ശമ്പള പരിഷ്കരണ കമീഷൻ ശുപാർശ സമർപ്പിച്ചു; കുറഞ്ഞ ശമ്പളം 23,000 രൂപ
text_fieldsതിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും പത്ത് ശതമാനം ശമ്പളവർധനക്കും വിരമിക്കൽ ഒരുവർഷത്തേക്ക് നീട്ടാനും 11ാം ശമ്പള കമീഷൻ ശിപാർശ ചെയ്തു. പെൻഷനും പത്ത് ശതമാനം വർധിക്കും. ഗ്രാറ്റ്വിറ്റി 14ൽനിന്ന് 17 ലക്ഷമാക്കി. സാമ്പത്തിക പ്രതിസന്ധിയുടെ സാഹചര്യത്തിൽ പരിമിത വർധന മാത്രേമ നിർദേശിച്ചുള്ളൂ.
കമീഷെൻറ ആദ്യ റിപ്പോർട്ട് ചെയർമാൻ കെ. മോഹൻദാസ് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. റിപ്പോർട്ട് പഠിക്കാൻ മന്ത്രിസഭ ഉപസമിതിയെ നിയോഗിക്കും. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് ഏപ്രിൽമുതൽ പ്രാബല്യം വരുത്തി പരിഷ്കരണ ഉത്തരവിറക്കും. 4810 കോടിയാണ് പരിഷ്കരണം വഴി അധിക ബാധ്യത.
ശിപാർശകൾ
•ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം 16,500 ൽനിന്ന് 23,000 രൂപയാക്കും. ഉയർന്ന ശമ്പളം 1,20,000 ൽനിന്ന് 1,66,800.
•ഫിറ്റ്മെൻറ് ആനുകൂല്യം കഴിഞ്ഞ പ്രാവശ്യത്തെ 12ൽനിന്ന് പത്ത് ശതമാനമായി കുറച്ചു.
•സർവിസ് വെയിറ്റേജ് നിർത്തി.
•പരിഷ്കരണത്തിന് 2019 ജൂലൈ ഒന്നുമുതൽ പ്രാബല്യം.
•നിലവിലെ അടിസ്ഥാന ശമ്പളത്തോടൊപ്പം 28 ശതമാനം ഡി.എയും പത്ത് ശതമാനം ഫിറ്റ്മെൻറും കൂടി ചേർന്നതാകും പുതിയ അടിസ്ഥാന ശമ്പളം. 1.38 എന്ന മൾട്ടിപ്ലിക്കേഷൻ ഫാക്ടറാണ് ശമ്പള വർധനക്ക് ഉപയോഗിച്ചത്. നിലവിൽ ലഭിക്കുന്ന 20 ശതമാനം ഡി.എയും 2019ലെ എട്ട് ശതമാനം കുടിശ്ശിക ഡി.എയും ചേർത്താണ് 28 ശതമാനം.
•വീട്ടുവാടക അലവൻസ് (എച്ച്്.ആർ.എ) അടിസ്ഥാന ശമ്പളത്തിെൻറ ശതമാനം നിരക്കിൽ. കുറഞ്ഞത് 1200. കൂടിയത് 10000. നഗരങ്ങളിൽ (കോർപറേഷൻ) പത്തും ജില്ലാ കേന്ദ്രങ്ങളിൽ എട്ടും മുനിസിപ്പാലിറ്റികളിൽ ആറും പഞ്ചായത്തിൽ നാലും.
•എച്ച്.ആർ.എ വർധിപ്പിച്ചതിനാൽ സിറ്റി കോമ്പൻസേറ്ററി അലവൻസ് നിർത്തി
•കുറഞ്ഞ ഇൻക്രിമെൻറ് 700. കൂടിയത് 3400.
•ഡോക്ടർമാർ അടക്കം പ്രഫഷണൽ വിഭാഗങ്ങൾക്ക് കരിയർ അഡ്വാൻസ്മെൻറ് സ്കീമിൽ ഉയർന്ന സ്കെയിലുകൾ. കൂടുതൽ വിഭാഗങ്ങളെ ഇതിൽ ഉൾപ്പെടുത്തി.
•പൊലീസിന് മാത്രമുണ്ടായിരുന്ന സമയബന്ധിത ഹയർഗ്രേഡ് എല്ലാ യൂനിഫോം സേനകൾക്കും. നിലവിൽ മൂന്ന് ഗ്രേഡുള്ളവർക്ക് നാലും രണ്ടുള്ളവർക്ക് മൂന്നും.
•തഹസിൽദാർ തസ്തിക പ്രിൻസിപ്പൽ തഹസിൽദാർ ആയി ഉയർത്തി, ഉയർന്ന സ്കെയിൽ
•വില്ലേജ് ഒാഫിസർ, തഹസിൽദാർ എന്നിവർക്ക് അധിക അലവൻസ്. മാസം 1500 രൂപ വീതം.
•സേന വിഭാഗങ്ങളുടെ അലവൻസുകൾ ലയിപ്പിച്ച് വർധിപ്പിക്കും. അധിക ഗ്രേഡുകളും.
•എൻജിനീയറിങ് വകുപ്പിലെ ഒാവർസിയർ ഗ്രേഡ് ഒന്ന്, ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് ഒന്ന് തസ്തികകൾ സബ് എൻജിനീയർ എന്നാക്കും
•സ്പെഷാലിറ്റി ഡോക്ടർമാർക്കും സൂപ്പർ സ്പെഷാലിറ്റി ഡോക്ടർമാർക്കും അധിക സ്പെഷൽ പേ. സ്പെഷലിസ്റ്റ് ആയുർവേദ ഡോക്ടർമാർക്കും സ്പെഷൽ പേ
•ആയുർവേദ, ഹോമിയോ, വെറ്ററിനറി ഡോക്ടർമാർക്ക് സി.എ.എസ് പ്രകാരം ഉയർന്ന് സ്കെയിൽ.
•ആരോഗ്യവകുപ്പ് പാരാമെഡിക്കൽ ജീവനക്കാരുടെ സ്കെയിലുകൾ വർധിപ്പിച്ചു. ഗ്രേഡുകൾ ഏകീകരിച്ചു
•കോടതി ജീവനക്കാർക്ക് അധിക അലവൻസ്
•നഴ്സിങ് വിഭാഗത്തിന് ഉയർന്ന യൂനിഫോം അലവൻസ്, അധിക ഗ്രേഡുകൾ
•മറ്റ് അലവൻസുകളിൽ പൊതുവായി പത്ത് ശതമാനം വർധന
•ഒാപ്ഷൻ സൗകര്യമില്ല. എല്ലാ ജീവനക്കാരും 1-7-2019 മുതൽ പുതുക്കിയ ശമ്പള സ്കെയിലിലേക്ക് മാറണം.
•27 ശമ്പള സ്കെയിലുകൾ തുടരും. 83 സ്റ്റേജുകൾ മാസ്റ്റർ സ്കെയിലിൽ
•സ്പാർക്ക് വഴി ഒറ്റദിവസം കൊണ്ട് മുഴുവൻ ജീവനക്കാരുടെയും ശമ്പളം പുതുക്കിയ നിരക്കിലേക്ക്. നടപടി ലഘൂകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.