27,902 കോടി രൂപയുടെ കുടിശ്ശിക പിരിക്കുന്നില്ല, പക്ഷേ, സർക്കാർ സേവനങ്ങൾക്ക് ഫീസ് കൂട്ടുന്നു
text_fieldsതിരുവനന്തപുരം: കുടിശ്ശിക പരിച്ചെടുക്കാതെ സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ വിവിധ സേവനങ്ങളുടെ ഫീസും റോയൽറ്റിയും പിഴയും വർധിപ്പിക്കാൻ സർക്കാർ തീരുമാനം. ഇതു സംബന്ധിച്ച് വകുപ്പു സെക്രട്ടറിമാർക്കു പൊതുഭരണവകുപ്പിന്‍റെ അനുമതി.
ലോക്സഭ തെരഞ്ഞെടുപ്പ് പരാജയത്തെ തുടർന്ന് നിർത്തിവെച്ച നടപടികളാണ് സാമ്പത്തിക പ്രതിസന്ധിയുടെ പേര് പറഞ്ഞ് വീണ്ടും പുനരുജ്ജീവിപ്പിക്കുന്നത്. ആഭ്യന്തര വകുപ്പ് ഫീസ് വർധന ആദ്യം നടപ്പാക്കിയത്. മൈക്ക് ലൈസൻസ് ഫീസ്, സിവിൽ കേസുകളുടെ സർട്ടിഫിക്കറ്റ് പരിശോധന, ക്രിമിനൽ പശ്ചാത്തലമില്ലെന്ന സർട്ടിഫിക്കറ്റ് എന്നിങ്ങനെ 38 ഇനങ്ങളുടെ നിരക്ക് 50 ശതമാനം വരെയാണ്. അച്ചടി വകുപ്പ് സേവനങ്ങൾക്ക് 35 ശതമാനം വരെ വർധന വരുത്തി. മറ്റു വകുപ്പുകളും നിരക്കുവർധന വരുത്തും.
ജൂലൈ 11 ന് ചേർന്ന മന്ത്രിസഭ യോഗത്തിലാണ് ആറു മാസത്തിനകം വർധിപ്പിക്കാത്ത എല്ലാ നിരക്കും അതത് വകുപ്പ് സെക്രട്ടറിമാർക്ക് വർധിപ്പിക്കാമെന്ന് തീരുമാനമെടുത്തത്. ജൂലൈ 17ന് ധനവകുപ്പ് ഇതു സംബന്ധിച്ച് ഉത്തരവുമിറക്കി. ജൂലൈ 26ന് മുൻ നിരക്കുകൾ ഉയർത്തണമെന്നായിരുന്നു നിർദേശം. വർധന വരുമ്പോൾ പരാതികളുയരുമെന്നും ഇതു പരിഹരിക്കുന്നതിനായി ഉദ്യോഗസ്ഥ തലത്തിൽ സമിതി രൂപവത്കരിക്കാനും സർക്കാർ നിർദേശിച്ചിരുന്നു.
ലോക്സഭ തെരഞ്ഞെടുപ്പിലെ പരാജയം ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങൾ മൂലമാണെന്ന വിലയിരുത്തൽ ഈ ഘട്ടത്തിലാണ് എൽ.ഡി.എഫിലുണ്ടായത്. ഇതോടെയാണ് നിരക്ക് വർധന നീക്കം മരവിപ്പിക്കാൻ മുന്നണിയും സർക്കാറും നിർദേശിച്ചത്. വർധിപ്പിക്കേണ്ട ഇനങ്ങളുടെ ശിപാർശകൾ വകുപ്പ് നൽകിയെങ്കിലും ഇതെല്ലാം പൊതുഭരണ വകുപ്പിന്‍റെ പരിഗണനയിലായിരുന്നു. എന്നാൽ, ഇപ്പോൾ മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്നാണ് ഫയൽ ചലിച്ചതും വകുപ്പുകൾ നിരക്കുയർത്തി തുടങ്ങിയതും.
2023 മാർച്ചുവരെയുള്ള കണക്കനുസരിച്ച് സംസ്ഥാന സർക്കാറിന് വിവിധയിനങ്ങളിൽ കിട്ടേണ്ട കുടിശ്ശിക 27,902.45 കോടി രൂപയെന്ന് സി.എ.ജി കണ്ടെത്തിയിരുന്നു. ഇതിൽ 1,204.79 കോടിയും അഞ്ചു വർഷത്തിലധികമായി കുടിശ്ശികയിലുള്ള തുകയാണ്. സർക്കാർ വകുപ്പുകൾ പിരിച്ചെടുക്കാത്ത വരുമാനത്തിന്‍റെ കണക്കുകൾ നിരത്തിയാണ് ഇക്കാര്യം സി.എ.ജി ചൂണ്ടിക്കാട്ടുന്നത്. ഈ തുക പിരിച്ചെടുക്കുന്നതിന് പകരമാണ് സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ ജനത്തെ പിഴിയുന്നത്.
പുതിയ റിപ്പോർട്ട് അനുസരിച്ച്, വൈദ്യുതിയുടെ നികുതി, തീരുവ ഇനത്തിലെ കുടിശ്ശിക 3800.92 കോടി രൂപയാണ്. ധനവകുപ്പിനുള്ള പലിശ വരുമാനത്തിൽ 6855.62 കോടിയാണ് കുടിശ്ശിക. മോട്ടോർ വാഹന വകുപ്പിന്‍റെ കുടിശ്ശിക 1109.91 കോടി. പൊലീസ് (454.35 കോടി), എക്സൈസ് (285.26 കോടി), സംസ്ഥാന ഓഡിറ്റ് വകുപ്പ് (105.49 കോടി), രജിസ്ട്രേഷൻ (719.9) എന്നിങ്ങനെ കണക്കുകൾ .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.