ്പിക്കണമെന്ന് നേതാക്കൾ അഭ്യർഥിച്ചു.
സാദിഖലി ശിഹാബ് തങ്ങൾ, ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്്വി (സമസ്ത), എം.ഐ. അബ്ദുൽ അസീസ് (ജമാഅത്തെ ഇസ്ലാമി), ടി.പി. അബ്ദുല്ലക്കോയ മദനി (കെ.എൻ.എം), ഡോ. ഇ.കെ. അഹമ്മദ്കുട്ടി (കെ.എൻ.എം മർക്കസുദ്ദഅ്വ), ടി.കെ. അഷ്റഫ് (വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ), ടി.കെ. അബ്ദുൽ കരീം (എം.എസ്.എസ്), തൊടിയൂർ മുഹമ്മദ് മൗലവി (ദക്ഷിണകേരള ജംഇയ്യതുൽ ഉലമ), കടക്കൽ അബ്ദുൽ അസീസ് മൗലവി (ദക്ഷിണ കേരള ജമാഅത്ത്്് ഫെഡറേഷൻ), എൻ.കെ. അലി (മെക്ക), അഡ്വ. എം. താജുദ്ധീൻ (കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ), അഡ്വ. കെ.പി. മെഹബൂബ് ശരീഫ് (റാവുത്തർ ഫെഡറേഷൻ), എൻജിനീയർ മാമുക്കോയ ഹാജി (വഖഫ് സംരക്ഷണ സമിതി) എന്നിവരാണ് പ്രസ്താവനയിൽ ഒപ്പുവെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.