സമരം ചെയ്യുന്ന ഡോക്ടർമാരുമായി ചർച്ചയില്ലെന്ന് ആരോഗ്യമന്ത്രി
text_fieldsതിരുവനന്തപുരം: സർക്കാർ ഡോക്ടർമാരുടെ സമരം നാലാം ദിവസം പിന്നിടുമ്പോൾ ശക്തമായി നേരിടാനുറച്ച് സർക്കാർ. ഒ.പി ബഹിഷ്കരിച്ച് സമരം നടത്തുന്ന ഡോക്ടർമാരുമായി ഒരു തരത്തിലുള്ള ചർച്ചക്കും തയാറല്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചു. നോട്ടീസ് തരാതെ സമരം നടത്തുന്നവരോട് ചർച്ച നടത്തേണ്ടതില്ലെന്ന് ഇന്ന് ചേർന്ന മന്ത്രിസഭായോഗവും തീരുമാനമെടുത്തു.ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എയുടെ സംസ്ഥാന സെക്രട്ടറി, പ്രസിഡന്‍റ് എന്നിവരായ ഡോ. റൗഫ്, ഡോ. ജിതേഷ് എന്നിവരെ സഥലം മാറ്റാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചതായും വിവരമുണ്ട്.
സർക്കാരിന്‍റെ ആർദ്രം മിഷൻ പദ്ധതിയെ എതിർക്കാനുള്ള ശ്രമത്തെ വെച്ചുപൊറുപ്പിക്കാനാവില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു. അന്യായ പണിമുടക്ക് പിൻവലിച്ച് ഡോക്ടർമാർ ജോലിക്ക് ഹാജരാകണമെന്നും മന്ത്രി നിർദേശിച്ചു. ഡോക്ടർമാർ രോഗികളെ വെല്ലുവിളിക്കുന്നത് ശരിയില്ല. പ്രൊബേഷനിലുള്ള ഡോക്ടർമാർ ഉച്ചക്ക് മുൻപ് ഡ്യൂട്ടിക്ക് ഹാജരാകണം. ഉച്ചക്കുശേഷം ജോലിക്ക്് ഹാജരാകാത്ത ഡോക്ടർമാരുടെ കണക്കെടുത്ത ശേഷം മറ്റ് നടപടികളിലേക്ക് കടക്കുമെന്നും മന്ത്രി ഓർമപ്പെടുത്തി. നിയമപരമായ നടപടികളുമായി മുന്നോട്ടുപോകാനാണ് സർക്കാരിന്‍റെ തീരുമാനം.
എന്നാൽ സ്ഥലം മാറ്റത്തെ ഭയക്കുന്നില്ലെന്നും സമരം ശക്തമായി തുടരുമെന്നും കെ.എം. റൗഫ് അറിയിച്ചു. ആർദ്രം പദ്ധതിക്കോ വൈകുന്നേരം ഒ.പി തുടങ്ങുന്നതിനോ തങ്ങൾ എതിരല്ല. ആവശ്യത്തിന് ഡോക്ടർമാരെയും മറ്റു ജീവനക്കാരെയും നിയമിക്കണം എന്നതാണ് ആവശ്യമെന്നും ഡോക്ടർമാരുടെ സംഘടന വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.