വി.സി നിയമനത്തിൽ സർക്കാർ ഇടപെടേണ്ട -ഗവർണർ
text_fieldsതിരുവനന്തപുരം: സർവകലാശാലകളിലെ വൈസ്ചാൻസലർ നിയമനങ്ങളിൽ സർക്കാർ ഇടപെടേണ്ടെന്ന് സുപ്രീംകോടതി വ്യക്തമായി പറഞ്ഞതാണെന്നും വി.സി നിയമനത്തിനുള്ള സെർച് കമ്മിറ്റിയിലേക്ക് പ്രതിനിധികളെ തേടി കത്തയച്ചത് നിയമപരമായ ചുമതലയുടെ ഭാഗമാണെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.
തിരുവനന്തപുരം വിമാനത്താവളത്തിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സുപ്രീംകോടതി വിധിയിലൂടെ കാര്യങ്ങൾ വ്യക്തമായ സാഹചര്യത്തിൽ വി.സി നിയമന നടപടികളിൽ തടസ്സമുണ്ടാകുമെന്ന് കരുതുന്നില്ല സർവകലാശാലകളിലെ താൽക്കാലിക സംവിധാനം അവസാനിപ്പിച്ച് സ്ഥിരം വി.സിമാർ വരേണ്ടതില്ലേ എന്നും ഗവർണർ ചോദിച്ചു. സർവകലാശാല സെനറ്റിലേക്ക് തനിക്ക് വിവിധ രീതിയിൽ ലഭിച്ച പേരുകളിൽനിന്ന് മെറിറ്റ് പരിശോധിച്ചാണ് നാമനിർദേശം നടത്തിയത്. അവരുടെ രാഷ്ട്രീയ ബന്ധം പരിഗണിച്ചിട്ടില്ലെന്നും ബി.ജെ.പി, എ.ബി.വി.പി നേതാക്കളെ ഉൾപ്പെടുത്തിയത് സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കവെ ഗവർണർ പറഞ്ഞു. സെനറ്റിലേക്കുള്ള നാമനിർദേശം നിയമപരമായി തന്റെ കടമയാണെന്നും അതിൽ ആരുടെയെങ്കിലും ശിപാർശ സ്വീകരിക്കണമെന്ന് നിർബന്ധമില്ലെന്നും ഗവർണർ പറഞ്ഞു.
കേരള സർവകലാശാല സെനറ്റിലേക്ക് നാമനിർദേശം ചെയ്ത എ.ബി.വി.പി നേതാവിനെ സുധി സദനെ എസ്.എഫ്.ഐ പ്രവർത്തകരെ മർദിച്ച കേസിൽ റിമാൻഡ് ചെയ്തത് ചൂണ്ടിക്കാട്ടിയപ്പോൾ തനിക്കെതിരെ പ്രതിഷേധത്തിന് നേതൃത്വം നൽകിയ എസ്.എഫ്.ഐ നേതാവിനെതിരെ 48 ക്രിമിനൽ കേസുള്ളത് അറിയില്ലേയെന്നായിരുന്നു ക്ഷുഭിതനായി ഗവർണറുടെ മറുചോദ്യം. സെനറ്റ് നാമനിർദേശത്തിന് തനിക്ക് പലയിടങ്ങളിൽനിന്ന് പട്ടിക ലഭിച്ചിട്ടുണ്ടെന്നും അതൊന്നും പറയേണ്ടകാര്യമില്ലെന്നും ഗവർണർ പറഞ്ഞു.
പ്രതിഷേധം തുടർന്നാൽ ഇനിയും പ്രതികരിക്കും -ഗവർണർ
തിരുവനന്തപുരം: കരിങ്കൊടി പ്രതിഷേധവുമായി എത്തിയാൽ താൻ ഇനിയും കാറിന് പുറത്തിറങ്ങുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തനിക്കെതിരെ പ്രതിഷേധിക്കുന്നവർക്ക് അതു തുടരാം. രാജ്ഭവനിൽനിന്ന് വിമാനത്താവളത്തിലെത്തുന്നതിനിടെ മൂന്നിടത്താണ് തന്റെ കാറിന് നേരെ ആക്രമണം നടന്നത്.
കാറിന്റെ അടുത്ത് എത്തിയപ്പോഴാണ് താൻ പ്രതികരിച്ചത്. ഇതിൽ മൂന്നാമത്തെ ഇടത്തുള്ളവരെ മാത്രമാണ് അറസ്റ്റ് ചെയ്തത്. അയോധ്യയിൽ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കണമോ എന്നതിൽ ക്ഷണം ലഭിച്ചവർ തീരുമാനിക്കട്ടെ എന്നും ഗവർണർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.