മെഡിക്കൽ പി.ജി പ്രവേശനത്തിലെ സംവരണ അട്ടിമറി തിരുത്താതെ സർക്കാർ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ പി.ജി കോഴ്സ് പ്രവേശനത്തിലെ സംവരണ അട്ടിമറി തിരുത്താതെ സർക്കാർ. മെഡിക്കൽ ബിരുദ (എം.ബി.ബി.എസ്) പ്രവേശനത്തിൽ മുന്നാക്ക സംവരണത്തിന് വഴിവിട്ട് നൽകിയ സീറ്റുകൾ വിവാദമായതോടെ പിൻവലിച്ചെങ്കിലും പി.ജി കോഴ്സുകളിലെ സംവരണ അട്ടിമറി തിരുത്തിയിട്ടില്ല. പി.ജി കോഴ്സുകളിൽ മുന്നാക്ക സംവരണത്തിന് മാത്രം പത്ത് ശതമാനം സീറ്റുകൾ നൽകിയപ്പോൾ പിന്നാക്ക സംവരണ വിഭാഗങ്ങൾക്ക് (എസ്.ഇ.ബി.സി) ആകെയുള്ളത് ഒമ്പത് ശതമാനമാണ്. ഇൗഴവ, മുസ്ലിം, ലത്തീൻ കത്തോലിക്ക, പിന്നാക്ക ഹിന്ദു, പിന്നാക്ക ക്രിസ്ത്യൻ, കുഡുംബി എന്നീ സമുദായങ്ങൾക്ക് ഒന്നിച്ച് ഒമ്പത് ശതമാനം മാത്രം സംവരണം നൽകുേമ്പാൾ പുതുതായി ഏർപ്പെടുത്തിയ മുന്നാക്ക സംവരണത്തിന് അനുവദിക്കുന്നത് പത്ത് ശതമാനം സീറ്റാണ്.
ഇത് വിവാദമായതോടെ വിഷയം പരിശോധിച്ച് റിപ്പോർട്ട് നൽകാൻ പിന്നാക്ക വിഭാഗ കമീഷനെ കഴിഞ്ഞ നവംബറിൽ സർക്കാർ ചുമതലപ്പെടുത്തിയിരുന്നു. എന്നാൽ, കമീഷൻ റിപ്പോർട്ട് വൈകിയതോടെ തുടർനടപടികളുമുണ്ടായില്ല. ഇതോടെ അടുത്ത മെഡിക്കൽ പി.ജി പ്രവേശനത്തിലും പിന്നാക്ക വിഭാഗങ്ങൾക്ക് അർഹതപ്പെട്ട സംവരണ സീറ്റുകൾ ലഭിക്കാത്ത സാഹചര്യമായി.
മെഡിക്കൽ പി.ജി പ്രവേശനത്തിനുള്ള നീറ്റ് പി.ജി പരീക്ഷ ഏപ്രിൽ 18ന് നടക്കും. പ്രവേശന നടപടികൾ ജൂണിൽ ആരംഭിക്കും. ഇതിന് മുമ്പ് പ്രോസ്പെക്ടസ് പ്രസിദ്ധീകരിക്കണം.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വരുംമുമ്പ് റിപ്പോർട്ട് സമർപ്പിക്കുകയും തുടർനടപടി സ്വീകരിക്കുകയും ചെയ്തിരുന്നെങ്കിൽ അടുത്ത മെഡിക്കൽ പി.ജി പ്രവേശനത്തിൽ പിന്നാക്ക വിഭാഗങ്ങൾക്ക് അർഹതപ്പെട്ട സീറ്റ് നഷ്ടപ്പെടില്ലായിരുന്നു. ഇനി റിപ്പോർട്ട് സമർപ്പിച്ചാലും പുതിയ സർക്കാർ അധികാരത്തിൽ വന്നശേഷം പരിഗണിച്ചശേഷമേ നടപ്പാക്കാനാകൂ. അപ്പോഴേക്കും മെഡിക്കൽ പി.ജി പ്രവേശന നടപടികൾ പൂർത്തിയാക്കേണ്ട സമയം പിന്നിടും. റിപ്പോർട്ട് സമർപ്പിക്കുന്നത് കമീഷെൻറ പരിഗണനയിലാണെന്ന് ചെയർമാൻ ജസ്റ്റിസ് ജി. ശശിധരൻ 'മാധ്യമ'ത്തോട് പറഞ്ഞു.
മെഡിക്കൽ, എൻജിനീയറിങ് ഉൾപ്പെടെയുള്ള ബിരുദ കോഴ്സുകളിൽ എസ്.ഇ.ബി.സി സംവരണം 30 ശതമാനമാണ്. ബിരുദ കോഴ്സുകളിലും പി.ജി കോഴ്സുകളിലും മുന്നാക്ക സംവരണം പത്ത് ശതമാനം ഏർപ്പെടുത്തിയപ്പോഴാണ് ജനസംഖ്യയുടെ 65 വരുന്ന പിന്നാക്ക സമുദായങ്ങൾക്ക് പി.ജി കോഴ്സുകളിൽ സംവരണം ഒമ്പത് ശതമാനത്തിൽ ഒതുക്കിയത്. പ്രശ്നത്തിൽ നാലുമാസത്തിനകം തീർപ്പ് കൽപ്പിക്കണമെന്ന് കഴിഞ്ഞ ഡിസംബർ ഏഴിന് ഹൈകോടതി നിർദേശം നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.